അടുക്കളയില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് ഉള്ളി. സവാളയും ചെറിയ ഉള്ളിയും ഉപയോഗിക്കാത്ത വിഭവങ്ങളും കുറവായിരിക്കും.
ഉള്ളി വാങ്ങുന്ന വീടുകളില്‍ നേരിടുന്ന ഒരു പ്രശ്നമാണ് അതിന്റെ തൊലി പെട്ടെന്ന് പൂപ്പല്‍ വന്ന് കറുത്ത് പോകുന്നത്.
കടയില്‍ നിന്ന് വാങ്ങുമ്ബോഴും മിക്കവാറും ഉള്ളിയുടെ തൊലി കറുത്ത് പൂപ്പല്‍ വന്ന നിലയിലായിരിക്കും. ഉള്ളി പെട്ടെന്ന് അഴുകിപ്പോകുന്നതും പലരും നേരിടുന്ന പ്രശ്‌നമാണ്. ഇത്തരത്തില്‍ തൊലി കറുത്ത് പൂപ്പല്‍ വന്ന ഉള്ളി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോയെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും.
ആസ്‌പർജിലെസ് നൈഗർ എന്ന ഒരുതരം പൂപ്പലാണ് സവാളയില്‍ കാണുന്നത്. താപനിലയിലെ വ്യതിയാനങ്ങളാണ് ഉള്ളിയില്‍ പൂപ്പല്‍ ഉണ്ടാകാൻ കാരണമാകുന്നത്. ഇത് വലിയ അപകടകാരിയല്ലെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം പൂപ്പല്‍ ചിലരില്‍ ഓക്കാനം, ഛർദ്ദി, വയറുവേദന, തലവേദന, വയറിളക്കം, ശ്വാസതടസം, തളർച്ച, ചുമ തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. അലർജിയുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്.
സവാളയും ഉള്ളിയും ഉപയോഗിക്കുന്നതിന് മുൻപ് തൊലി കളഞ്ഞ് നന്നായി കഴുകിയെടുക്കണം. സാധാരണ നിലയില്‍ നന്നായി കഴുകുമ്ബോള്‍ തന്നെ പൂപ്പലും കറുത്ത പാടുകളും മാറികിട്ടും. എന്നാല്‍ നന്നായി കഴുകിയിട്ടും പൂപ്പലും മറ്റും മാറുന്നില്ലെങ്കില്‍ അത് ആഹാരം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പൂപ്പലുകള്‍ സാധാരണയായി ഉള്ളിയുടെ പുറം പാളിയിലാണ് കാണപ്പെടുന്നത്. അകം ഭാഗത്തും പൂപ്പലും അഴുകിയ നിലയിലുമാണെങ്കില്‍ അവ ആഹാര യോഗ്യമല്ല.