ആലുവ പോലീസ് സ്റ്റേഷനില്‍നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് പോലീസ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അങ്കമാലി സ്വദേശി ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാൻഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിനായി ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു.
എന്നാല്‍ ലോക്കപ്പ് പൂട്ടാൻ മറന്നുപോയതോടെ ലോക്കപ്പിന് അകത്തുനിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക്കപ്പ് തുറന്ന് പ്രതി രണ്ടാം നിലയിലേക്ക് ചാടിക്കയറിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.