Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (04/12/2024)


 

*പ്രഭാത വാർത്തകൾ*

2024 | ഡിസംബർ 4 | ബുധൻ | വൃശ്ചികം 19 

◾ തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ചു. സംഭവത്തില്‍ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പൊലീസിന് നല്‍കിയ പരാതിയില്‍ ആയമാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.


◾ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതികരണവുമായി ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി. നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തത് തന്നെയാണെന്നും അരുണ്‍ഗോപി പറഞ്ഞു. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അരുണ്‍ഗോപി പറഞ്ഞു.


◾ ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന്   വി ഡി സതീശന്‍. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണെന്നും സതീശന്‍ പറഞ്ഞു. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾ കൊല്ലം ചെമ്മാംമുക്കില്‍  കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും യുവതിയുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില (44)മരിച്ചു. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് പത്മരാജന്‍ (60) കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്ത് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാല്‍ പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായതെന്ന് പോലിസ് പറഞ്ഞു.


◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.


◾ ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന്  മോട്ടര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായിയെന്നും ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ടവേര ഓടിച്ചയാളുടെ പരിചയക്കുറവ് മൂലം വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ലെന്നും 14 വര്‍ഷം പഴക്കമുള്ള വാഹനത്തിന് സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


◾ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമെന്നും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും എല്ലാ വിധ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദും അറിയിച്ചു.


◾ ആലപ്പുഴയിലെ കളര്‍കോട്  ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട്  മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയെ ചോദ്യം ചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. എന്നാല്‍  വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.


◾ ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.


◾ സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണര്‍. വിനോദ സഞ്ചാര കാലമായതിനാല്‍ എല്ലാ സ്‌കൂളുകളില്‍ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ എല്ലാ സ്‌കൂള്‍ ബസുകളും മോട്ടോര്‍ വാഹന വകുപ്പ് മുന്‍പാകെ ഹാജരാക്കി സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.


◾ കണ്ണൂര്‍ സര്‍വകലാശാലയിലെ സെമസ്റ്റര്‍ പരീക്ഷയില്‍ പരാതി. മൂന്നാം സെമസ്റ്റര്‍ എംഎ അഡ്വാന്‍സ് എക്കണോമെട്രിക്ക്സിന്റെ തിയറി പരീക്ഷ കഴിഞ്ഞദിവസം  നടത്തിയത് 60 മാര്‍ക്കിന്. സിലബസ് അനുസരിച്ച് 40 മാര്‍ക്കിന് തിയറി പരീക്ഷയും 20 മാര്‍ക്കിന് പ്രാക്ടിക്കല്‍ പരീക്ഷയുമാണ് നടത്തേണ്ടിയിരുന്നത്. മുന്നറിയിപ്പില്ലാതെ എഴുത്തുപരീക്ഷയുടെ ആകെ മാര്‍ക്കില്‍ വ്യത്യാസം വന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പമായി. സംഭവം ശ്രദ്ധയില്‍പെട്ടില്ലെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.


◾ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കില്‍ ആവര്‍ത്തിച്ചാല്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അട്ടിമറിയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്റെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇതു പോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടായാല്‍ നിക്ഷേപിച്ച പണം ബാങ്കുകളില്‍ നിന്നും കോണ്‍ഗ്രസ് അനുഭാവികള്‍ കൂട്ടത്തോടെ പിന്‍വലിക്കുമെന്നും  അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്യാന്‍ പറ്റില്ലല്ലോയെന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു വി.ഡി സതീശന്‍.


◾ തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലധികം സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന നഗരപാലികാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന്  വിട്ടുനിന്നതെന്നാണ് അജിത തങ്കപ്പന്‍ പറയുന്നത്.


◾ കാലാവധി പൂര്‍ത്തിയായിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി അജേഷ് കെ.ജി. അജേഷിന്റെ കാലാവധി നീട്ടി നല്‍കിയിട്ടില്ലെന്നും തുടരുന്നത് അനധികൃതമായിട്ടാണെന്നും ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറും, അജേഷ് നിയമവിരുദ്ധമായി ചുമതലയില്‍ തുടരുന്നുവെന്ന്  ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും സ്ഥിരീകരിച്ചു. സര്‍ക്കാര്‍ അനുവദിച്ച നിയമനത്തിന്റെ കരാര്‍ അവസാനിച്ചിട്ട് 14 ദിവസം കഴിഞ്ഞു. എന്നിട്ടും പിരിഞ്ഞുപോകാതെ അനധികൃതമായി പദവിയില്‍ തന്നെ തുടരുകയാണ് അജേഷ്.


◾ മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കും.ബിജെപിയുമായി മധു ചില നീക്കുപോക്കുകള്‍ നേരത്തെ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.


◾ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.


◾ വയനാട് ചുണ്ടേലില്‍ തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാര്‍ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവര്‍ നവാസിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. നവാസും  ജീപ്പ് ഓടിച്ചിരുന്ന സുബില്‍ഷായും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ആരോപണം.


◾ ആലപ്പുഴയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നല്‍കിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായ അമ്മ പ്രസന്നകുമാരിക്കെതിരെയും പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുന്‍പ് നല്‍കിയ പരാതിയിലാണ് കേസ്.


◾ ചരിത്രത്തിലാദ്യമായി എല്ലാ നഗരങ്ങള്‍ക്കും ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗ്  സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹതാ പട്ടികയിലിടം നേടിക്കൊണ്ട് സ്വച്ഛ് സര്‍വ്വേക്ഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാനൊരുങ്ങി കേരളം. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേകളിലൊന്നാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍. കണ്ണൂര്‍ കന്റോന്‍മെന്റുള്‍പ്പെടെ കേരളത്തില്‍ 94 നഗരസഭകളാണ് സ്വച്ഛ് സര്‍വ്വേക്ഷനില്‍ മത്സരിക്കുന്നത്.


◾ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബര്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.  പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും മന്ത്രി അറിയിച്ചു.


◾ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജി. രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എല്‍ഡിഎഫ് പടക്കം പൊട്ടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.


◾ കേരളത്തിന് നിലവില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എയിംസ് ഇല്ലാത്ത പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.


◾ സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവില്‍ ഒരു ജില്ലകളിളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മുതല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.


◾ താജ് മഹല്‍ തകര്‍ക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തര്‍ പ്രദേശ് ടൂറിസത്തിന്റെ റീജണല്‍ ഓഫീസിലേക്ക് ഇമെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ താജ്മഹലിലും പരിസരത്തും ബോംബ് സ്‌കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍ പ്രദേശത്ത് പരിശോധന നടന്നുവരികയാണ്.സന്ദേശത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.


◾ മഹാ കുംഭമേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ടെന്റുകള്‍ . സെക്ടര്‍ 20ല്‍ സ്വിസ് കോട്ടേജ് ശൈലിയിലുള്ള 2,000-ലധികം ടെന്റുകള്‍ അടങ്ങുന്ന ഒരു ആഡംബര ടെന്റ് സിറ്റിയാണ്  സ്ഥാപിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ ടെന്റുകള്‍ ലോകോത്തര നിലവാരത്തിലായിരിക്കും നിര്‍മിക്കുക. 75 രാജ്യങ്ങളില്‍ നിന്നായി 45 കോടി സന്ദര്‍ശകര്‍ മഹാ കുംഭമേളയ്ക്ക് എത്തുമെന്ന വിലയിരുത്തലിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.


◾ ചെന്നൈയില്‍ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ദുരന്തബാധിതരായ 300 കുടുംബങ്ങള്‍ക്ക് വിജയ് സഹായം വിതരണം നല്‍കി. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സര്‍ക്കാര്‍ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ്  ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കണമെന്നും വിജയ് നിര്‍ദേശിച്ചു.


◾ അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്നാം സിംഗ് ആണ് പരിച്ചത്. കിഷ്ത്വാര്‍ ജില്ലയില്‍ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.


◾ തമിഴ്നാട്ടില്‍ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്താനായി എത്തിയ മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.


◾ പാര്‍ലമെന്റ്  നടപടികളോട് സഹകരിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഭിന്നത. അദാനിയേയും മറ്റ് വിഷയങ്ങളേയും ചൊല്ലി സഭക്കകത്തും പുറത്തും ഇന്ത്യ സഖ്യം ഇന്നലെ രണ്ട് തട്ടിലായിരുന്നു. അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ ഇടത് പക്ഷവും നിലപാട് കടുപ്പിച്ചു.


◾ പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ ഉല്‍പ്പന്നങ്ങള്‍ പരിശോധനകള്‍ക്കും ഓഡിറ്റുകള്‍ക്കും വിധേയമായിരിക്കും. ഈ ഉത്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.


◾ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അനീതികളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ദില്ലി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഏത് അനീതിയും തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഒരു തരത്തിലുള്ള അനീതിയും ഉണ്ടാകാന്‍ പാടില്ലെന്നും മുഹമ്മദ് യൂനുസിന്റെ പ്രശസ്തി കളങ്കപ്പെടാതെ നിലനില്‍ക്കാന്‍ അത് ആവശ്യമാണെന്നും അഹമ്മദ് ബുഖാരി വ്യക്തമാക്കി.


◾ ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം ആറു മണിക്കൂറിനകം പിന്‍വലിച്ച് പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്. എന്നാല്‍ നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂണ്‍ പറഞ്ഞു.

  2222222222222222222222222222

◾ വര്‍ഷാവസാനം ഇന്ത്യന്‍ ഓഹരി വിപണികളില്‍ പ്രാഥമിക ഓഹരി വില്‍പനയുടെ നീണ്ട നിര. കുറഞ്ഞത് 10 കമ്പനികളെങ്കിലും ഡിസംബര്‍ മാസത്തില്‍ ഐപിഒ നടത്തും. ഇത് വഴി 20,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. സൂപ്പര്‍മാര്‍ട്ട് ഭീമന്‍ വിശാല്‍ മെഗാ മാര്‍ട്ട്, ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഗ്രേഡിംഗ് കമ്പനിയായ ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  എന്നിവയുള്‍പ്പെടെ 10 കമ്പനികള്‍ ഡിസംബറില്‍ തങ്ങളുടെ ഐപിഒകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുപുറമെ, വിദ്യാഭ്യാസ കേന്ദ്രീകൃതമായ എന്‍ബിഎഫ്സി അവാന്‍സെ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടിപിജി ക്യാപിറ്റല്‍ പിന്തുണയുള്ള സായ് ലൈഫ് സയന്‍സസ്, ഹോസ്പിറ്റല്‍ ചെയിന്‍ ഓപ്പറേറ്റര്‍ പാരസ് ഹെല്‍ത്ത്കെയര്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്സ് എന്നിവയും ഐപിഒ സംഘടിപ്പിക്കും. ഡയഗ്നോസ്റ്റിക് ശൃംഖലയായ സുരക്ഷാ ഡയഗ്നോസ്റ്റിക്സ്, പാക്കേജിംഗ് ഉപകരണ നിര്‍മ്മാതാക്കളായ മംമ്ത മെഷിനറി, ട്രാന്‍സ്റെയില്‍ ലൈറ്റിംഗ് എന്നിവയും അവരുടെ ഐപിഒകള്‍ നടത്താനിരിക്കുകയാണ്.


◾ അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2: ദി റൂള്‍' തിയേറ്ററില്‍ റിലീസിന് മുമ്പേ തന്നെ ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയില്‍ ഏറ്റവും വേഗത്തില്‍ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച ചിത്രമായി മാറി. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 200 കോടിക്ക് അടുത്ത് നേടിയേക്കും എന്നാണ് പ്രവചനം.  പ്രധാന മള്‍ട്ടിപ്ലസ് ശൃംഖലകളില്‍ റിലീസ് ദിനത്തില്‍  20-ലധികം ഷോകള്‍ പുഷ്പയ്ക്കായി ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രേക്ഷകരുടെ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഷോകളുടെ എണ്ണം വര്‍ദ്ധിക്കും. മുന്‍കൂര്‍ ബുക്കിംഗിലൂടെ മാത്രം പുഷ്പ 2: ദി റൂള്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ നിന്ന്  35.17 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന്  17.57 കോടിയും ഉള്‍പ്പെടെ  ഇതിനകം 52.74 കോടി നേടിയിട്ടുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള എല്ലാ റെക്കോഡും തകര്‍ത്തിരിക്കുകയാണ്. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വന്‍താര നിര അണിനിരക്കുന്നുണ്ട്.


◾ ഗുണനിധി, ചെമ്പന്‍ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'അലങ്ക്' ഡിസംബര്‍ 27 ന് തിയറ്ററുകളിലേക്കെത്തും. മലയാളി താരങ്ങളായ ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്നു. തമിഴ്നാട്- കേരള അതിര്‍ത്തിക്ക് സമീപമുള്ള യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് 'അലങ്ക്'. ചിത്രത്തില്‍ ഒരു നായയ്ക്ക് നിര്‍ണായക വേഷമുണ്ട്. കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. 'ഉറുമീന്‍', 'പയനികള്‍ ഗവണിക്കവും' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് പി ശക്തിവേല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.


◾ കൈലാഖ് കോംപാക്ട് എസ് യു വിയുടെ മോഡലുകളുടെ വില പ്രഖ്യാപിച്ച് സ്‌കോഡ. 7.89 ലക്ഷം രൂപ മുതല്‍ 14.40 ലക്ഷം രൂപ വരെയാണ് വില. നേരത്തെ ബേസ് മോഡലിന്റെ വില സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. ക്ലാസിക് മാനുവലിന് 7.89 ലക്ഷം രൂപ, സിഗ്നേച്ചര്‍ മാനുവലിന് 9.59 ലക്ഷം രൂപയും സിഗ്നേച്ചര്‍ ഓട്ടമാറ്റിക്കിന് 10.59 ലക്ഷം രൂപയും സിഗ്നേച്ചര്‍ പ്ലസ് മാനുവലിന് 9.59 ലക്ഷം രൂപയും സിഗ്നേച്ചര്‍ പ്ലസ് ഓട്ടമാറ്റിക്കിന് 12.40 ലക്ഷം രൂപയും പ്രസ്റ്റീജ് മോട്ടമാറ്റിക്കിന് 13.35 ലക്ഷം രൂപയും പ്രസ്റ്റീജിന് ഓട്ടമാറ്റിക്കിന് 14.40 ലക്ഷം രൂപയുമാണ് വില. അടിസ്ഥാന മോഡലിന് 7.89 ലക്ഷം രൂപക്ക് വിപണിയിലെത്തുന്ന കൈലാഖില്‍ വലിയ പ്രതീക്ഷകളാണ് ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡക്കുള്ളത്. ത്രീ സിലിണ്ടര്‍ 1.0 ടിഎസ്‌ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.


◾ ഒരു കുഗ്രാമത്തില്‍ ഒരു രാജാവ് പാര്‍ത്തിരുന്നു. സ്വര്‍ണ്ണക്കിരീടത്തിനു പകരം പൂവുകൊണ്ടുള്ള തലപ്പാവ് അണിയുന്നൊരു രാജാവ് ഈ രാജാവിന് മീശ പേടിയായിരുന്നു. തുടര്‍ന്ന് ആ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെല്ലാം കൊച്ചു കൂട്ടുകാരായ നിങ്ങളില്‍ ഓരോരുത്തരിലും ആകാംക്ഷയുണര്‍ത്തും എന്നതിന് സംശയമില്ല. കവയിത്രിയായ സന്ധ്യ എന്‍.പിയുടെ ആദ്യത്തെ ബാലസാഹിത്യനോവല്‍. 'മുടിപ്പാലം'.സന്ധ്യ എന്‍.പി. ഡിസി ബുക്സ്. വില 72 രൂപ.


◾ ചീസ് കഴിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കുമെന്ന് സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. യുകെയില്‍ 400,000 ആളുകളുടെ ഡയറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ ചീസ് പതിവായി കഴിക്കുന്നവരില്‍ കൂര്‍ക്കംവലി മൂന്നിലൊന്ന് ശതമാനമായി കുറഞ്ഞതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ സ്ലീപ് അപ്നിയയുടെ സാധ്യത 28 ശതമാനം വരെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി12, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ചീസ് പക്ഷെ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ കലോറി കൂട്ടാനും സോഡിയന്റെ അളവു വര്‍ധിപ്പിക്കാനും കാരണമായേക്കും. അതിനാല്‍ മിതമായ അളവില്‍ ചീസ് ദിവസവും കഴിക്കാമെന്നും പഠനം പറയുന്നു. അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ചീസ് സ്ട്രോക്ക് സാധ്യതയും സിവിഡി മരണനിരക്കും കുറയ്ക്കുമെന്ന് പറയുന്നു. ഉറക്കത്തിനിടെ പെട്ടെന്ന് ശ്വാസോച്ഛാസം ആവര്‍ത്തിച്ചു നില്‍ക്കുകയും ആരംഭിക്കുകയും ചെയ്യുന്ന ഉറക്ക തകരാറാണ് സ്ലീപ് അപ്നിയ. രണ്ട് തരത്തില്‍ സ്ലീപ് അപ്നിയ കാണാപ്പെടാറുണ്ട്. സ്ലീപ് അപ്നിയയുടെ ഏറ്റവും സാധാരണമായ രൂപമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്എ). തൊണ്ടയിലെ പേശികള്‍ വിശ്രമിക്കുകയും ശ്വാസകോശത്തിലേക്കുള്ള വായു പ്രവാഹം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഒഎസ്എ. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. തലച്ചോറില്‍ നിന്ന് കൃത്യമായ സിഗ്നല്‍ അയക്കാത്തതാണ് സെന്‍ട്രല്‍ സ്ലീപ് അപ്നിയ എന്ന അവസ്ഥയ്ക്ക് പിന്നില്‍. കൂര്‍ക്കംവലി, ഉറക്കത്തില്‍ ശ്വാസം മുട്ടല്‍, വരണ്ട വായ, രാവിലെ തലവേദന, ഉറങ്ങാന്‍ ബുദ്ധിമുട്ട്, അമിതമായ പകല്‍ ഉറക്കം, ഉണര്‍ന്നിരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥത എന്നിവയെല്ലാം സ്ലീപ് അപ്നിയയുടെ ലക്ഷണമാകാം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക