മോശം ഷോട്ട് കളിച്ച് പുറത്തായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം സുനില്‍ ഗവാസ്കർ.
അസാധാരണ ഷോട്ടിന് ശ്രമിച്ചാണ് പന്ത് നിർണായക നിമിഷത്തില്‍ പുറത്തായത്. ഇതാണ് ഗാവാസ്കറെ ചൊടിപ്പിച്ചത്. 37 പന്തില്‍ 28 റണ്‍സുമായി നിന്ന പന്ത് ബോണണ്ടിന്റെ ഓവറിലാണ് സ്കൂപ്പിന് ശ്രമിച്ചത്. ഓഫ് സൈഡിന് പുറത്തുവന്ന പന്ത് ലെഗ് സൈഡിലേക്ക് സ്കൂപ്പ് ചെയ്യാനുള്ള ഇടംകൈയന്റെ ശ്രമം ഡീപ് തേർഡ്മാനിലാണ് അവസാനിച്ചത്. എഡ്ജെടുത്ത പന്ത് ലിയോണ്‍ അനായാസം കൈപിടിയിലൊതുക്കുകയായിരുന്നു.
"സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റൂപിഡ്… നിങ്ങളുടെ ക്യാച്ചിനായി രണ്ടുപേർ അവിടെ കാത്തിരിപ്പുണ്ട്. എന്നിട്ടും നിങ്ങള്‍ ആ ഷോട്ടിന് തന്നെ മുതിർന്നത് വലിയ മണ്ടത്തരമാണ്. അതും തൊട്ടുമുൻപുള്ള പന്തില്‍ ഇതേ ഷോട്ട് കളക്ടാകാതിരുന്നിട്ടും. എവിടെയാണ് ക്യാച്ചെടുത്തതെന്ന് നോക്കൂ. ഡീപ് തേർഡ് മാനാണ് ക്യാച്ചെടുത്തത്. വിക്കറ്റ് ലാഘവത്തോടെ വലിച്ചെറിഞ്ഞു.
സാഹചര്യം മനസിലാക്കി വേണം കളിക്കാൻ. അല്ലാതെ സ്വന്തം ശൈലിയെന്ന് പറഞ്ഞ് ഉഴപ്പരുത്. നിങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്." ഗവാസ്‌കര്‍ അരിശത്തോടെ കമൻ്ററിക്കിടെ പറഞ്ഞു.