Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/12/2024)


 

*പ്രഭാത വാർത്തകൾ*

2024 | ഡിസംബർ 6 | വെള്ളി | വൃശ്ചികം 21


◾ ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയിട്ടുള്ളതെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുതിന്‍ പറഞ്ഞു. റഷ്യയുടെ നിര്‍മാണശാലകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തയാറെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ചുവടുവയ്പ്പായി റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി കഴിഞ്ഞെന്നും പുതിന്‍ പറഞ്ഞു. മോസ്‌കോയില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പുതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്.


◾ വയനാട് ദുരന്തത്തില്‍ പൂര്‍ണ്ണമായി വീടുകള്‍ തകര്‍ന്നവരുടെയും അപകടമേഖലയിലുള്ള വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരുടെയും പുനരധിവാസം ഒരേ സമയം തന്നെ നടക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. വയനാട് പുനരധിവാസം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. പുനരധിവാസം രണ്ട് ഘട്ടം എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി വീടുകള്‍ തകര്‍ന്നവരെയും അപകടമേഖലയിലുള്ള വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരേയും രണ്ട് വിഭാഗങ്ങളായി കണ്ട് പട്ടിക മാത്രമാണ് ചെയ്യുന്നതെന്നും രണ്ടിടത്തെയും പുനരധിവാസം ഒരേ സമയം തന്നെ നടക്കുമെന്നും മന്ത്രി വിശദീകരിച്ചു.


◾ വയനാട് ദുരന്തത്തിനുള്ള ധനസഹായത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ ഇന്നലെ ചര്‍ച്ച നടന്നില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ വിഷയം പ്രിയങ്ക ഗാന്ധിയും കേരളത്തിലെ എംപിമാരും ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടിയും ഇക്കാര്യത്തില്‍ പ്രതീക്ഷിച്ചിരുന്നു.  എന്നാല്‍ ലോക്സഭ ബഹളം കാരണം പിരിഞ്ഞതിനാല്‍ ബില്ല് ചര്‍ച്ചയ്ക്കെടുത്തില്ല. തിങ്കളാഴ്ച ഇക്കാര്യം ഇനി ഉന്നയിക്കാനാകുമെന്ന് എംപിമാര്‍ പറഞ്ഞു.


◾ 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നതെന്നും, ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ ആലപ്പുഴ കളര്‍കോടുണ്ടായ കാറപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളര്‍കോട് കാറപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ  വാഹനാപകടം ഉണ്ടായത്.


◾ റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴ കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍.മരിച്ച സംഭവമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


◾ മധു മുല്ലശ്ശേരിയെ ഏരിയാ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മധുവായാലും ആരായാലും തെറ്റായ ഒരു നിലപാടും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം ആളുകള്‍ പുറത്തുപോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു


◾ തനിക്ക് പാതി ബിജെപി മനസ്സാണെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരന്‍. ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണെന്നും അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. തന്റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണന്‍ എങ്ങനെ പറയുമെന്നും കേരളത്തില്‍ അയാളെ അങ്ങനെ പറയുവെന്നും അദ്ദേഹം പരിഹസിച്ചു.


◾ കൊടകര കുഴല്‍പ്പണ കേസിലെ  അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ അന്‍പത്തിയൊന്നാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയില്‍ ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരോട് സിംഗിള്‍ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു.


◾ തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മിന്റെ പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനു റോഡ് തടഞ്ഞ് വേദിയൊരുക്കിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലിസ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്തത്. വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി വേദി നിര്‍മിച്ചത് അധികൃതരില്‍നിന്ന് യാതൊരു അനുമതിയും വാങ്ങാതെയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.


◾ കോഴിക്കോട്ടെ എലത്തൂര്‍ ഇന്ധന ചോര്‍ച്ചയില്‍ എച്ച് പി സി എല്ലിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കല്‍ & ഇലക്ട്രോണിക് സംവിധാനങ്ങള്‍ പരാജയപെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ ചോര്‍ച്ചയില്‍  ജലാശയങ്ങള്‍ മലിനമായിട്ടുണ്ടെന്നും  എല്ലാം ശുചീകരിക്കാന്‍ അതിവേഗ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ കൊഴിഞ്ഞാമ്പാറയില്‍ സമാന്തര കണ്‍വന്‍ഷന്‍ ചേര്‍ന്ന സി.പി.എം വിമതര്‍ക്കെതിരെ നടപടി ഉടനുണ്ടാവുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, വി.ശാന്തകുമാര്‍ എന്നിവര്‍ക്കെതിരായ നടപടി വൈകുന്നതില്‍ ഒരുവിഭാഗം നേതാക്കള്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി.


◾ സമസ്തയിലെ വിഭാഗീയതയില്‍ ഇടപെട്ട് നേതൃത്വം. ലീഗ് അനുകൂല ചേരിയെ ചര്‍ച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരത്തിന് സന്നദ്ധത അറിയിച്ചു. അടുത്ത മുശാവറ യോഗത്തിന് മുന്‍പായി ചര്‍ച്ച നടത്തും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് നേതൃത്വം ഉറപ്പ് നല്‍കി. നേതൃത്വം ഇടപെട്ടതോടെ ലീഗ് അനുകൂല ചേരിയുടെ വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു.


◾ വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എല്‍.ഡി.എഫ്. മാര്‍ച്ച് നടത്തി. വയനാടിന് അര്‍ഹമായ തുക ലഭിക്കുന്നില്ലെന്ന് ആര്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.


◾ സമുദ്ര അലങ്കാരമത്സ്യ മേഖലയില്‍ നിര്‍ണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം . ഉയര്‍ന്ന വിപണി മൂല്യമുള്ള കടല്‍ വര്‍ണമത്സ്യങ്ങളായ ഡാംസെല്‍, ഗോബി വിഭാഗങ്ങളില്‍പെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുല്‍പാദനം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി. അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്.


◾ കുന്നംകുളം കേച്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കേച്ചേരി ചിറനെല്ലൂര്‍ മണലി സ്വദേശി തലയ്ക്കല്‍ വീട്ടില്‍ സുനില്‍ ദത്തിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.


◾ ഗുണ്ടകളുടെ ആക്രമണത്തില്‍ ഒല്ലൂര്‍ സിഐ ഫര്‍ഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. മാരിമുത്തു അടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.


◾ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് 4.04ന് ഇരു കൃത്രിമ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി59 കുതിച്ചുയര്‍ന്നു. ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തി.


◾ ദില്ലിയിലെ വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് -4 പിന്‍വലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതില്‍ കുറവ് രേഖപ്പെടുത്തിയതിനാലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം നല്‍കിയത് . ദില്ലി-എന്‍സിആര്‍ മേഖലകളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.


◾ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, അമിത് ഷാ, പ്രമുഖ വ്യവസായി  മുകേഷ് അംബാനി, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍  അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.


◾ മുഖ്യമന്ത്രി പദവി വീതം വയ്ക്കാന്‍ കര്‍ണാടകയില്‍  ധാരണയുണ്ടെന്ന് സൂചന നല്‍കി ഡി കെ ശിവകുമാര്‍ ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖം വിവാദത്തില്‍. കോണ്‍ഗ്രസിനെ ഒന്നിച്ച് നിര്‍ത്തിയ ഗാന്ധി കുടുംബത്തോട് താന്‍ കാണിച്ച ലോയല്‍റ്റി, റോയല്‍റ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന. എന്നാല്‍ ഒരു തരത്തിലുള്ള അധികാരം പങ്കുവയ്ക്കല്‍ ഫോര്‍മുലയെക്കുറിച്ചും തനിക്കറിയില്ലെന്നും എല്ലാ തീരുമാനവും ഹൈക്കമാന്‍ഡിന്റേതാകുമെന്നുമാണ് ഡി കെയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.


◾ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളുമായി ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുല്‍ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങള്‍ പുലര്‍ത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ആരോപണം. പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാന്‍ തനിക്ക് മടിയില്ലെന്നും സംബിത് പത്ര  പറഞ്ഞു.


◾ മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഉന്മേഷം പകരാന്‍ 'ഓക്സിജന്‍ ഫോറസ്റ്റ്' ഒരുങ്ങുന്നു. ഇതിനായി മഹാ കുംഭമേള നടക്കുന്ന മേഖലയില്‍ 1.5 ലക്ഷം ചെടികള്‍ നട്ടുപിടിപ്പിക്കും. വനം വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ഇതിനാവശ്യമായ നടപടികള്‍ പുരോ?ഗമിക്കുകയാണ്. ഇതിനോടകം തന്നെ 1.38 ലക്ഷത്തോളം ചെടികള്‍ നട്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.


◾ വിമാനം ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. രാജ്യസഭയില്‍ വ്യോമയാന ബില്ല് ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.


◾ മുഡ ഭൂമിയിടപാട് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും കേസിലെ പരാതിക്കാര്‍ക്കുമാണ് കര്‍ണാടക ഹൈക്കോടതി നോട്ടീസയച്ചത്.


◾ തമിഴ്നാട്ടിലെ രണ്ട് ടൂറിസം പദ്ധതികള്‍ക്കായി 170 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുന്ന പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്. മാമല്ലപുരത്തെ നന്ദാവനം ഹെറിറ്റേജ് പാര്‍ക്ക്, ഊട്ടിയിലെ ദേവാലയിലെ പൂന്തോട്ടം എന്നിവയാണ് രണ്ട് പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകള്‍.


◾ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്കു നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്.


◾ അദാനി വിഷയത്തില്‍ സ്റ്റിക്കറൊട്ടിച്ച് പ്രതിഷേധിച്ച് പ്രിയങ്കയും രാഹുലും. അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞാണ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടിയത്. ജാക്കറ്റിനുപുറത്ത് മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതന്‍ എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി എം.പി. അദാനി അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.


◾ അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.


◾ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ന് അഡ്‌ലെയ്ഡില്‍ തുടക്കമാവും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റാണിത്. ഡേ നൈറ്റ് മത്സരമായതിനാല്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് ആരംഭിക്കുക.


◾ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യന്‍ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്.


◾ പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയുമായും ഉയര്‍ത്തി റിസര്‍വ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതോടെ ഇത് ഉടന്‍ തന്നെ വിവിധ യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താന്‍ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായി ഉയര്‍ത്തുന്നത് വഴി ഓഫ്‌ലൈന്‍ ഇടപാട് കൂടുതല്‍ സുഗമമായി നടത്താന്‍ സഹായിക്കും. ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തുന്നതും ഉപയോക്താവിന് സൗകര്യമാകും.


◾ സൂപ്പര്‍ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ട്രെന്‍ഡ് ആയി മാറിയ ഫഹദ് ഫാസില്‍ ഇനി ബോളിവുഡിലേക്ക്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വേഷമിടാന്‍ പോകുന്നത്. ചിത്രത്തില്‍ ത്രിപ്തി ദിമ്രിയാകും ഫഹദിന്റെ നായിക കഥാപാത്രമായി എത്തുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരക്കഥയിലെ അവസാനഘട്ട തിരുത്തലുകള്‍ക്ക് ശേഷം 2025 ആദ്യ പകുതിയില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക. അതേസമയം, സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2 ആണ് ഫഹദിന്റെ പുറത്തിങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ഭന്‍വര്‍ സിംഗ് ശെഖാവത്ത് എന്ന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്.


◾ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച് ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന 'മാര്‍ക്കോ'യുടെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കേ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. കാഴ്ചയ്ക്കും കേള്‍വിക്കും പരിമിതി ഉള്ളവര്‍ക്കും 'മാര്‍ക്കോ' ആസ്വദിക്കാനാവുന്ന എഡി, സിസി സംവിധാനങ്ങളോടെയായിരിക്കും ചിത്രം പുറത്തിറക്കുന്നതെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറയുന്നു. ഓഡിയോ ഡിസ്‌ക്രിപ്ഷന്‍, ക്ലോസ്ഡ് ക്യാപ്ഷന്‍ സംവിധാനങ്ങള്‍ എന്നിവ സിനിമയില്‍ നിയമപ്രകാരം ഉള്‍പ്പെടുത്തുകയാണ്. ഇതു വഴി കാഴ്ച ശക്തിക്കും കേള്‍വി ശക്തിക്കും പരിമിതി ഉള്ളവര്‍ക്കും ചിത്രം ആസ്വദിക്കാന്‍ കഴിയും. ഈ സംവിധാനങ്ങള്‍ മൂവി ബഫ് ആക്സസ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നതാണെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ 5 ഭാഷകളിലായി ചിത്രമെത്തും. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.


◾ 'പ്രേമലു' സംവിധായകന്‍ ഗിരീഷ് എ ഡി യുടെ യാത്രകള്‍ കൂട്ടായി ബിഎംഡബ്‌ള്യു 2 സീരീസ്. 43.90 ലക്ഷം രൂപ മുതലാണ് ഈ സെഡാന്റെ വിലയാരംഭിക്കുന്നത്. ഉയര്‍ന്ന മോഡലിലേക്ക് എത്തുമ്പോള്‍ 46.90 ലക്ഷം രൂപയിലെത്തും വില. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാര്‍ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെ. എന്‍ട്രി ലവല്‍ സെഡാനായ ത്രീ സീരീസിനു താഴെയാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെയുടെ സ്ഥാനം. വാഹനത്തിന്റെ പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനു 188 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സാണ്. 2.0 പെട്രോള്‍ എന്‍ജിനാണെങ്കില്‍ 177 ബി എച്ച് പി ആണ് പവര്‍ 280 എന്‍ എം ടോര്‍ക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ ആഡംബര വാഹനത്തിനു 7.1 സെക്കന്‍ഡുകള്‍ മതിയാകും. ഡീസല്‍ വേരിയന്റില്‍ 0.4 സെക്കന്‍ഡുകള്‍ കൂടി അധികമെടുക്കും.


◾ കേന്ദ്രകഥാപാത്രമായ അമ്മുവിന്റെ നിരീക്ഷണപാടവവും അന്വേഷണങ്ങളും അവളെ ഒരു കൊച്ചുഡിറ്റക്ടീവാക്കിമാറ്റുന്നു. അമ്മുവിനൊപ്പം ജ്യേഷ്ഠനായ അപ്പുവും കുസൃതിക്കാരനായ കുളിരന്‍ പൂച്ചയും മണിച്ചിക്കോഴിയുമെല്ലാമുണ്ട് ഈ ബാലസാഹിത്യ നോവലില്‍. പ്രേതവേട്ടയ്ക്കായി പുറപ്പെടുന്ന, നഷ്ടപ്പെട്ടുപോയ സൈക്കിളിനെ തേടിയിറങ്ങുന്ന അമ്മുവിന്റെ കുറ്റാന്വേഷണകഥകള്‍ ഉള്‍പ്പെട്ട ആകാംക്ഷയുണര്‍ത്തുന്ന രചന. ഡിറ്റക്ടീവ് അമ്മു പരമ്പരയിലെ രണ്ടാം പുസ്തകം. 'അമ്മുവിന്റെ സാഹസങ്ങള്‍'. എസ് ആര്‍ ലാല്‍. ഡിസി ബുക്സ്. വില 209 രൂപ.


◾ ദീര്‍ഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാന്‍ക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങില്‍ വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിന്‍, സിയാക്സാന്തിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ പാന്‍ക്രിയാസിനെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയില്‍ നിന്നു സംരക്ഷിക്കുന്നു. മധുരക്കിഴങ്ങിനു കുറഞ്ഞ ഗ്ലൈസീമിക് സൂചികയാണുള്ളത്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും പാന്‍ക്രിയാസിന്റെ ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നു. ഇതു പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യതയും കുറയ്ക്കുന്നു. മധുരക്കിഴങ്ങില്‍ ആന്തോസയാനിന്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ആന്റി ഇന്‍ഫ്ലമേറ്റി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിന്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും പാന്‍ക്രിയാസിനെ സംരക്ഷിക്കുന്നു. മധുരക്കിഴങ്ങില്‍ പ്രീബയോട്ടിക്ക് ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതു കുടലിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി ഗട്ട് മൈക്രോബയോമിനെ ആരോഗ്യകരമാക്കുന്നു. ആരോഗ്യമുള്ള ഗട്ട് മൈക്രോബയോം പാന്‍ക്രിയാസിന്റെ ആരോഗ്യത്തിനും ആവശ്യമാണ്. ഇതു പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കാന്‍സര്‍ കോശങ്ങളെ അകറ്റുന്ന നിരവധി മൈക്രോന്യൂട്രിയന്റുകള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6 ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഹൃയാഘാത സാധ്യത കുറയ്ക്കുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമായ വൈറ്റമിന്‍ സി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാംഗനീസ് ശരീരത്തിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിനും മുറിവ് ഉണങ്ങുന്നതിനും സഹായിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക