*പ്രഭാത വാർത്തകൾ*
2024 | നവംബർ 21 | വ്യാഴം | വൃശ്ചികം 6 |
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിംഗ്. 2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. മൂന്ന് ശതമാനത്തില്‍ ഏറെയാണ് പോളിംഗിലെ കുറവ്. പോളിംഗ് കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കി. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിലുണ്ടായ പോളിംഗ് വര്‍ദ്ധനവും പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതും മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുകയാണ്. മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും പോളിംഗിലെ കുറവ് ആരെയാണ് ബാധിക്കുക എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.
◾ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ 2025 ഫെബ്രുവരി 15-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രില്‍ നാലിനും അവസാനിക്കും.
◾ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ വഖഫിനെക്കുറിച്ചു ദുഷ്പ്രചാരണം നടത്തുന്നതില്‍ അത്ഭുതമില്ലെന്നും വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ടെന്നും സംഘടന പറഞ്ഞു. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നുമെന്നും മുനമ്പത്തെ വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
◾ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന് വിജയം പ്രവചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍. ഡി. എ യ്ക്ക്. മൂന്നാം സ്ഥാനത്ത് യു. ഡി. എഫ് എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്. പാലക്കാട് നഗരസഭയില്‍ ഇത്തവണ അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയര്‍ന്നത് ബിജെപി ക്യാമ്പില്‍ വലിയ വിജയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.
◾ ബൂത്തില്‍ കയറി വോട്ടര്‍മാരോട് സംസാരിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ . പാലക്കാട് വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പിന്നാലെ ഉണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ബൂത്തിലിരിക്കാന്‍ പോലും ആളുണ്ടായിരുന്നില്ലെന്നും ഇത് വോട്ട് കച്ചവടം നടന്നതിന്റെ തെളിവാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് കുബുദ്ധി ഉപയോഗിച്ചുവെന്നും മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി കുപ്രചരണം നടത്തിയെന്നും പറഞ്ഞ സുരേഷ് ബാബു മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ ജയിക്കുമെന്നും പറഞ്ഞു.
◾ സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ വോട്ട് ചെയ്യാതിരുന്നതെന്ന് ഇരട്ട വോട്ട് ആക്ഷേപം നേരിടുന്ന ബിജെപി പ്രസിഡന്റ് കെഎം ഹരിദാസ്. തന്നെ വോട്ട് ചെയ്യുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും വികെ ശ്രീകണ്ഠന് ബിജെപി ജില്ലാ പ്രസിഡന്റിനെ തടയാനാകില്ലെന്നും അത് വ്യാമോഹം മാത്രമാണെന്നും കെഎം ഹരിദാസ് പറഞ്ഞു.
◾ എതിര്‍പാര്‍ട്ടിയില്‍ നിന്ന് വന്നിട്ടും സിപിഎം തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍. ഒരാള്‍ പോലും തന്നെ സംശയത്തോടെ നോക്കിയില്ലെന്നും അതൊരു പ്രത്യയശാസ്ത്രത്തിന്റെ ഉള്‍ക്കാഴ്ചയാണെന്നും സരിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പും രാഷ്ട്രീയ ഭാവിയും തമ്മില്‍ ബന്ധമില്ലെന്നും താന്‍ പരാജയങ്ങളില്‍ ഭയപ്പെടുന്നയാളല്ലെന്നും അതിനപ്പുറത്തുള്ള സംഘടന പ്രവര്‍ത്തനങ്ങളിലും ഉത്തരവാദിത്തങ്ങളിലും താന്‍ വ്യാപൃതനാവുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം 70,000 ത്തിനു മുകളില്‍ വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നും വലിയ വിജയം നേടുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
◾ കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളില്‍ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്നും കോടതി അറിയിച്ചു. കൊച്ചിയില്‍ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്ന് ചോദിച്ച കോടതി മുന്‍കാല ഉത്തരവുകള്‍ കളക്ടര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
◾ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി സംസാരിച്ചു. രോഗികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
◾ പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ഹക്കീം അസ്ഹരി രംഗത്ത്. മത നേതാക്കള്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ എസ് വൈ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടത്. എന്നാല്‍ വിമര്‍ശനത്തില്‍ മിതത്വം വേണമെന്നും വിമര്‍ശനം സര്‍ഗാത്മകമാകണമെന്നും ഡോ ഹക്കീം അസ്ഹരി ചൂണ്ടികാട്ടി.
◾ എല്‍ഡിഎഫിന്റെ വിവാദ പരസ്യത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. പരസ്യം ബിജെപിക്ക് ഗുണകരമായിയെന്നു പറഞ്ഞ അദ്ദേഹം സന്ദീപ് വാര്യരുടെ മാറ്റം എന്ത് കൊണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ചോദിച്ചു. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണെന്നും ഈ നിലപാട് സ്വീകാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.
◾ ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ ആത്മഹത്യാക്കുറിപ്പില്‍ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാമര്‍ശമെന്ന് റിപ്പോര്‍ട്. ബാങ്കിനെതിരെ ശശി ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്മഹത്യ കുറിപ്പില്‍ ഉണ്ടെന്നു മോഹനന്റെ സഹോദരന്‍ വ്യക്തമാക്കി.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നവംബര്‍ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു.
◾ അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി - മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്ററായി നിഖില്‍ ചോപ്രയും എച്ച് എച്ച് ആര്‍ട്ട് സ്പേസസും പ്രവര്‍ത്തിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇത് പ്രഖ്യാപിച്ചത്.
◾ കൊച്ചി കളമശ്ശേരിയില്‍ വീട്ടമ്മ ജെയ്സി എബ്രഹാം കൊല്ലപ്പെട്ട കേസില്‍ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ അപ്പാര്‍ട്ട്മെന്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ജെയ്സിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് സംശയമുള്ളവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
◾ തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന വിധിയില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി സുപ്രീം കോടതി. തൊണ്ടി മുതല്‍ മാറ്റിയ നടപടി നീതി വ്യവസ്ഥയോടുള്ള പരിഹാസമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
◾ ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറി ക്ഷേത്ര ദര്‍ശനത്തിന് പോയ ഏഴ് മലയാളികള്‍ക്ക് പരിക്ക്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത അന്നൂര്‍ സ്വദേശി ഭാര്‍ഗവന്‍, ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു, ഭാര്യ അനിത, മധുവിന്റെ അയല്‍വാസി നാരായണന്‍, ഭാര്യ വത്സല എന്നിവര്‍ക്കും, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ കൊട്ടനച്ചേരി സ്വദേശി ഫസിലുമാണ് പരിക്കേറ്റത്. അപകത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
◾ മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനും ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ഒറ്റയ്ക്കും അധികാരം പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം നേരിയ മാര്‍ജിനില്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. ഝാര്‍ഖണ്ഡിലാകട്ടെ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എന്‍.ഡി.എ അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയാണ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ മഹാരാഷ്ട്രയില്‍ 65.02 ശതമാനവും ജാര്‍ഖണ്ഡിലെ 38 സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ട പോളിംഗില്‍ 67.59 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
◾ രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റര്‍ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വ്യാപക മഴയാണ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
◾ യു.പിയില്‍ സ്ത്രീകള്‍ക്ക് നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പങ്കുവെച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ വിവാദം.
◾ ബെംഗളൂരുവില്‍ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികള്‍ക്ക് വേഗതകൂട്ടി കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള ഭൂമി കണ്ടെത്തുന്ന നടപടി അന്തിമ ഘട്ടത്തിലേക്കെത്തിയതായാണ് വിവരം. ബെംഗളൂരുവില്‍നിന്ന് 35 കി.മീറ്റര്‍ മാത്രം അകലെയുള്ള തമിഴ്‌നാട്ടിലെ ഹൊസൂരുവില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടക നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.
◾ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയയെന്നാണ് കേസ്.
◾ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പ്രാഥമിക റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ റെയില്‍വേസിനെയാണ് കേരളം കീഴടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം വിജയിച്ചത്.
◾ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം.
◾ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് കേരളത്തിന്റെ ടൂറിസത്തിന് കുതിപ്പേകും. നൂറു കോടി രൂപയോളം വരും അര്‍ജന്റീനയുടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍. കേരള ടൂറിസത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്നത് വഴി ഇതിന്റെ ഇരട്ടയിലധികം വരുമാനം കണ്ടെത്താമെന്നാണ് പ്രതീക്ഷ. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാകും മല്‍സരത്തിന് വേദിയാകുകയെന്നാണ് ലഭിക്കുന്ന വിവരം. 40,000ത്തിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുള്ളതാണ് കൊച്ചിയിലെ സ്റ്റേഡിയം. ഈ മല്‍സരം കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ആരാധകരെത്തും. കൊച്ചിയുടെ ബിസിനസ് കുതിപ്പിന് അര്‍ജന്റീനയുടെ വരവ് വഴിയൊരുക്കും. കൊച്ചിയിലെത്തുന്ന ആരാധകരുടെ 10 ശതമാനം എങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ അതുവഴി ലഭിക്കുന്ന വരുമാനം തന്നെ കോടികളാകും. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ നേട്ടമുണ്ടാകും. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനം.
◾ മിഥുന്‍ മദന്‍, ദാലി കരണ്‍, ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്റെ പ്രിയതമന്' എന്ന ചിത്രം നവംബര്‍ 29 ന് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രവര്‍ണ്ണ ഫിലിംസിന്റെ ബാനറില്‍ ആര്‍ രഞ്ജി നിര്‍മ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തില്‍ ഇന്ദ്രന്‍സ്, സുധീഷ്, മധുപാല്‍, പി ശ്രീകുമാര്‍, പ്രേംകുമാര്‍, കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, റിസബാവ, അനു, കെ പി എ സി ലളിത, അംബിക മോഹന്‍, ബേബി നയന തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു. രാജു വാര്യര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു ഡോ. എം ജെ സദാശിവന്‍ എഴുതിയ വരികള്‍ക്ക് ആല്‍ബര്‍ട്ട് വിജയന്‍ സംഗീതം പകരുന്നു. കെ ജെ യേശുദാസ്, ജാനകി, കെ എസ് ചിത്ര എന്നിവരാണ് ഗായകര്‍.
◾ ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്ന പേരിടാത്ത ബോളിവുഡ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. സിനിമാ വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സീരീസ് നിര്‍മ്മിക്കുന്നത്. താത്കാലികമായി സ്റ്റാര്‍ഡം എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയില്‍ മോന സിംഗ് ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, എസ്ആര്‍കെ, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, കരണ്‍ ജോഹര്‍, ബോബി ഡിയോള്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.
◾ ഓസ്‌ട്രേലിയന്‍ ഇരുചക്ര വാഹന നിര്‍മാതാവായ ബ്രിക്സ്റ്റണ്‍ ഇന്ത്യയിലെത്തി. ക്രോംവെല്‍ 1200 എക്‌സ്, ക്രോംവെല്‍ 1200, ക്രോസ്ഫയര്‍ 500എക്‌സ്, ക്രോസ്ഫയര്‍ 500എക്‌സ് സി, വി.എല്‍.എഫ് 1,500 ഡബ്ല്യൂ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയാണ് പുറത്തിറക്കിയത്. ക്രോംവെല്‍ 1200 ല്‍ 1,222 സി.സി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 6,500 ആര്‍.പി.എമ്മില്‍ 82 ബി.എച്ച്.പി കരുത്തും 3,100 ആര്‍.പി.എമ്മില്‍ 108 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. വില 7,83,999 രൂപ. റെട്രോ ഡിസൈനില്‍ അര്‍ബന്‍ സ്‌ക്രാംബ്ലര്‍ വിഭാഗത്തിലാണ് ക്രോംവെല്‍ 1200 എക്‌സിന്റെ വരവ്. ചെറിയ മാറ്റങ്ങളുണ്ടെന്ന് ഒഴിച്ചാല്‍ എഞ്ചിനും പ്ലാറ്റ്‌ഫോമുമെല്ലാം ബ്രിക്‌സ്ടണ്‍ ക്രോംവെല്‍ 1200ന്റേത് തന്നെ. ക്രോസ്ഫയര്‍ 500 എക്‌സില്‍ 486 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി കരുത്തും 6,750 ആര്‍.പി.എമ്മില്‍ 43 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 4,74,799 രൂപ. ഈ മോഡലിന്റെ തന്നെ സ്‌ക്രാംബ്ലര്‍ ലുക്കിലുള്ള വാഹനമാണ് ക്രോസ്ഫയര്‍ 500 എക്‌സ് സി. വില 5,19,400 രൂപ. വി.എല്‍.എഫ് ടെന്നിസ് 1500ഡബ്ല്യൂവിന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 1.5കിലോവാട്ട് മോട്ടോറാണ് കരുത്തു പകരുന്നത്. 1,29,999 രൂപയാണ് ടെന്നിസിന്റെ എക്‌സ് ഷോറൂം വില.
◾ ഭാഷയുടെ വ്യതിരിക്തത കൊണ്ടും ജീവിതദര്‍ശനത്തിന്റെ ആഴക്കാഴ്ച കൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരത ചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ പാതയിലൂടെ അന്വേഷിച്ചു ചെല്ലുകയാണിവിടെ. ചരിത്രം എങ്ങനെ ചരിത്രമല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാന്‍ എക്കാലവും അധികാരസ്ഥാനങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും പുരാണ കഥാപാത്രങ്ങളെ നിര്‍ദ്ധരിക്കുന്നതിലൂടെ ഈ കൃതി ശ്രമിക്കുന്നു. അതാകട്ടെ സത്യസന്ധമായ ചരിത്രമെഴുത്തുകാരുടെ ആന്തര പ്രതിസന്ധിയായി മാറുന്നു. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള പ്രവണത വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കൃതി. 'ജയോപാഖ്യാനം'. അനുജിത് ശശിധരന്‍. ഡിസി ബുക്സ്. വില 323 രൂപ.
◾ ഭക്ഷണത്തിലൂടെ മാത്രമല്ല പ്രകൃതിയിലെ ശുദ്ധമായ വായുവിലൂടെയും മനുഷ്യര്‍ക്ക് പോഷകങ്ങളെ ആഗിരണം ചെയ്യാനാകുമെന്ന് അഡ്വാന്‍സ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഓക്‌സിജന്‍ അതിനൊരു ഉദാഹരണമാണ്. സങ്കേതികമായി ഒരു പോഷകമാണെങ്കിലും ഭക്ഷണത്തിലൂടെ ലഭ്യമാകാത്തതിനാല്‍ ഓക്സിജനെ അത്തരത്തില്‍ വിലയിരുത്താറില്ല. ശ്വസിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങളെ എയറോന്യൂട്രിയന്റുകള്‍ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. നമ്മള്‍ എടുക്കുന്ന ഓരോ ശ്വാസത്തിലും ചെറിയ അളവില്‍ അയഡിന്‍, സിങ്ക്, മാംഗനീസ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതുവരെ നടന്ന എല്ലാ ഗവേഷണങ്ങളും വായുവില്‍ അടങ്ങിയ മലിനീകരണത്തെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഭക്ഷണത്തിനൊപ്പം ശുദ്ധമായ വായുവില്‍ അടങ്ങിയ പോഷകങ്ങളും ശരീരത്തിന് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ഒരു ദിവസം ഏതാണ്ട് 9,000 ലിറ്റര്‍ വായു നമ്മള്‍ ശ്വസിക്കുന്നു. വളരെ ചെറിയ സാന്ദ്രതയില്‍ പോലും വായുവിന്റെ ഘടകങ്ങളോടുള്ള നമ്മുടെ സമ്പര്‍ക്കം കാലക്രമേണ വര്‍ധിച്ചു വരുന്നുണ്ട്. നൂറ്റാണ്ടുകളായി വ്യത്യസ്ത സംസ്‌കാരങ്ങള്‍ പ്രകൃതിയെയും ശുദ്ധവായുവിനെയും ആരോഗ്യകരമാണെന്ന് വിലയിരുത്തിയിരുന്നു. മൂക്ക്, ശ്വാസകോശം, ഘ്രാണ എപിത്തീലിയം (ഗന്ധം കണ്ടെത്തുന്ന പ്രദേശം), ഓറോഫറിന്‍ക്സ് (തൊണ്ടയുടെ പിന്‍ഭാഗം) എന്നിവയുടെ ചെറിയ രക്തക്കുഴലുകളുടെ ശൃംഖലകളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. അവ രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, കരള്‍ അവയെ വിഷവിമുക്തമാക്കും. ശ്വാസകോശത്തിന് കുടലിനെക്കാള്‍ വളരെ വലിയ തന്മാത്രകളെ ആഗിരണം ചെയ്യാന്‍ കഴിയും. കൃത്യമായി പറഞ്ഞാല്‍ 260 മടങ്ങ് വലുപ്പതില്‍ ഉള്ളത്. ഈ തന്മാത്രകള്‍ രക്തപ്രവാഹത്തിലെക്കും തലച്ചോറിലെക്കും നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നു. എന്നാല്‍ മേഖലയില്‍ പഠനം വലിയതോതില്‍ പുരോഗമിക്കേണ്ടതുണ്ട് ഗവേഷകര്‍ പറയുന്നു.