രാജ്യത്തെ പ്രധാന ടെലിക്കോം കമ്ബനികളായ ജിയോ, എയർടെല്‍, ബിഎസ്‌എൻഎല്‍, വിഐ എന്നിവയുടെ വരിക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലിക്കോം ഡിപ്പാർട്ട്മെന്റ് രംഗത്ത്.
രാജ്യത്ത് പല രീതയില്‍ ഡിജിറ്റല്‍ തട്ടിപ്പുകള്‍ വർധിച്ച് വരികയാണ്. ദിവസവും നിരവധി ആളുകള്‍ സൈബർ ക്രിമിനലുകളുടെ കെണിയില്‍ വീഴുന്നു. ഇപ്പോള്‍ ഇന്റർനാഷണല്‍ നമ്ബറുകളില്‍ നിന്നുള്ള കോളുകളിലൂടെയുള്ള തട്ടിപ്പുകളും വീണ്ടും സജീവമായിട്ടുണ്ട്. ഇത്തരം കെണികളില്‍ വീഴാതിരിക്കാൻ ടെലിക്കോം ഉപയോക്താക്കള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) മുന്നറിയിപ്പ് നല്‍കി. പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വിദേശ നമ്ബറുകളില്‍ നിന്നാണ് തട്ടിപ്പ് കോളുകള്‍ പലതും എത്തുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
+77, +89, +85, +86, +84 എന്നിവ പോലുള്ള പരിചിതമല്ലാത്ത കോഡുകളില്‍ നിന്നുള്ള കോളുകള്‍ വന്നാല്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം എന്ന് ടെലിക്കോം വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കോഡുകളില്‍ നിന്ന് അറിയപ്പെടാത്ത നമ്ബറില്‍ കോള്‍ വന്നാല്‍ അതിന് പിന്നില്‍ തട്ടിപ്പുകാർ ആയിരിക്കാമെന്ന ജാഗ്രത ഉണ്ടായിരിക്കണം.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI), ഡിഒടി എന്നിവ ടെലിക്കോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അധികൃതർ എന്ന തരത്തില്‍ എത്തുന്ന കോളുകള്‍ വ്യാജ കോളുകള്‍ ആണെന്നും തങ്ങള്‍ ഇത്തരം കോളുകള്‍ ചെയ്യാറില്ല എന്നും ടെലിക്കോം വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ടെലിക്കോം ഉപയോക്താക്കള്‍ ഇത്തരം കോളുകള്‍ക്കെതിരേ ജാഗ്രത പാലിക്കുകയും സംശയകരമായ കോളുകള്‍ ലഭിച്ചാല്‍ സഞ്ചാർ സാഥി എന്ന പോർട്ടലില്‍ വിവരം റിപ്പോർട്ട് ചെയ്യണം എന്നും ടെലിക്കോം വകുപ്പ് അറിയിച്ചു. ഈ നമ്ബറുകള്‍ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഇവർ മറ്റുള്ള ആളുകളെ തട്ടിപ്പിന് ഇരകളാക്കുന്നത് തടയാൻ DoT-യ്ക്ക് സാധിക്കും.
ട്രായ് അധികൃതർ എന്ന വ്യാജേന എത്തുന്ന കോളുകളെ തുടർന്ന് നിരവധി പേർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇത് കൂടാതെ, പോലീസ് അധികൃതർ, കസ്റ്റംസ് അധികൃതർ, ടാക്സ് അധികൃതർ എന്നിങ്ങനെ വിവിധ പേരുകളിലും വ്യാജ കോളുകള്‍ എത്തുകയും ആളുകളെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നുണ്ട്.
അടുത്തിടെ ട്രായിയില്‍ നിന്ന് എന്ന വ്യാജേന ഒരു വിദ്യാർഥിക്ക് കോള്‍ എത്തുകയും വിദ്യാർഥിയുടെ നമ്ബറിനെപ്പറ്റി വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസില്‍ നിന്ന് ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നേടിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിച്ഛായ ഭയന്ന് വിദ്യാർഥി തന്റെ ബാങ്ക് വിവരങ്ങള്‍ വിളിച്ച ആളുമായി പങ്കുവയ്ക്കുകയും വിദ്യാർഥിക്ക് ഏകദേശം 7.29 ലക്ഷം രൂപ നഷ്ടമാകുകയും ചെയ്തു എന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ഇത്തരത്തില്‍ അധികൃതർ എന്ന വ്യാജേന കോളുകള്‍ ലഭിച്ചാല്‍ അത് തട്ടിപ്പാണ് എന്ന് തിരിച്ചറിയുക. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന വിളിക്കുന്നതിനാല്‍ പലരും ഭയക്കുകയും ആ പേടിയില്‍ നില്‍ക്കുന്നതിനാല്‍ അവർ പറയുന്നത് പ്രകാരം അനുസരിക്കുകയും ചെയ്യുന്നു. അതിനാല്‍ വിളിക്കുന്നത് തട്ടിപ്പുകാരാണ് എന്ന ബോധ്യത്തോടെ ഇത്തരം അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ നേരിടണം.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഏജൻസികളുടെ പേരുകളിലും തട്ടിപ്പുകാർ ആളുകളെ വിളിക്കുകയും പണം തട്ടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം സൈബർ തട്ടിപ്പുകളിലൂടെ ഈവർഷം ഇതുവരെ ഏകദേശം 2,140 കോടി രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. ശരാശരി 214 കോടി രൂപ ഓരോ മാസവും കൊള്ളയടിക്കപ്പെടുന്നു.