Click to learn more 👇

ഉമ തോമസിന്‍റെ അപകടത്തെ പരിഹസിച്ചവര്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; 'ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാൻ ശ്രമിക്കട്ടെ'


 

ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമവാർത്തകള്‍ക്ക് താഴെ പരിഹാസ കമന്‍റിട്ടവർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.

കമന്‍റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ വിമർശനം. ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാൻ ശ്രമിക്കട്ടെ എന്ന് രാഹുല്‍ പോസ്റ്റില്‍ കുറിച്ചു.


രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്


അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വാർത്തയുടെ പ്രതികരണമാണിത്.


ഈ നികൃഷ്‌ട ജന്മങ്ങള്‍ പിന്നെയും പാടും 'മനുഷ്യനാകണം മനുഷ്യനാകണം'....


ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാൻ ശ്രമിക്കട്ടെ....

ഉമ തോമസിന്‍റെ അപകട വാർത്തക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളിട്ട പ്രവർത്തകരെ വിമർശിച്ച്‌ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അടക്കമുള്ളവർ ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു.


'ശ്രീമതി ഉമ തോമസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു, നാളെ എനിക്കോ നിങ്ങള്‍ക്കൊ സംഭവിക്കാവുന്ന ഒന്ന്. അങ്ങനെയുള്ള അവസരങ്ങളില്‍ അവരുടെ മുൻ അഭിപ്രായപ്രകടനങ്ങള്‍ എടുത്തുവെച്ച്‌ ചർച്ചചെയ്യുക എന്നുള്ളത് ആധുനിക സമൂഹത്തിലെ മനുഷ്യർക്ക് യോജിക്കാത്തതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിർത്തികൊണ്ട് തന്നെ ഇത്തരം അവസരങ്ങളില്‍ കൂടെ നില്‍ക്കുക എന്നതാണ് പുരോഗമന രാഷ്രീയത്തിന്റെ വക്താക്കള്‍ ചെയ്യേണ്ടുന്നത്.. എത്രയും പെട്ടെന്ന് ആരോഗ്യവതിയായി അവർ അവരുടെ കർമമണ്ഡലത്തില്‍ വ്യാപ്രിതയാവട്ടെ' -എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.


ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമവാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്‍റുകളാണ് രാഷ്ട്രീയ എതിരാളികള്‍ പോസ്റ്റ് ചെയ്തത്. ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചായിരുന്നു കമന്‍റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും ധാരാളമുണ്ട്. 'മനുഷ്യരാകണം, മനുഷ്യരാകണം' എന്ന് പാട്ടുപാടി നടന്നാല്‍ പോരെന്നും ഇത്തരം സന്ദർഭങ്ങളിലെങ്കിലും മനുഷ്യരാകാൻ ശ്രമിക്കണമെന്നും ഇതിന് മറുപടിയായി ചിലർ കമന്റ് ചെയ്യുന്നുണ്ട്.


'ധൃതി ഒന്നുമില്ല പതുക്കെ സുഖം പ്രാപിച്ചാല്‍ മതി.പ്രത്യേകിച്ചു കാര്യമൊന്നുമില്ല' 'വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്' 'ആവശ്യമില്ലതെ വെറുതെ വലിഞ്ഞുകയറെണമായിരുന്നേ എന്തിനാ ഇത്ര തിരക്ക് ആർക്കാണ് ഇത്ര തിരക്ക്' ''വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്'', 'എന്തായാലും സർക്കാർ #ധൃതിയില്‍ തന്നെ ഉമാതോമസിന്റെ ചികിത്സ പുരോഗമിപ്പിക്കുന്നുണ്ട്' 'എത്രയും വേഗം ഹോസ്പിറ്റലില്‍ കൊണ്ടുപോ ഒരല്‍പ്പം ദ്യുതിയുണ്ട്.' 'തിരക്കൊന്നും കൂട്ടാതെ ആംബുലൻസില്‍ സൈറണ്‍ ഇടാതെ പതുക്കെ കൊണ്ടോയാല്‍ മതിലോ .?'


'സാവധാനം പോയാല്‍ മതിയായിരുന്നല്ലോ. എന്തിനാ ഇത്ര ധ്യതിയില്‍ പോയാല്‍ മതിയായിരുന്നല്ല. മാപ്രകളെ കൂടെ കൂട്ടണ്ട. അതിൻറെ സ്ലോമോഷനില്‍ റെക്കോർഡ് ചെയ്യാൻ.' 'പ്രായം ആയില്ലേ അമ്മച്ചി ശ്രദ്ധിക്കണ്ടേ, എന്തിനാ ഇത്രയും ധൃതി. ഏതായാലും പതുക്കെ ആണെങ്കിലും സുഖം പ്രാപിക്കട്ടെ..' 'മറ്റാർക്കും ധൃതിയില്ലെങ്കിലും ധൃതിയില്‍ ആശുപത്രിയിലെത്തിക്കുക ധൃതിയില്‍ ചികിത്സ നടത്തുക. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ഇതൊക്കെ ആർക്കും സംഭവിക്കാവുന്നതാണെന്ന് ട്രോളന്മാർ തിരിച്ചറിയണം.' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. സി.പി.എം അനുകൂലികളാണ് ഇത്തരം കുറിപ്പുകള്‍ അധികവും എഴുതിയിരിക്കുന്നത്.


കലൂർ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു ദാരുണ അപകടം. 20 അടിയോളം ഉയരത്തില്‍ നിന്ന് താഴേക്ക് വീണ ഉമ തോമസ് എം.എല്‍.എക്ക് തലക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. എം.എല്‍.എയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിനും മുഖത്തും ചെറിയ പൊട്ടലുകളുണ്ട്.


പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിലാണ്. വാരിയെല്ലിലെ പൊട്ടല്‍മൂലം ശ്വാസകോശത്തിലേക്ക് രക്തസ്രാവമുണ്ടായിട്ടുണ്ട്. രക്തം കട്ടപിടിച്ച നിലയിലാണ്. അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമില്ലെങ്കിലും അപകടനില തരണം ചെയ്തെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക