Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (13/12/2024)


 

പ്രഭാത വാർത്തകൾ

2024 | ഡിസംബർ 13 | വെള്ളി | വൃശ്ചികം 28 


◾ സംസ്ഥാനത്തെയൊന്നാകെ സങ്കടത്തിലാഴ്ത്തി പാലക്കാട് പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്ക് നിയന്ത്രണം തെറ്റി സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 4 വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. ഒരു വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് നിയന്ത്രണം തെറ്റിവന്ന സിമന്റ് ലോറി മറിഞ്ഞ് വീണത്. അപകടത്തില്‍ പെട്ട സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.


◾ ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു. നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ അവസാന ഗെയിമില്‍ അട്ടിമറിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന താരമാണ് ഗുകേഷ് ദൊമ്മരാജു.


◾ വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതേയും വയനാടിനായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതേയും ചര്‍ച്ച പൂര്‍ത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം സംബന്ധിച്ചോ യാതൊരു സൂചനയും ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്‍മേല്‍ സംസാരിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക് സഭയില്‍ നല്‍കിയില്ല. വയനാടിനായി പരമാവധി ഇടപെടലുകള്‍ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും, എസ്ഡിആര്‍എഫില്‍ നിന്നും എന്‍ഡിആറ്എഫില്‍ നിന്നും ദുരിതാശ്വാസ സഹായം നല്‍കി കഴിഞ്ഞെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ കാലം മുതലേ ദേശീയ ദുരന്തമെന്ന പ്രഖ്യാപനം ഇല്ലെന്നും, ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇതോടെ വയനാടിനായി പ്രഖ്യാപനങ്ങളില്ലാത്തതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുകയും പ്രതിഷേധിച്ച് സഭ വിടുകയും ചെയ്തു


◾ പനയമ്പാടത്തുണ്ടായ ലോറി അപകടത്തില്‍ കണ്‍മുന്നില്‍ വെച്ച് ഉറ്റ സുഹൃത്തക്കളായ നാലു പേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ അജ്ന ഷെറിന്‍. അപകടം ഉണ്ടായപ്പോള്‍ താന്‍ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും  കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും ലോറിയുടെ അടിയില്‍ കുടുങ്ങുകയായിരുന്നുവെന്നും അജ്ന ഷെറിന്‍ പറഞ്ഞു.


◾ പാലക്കാട് പനയമ്പാടത്ത്  ഉണ്ടായ ലോറി അപകടത്തില്‍ 4 കുട്ടികള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നലേയും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തേയും പ്രതിഷേധത്തേയും തുടര്‍ന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.


◾ പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നാണ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്ലീനര്‍ വര്‍ഗീസ് ചികിത്സയില്‍ തുടരുകയാണ്. സിമന്റ് ലോറിയില്‍ തട്ടിയ വാഹനത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരേയും കേസെടുത്തിട്ടുണ്ട്.


◾ പാലക്കാട് പനയമ്പാടത്ത് വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോറി പാഞ്ഞുകയറി നാല് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


◾ പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ദില്ലിയില്‍ പറഞ്ഞു. സംഭവത്തില്‍ കര്‍ശനമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.


◾ പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളേയും ഒരുമിച്ച്  ഇന്ന് കബറടക്കം. രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂര്‍നേരം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും.


◾ കേന്ദ്രത്തിന് സംസ്ഥാനത്തെ സഹായിക്കുകയെന്ന ഉത്തരവാദിത്തമുണ്ടെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്സ്‌മെന്റ് ഇല്ലെന്ന് പറഞ്ഞ് കേന്ദ്രം സഹായം വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തലുകളുടെ സമയമല്ല ഇതെന്നും സ്പീക്കര്‍ പറഞ്ഞു. ദുരന്തനിവാരണമല്ല ഇനിയുള്ള കാലങ്ങളില്‍ ദുരന്ത ലഘൂകരണമാണ് ആവശ്യമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.


◾ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നേതാവാണ് എല്ലാത്തിന്റെയും അവസാന വാക്കെന്ന് കരുതരുതെന്നും ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി  വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.  


◾ കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ നടപടിയുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആര്‍ വസന്തനടക്കം കരുനാഗപ്പള്ളിയില്‍ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എസ്.സുദേവനെ രണ്ടാമതും കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.


◾ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി  തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ  തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടു കോടി രൂപ മെഡിക്കല്‍ കോളേജിന് ലഭിക്കും.


◾ എഡിഎം നവീന്‍ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി  ഹര്‍ജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയെ അറിയിച്ചു. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്നും ഇതു പരിശോധിച്ചാല്‍ തന്നെ നവീന്‍ ബാബു ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നുവെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ആശങ്കകള്‍ പരിഹരിക്കാന്‍ കേസ് സിബിഐക്ക് വിടണമെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി.


◾ തിരുവനനന്തപുരം വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തില്‍ സ്റ്റേഷന്റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങാതിരുന്നത് എന്ത്  കൊണ്ടാണെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി കോടതി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.


◾ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക പിഴ സഹിതം തിരികെ ഈടാക്കും. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.


◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. പൊലീസിന് മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ താത്പര്യമില്ലെന്നും കമ്മിറ്റിയുടെ മുന്നിലാണ് മൊഴി നല്‍കിയതെന്നും പരാതിയല്ല നല്‍കിയതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. താത്പര്യമില്ലാത്തവരുടെ മൊഴിയെടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി.


◾ നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക്  വിചാരണ കോടതി നോട്ടീസയച്ചു. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന ആക്രമിക്കപ്പെട്ട നടിയിുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതേസമയം തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹര്‍ജി നാളെ പരിഗണിക്കാനായി  മാറ്റി.


◾ വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട്  കൂടുതല്‍ സഹായം കിട്ടാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി അറിയിച്ചു. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.  വയനാട് പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കിയത്.


◾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.


◾ തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ് തുടങ്ങി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടത്തുന്ന സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


◾ പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇന്നലെ ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു. ഇന്നലത്തെ എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്.  അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.


◾ തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ആറ് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരായിരുന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാലുനില കെട്ടിടത്തിന്റെ പല ഭാഗങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. നൂറിലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.


◾ മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. സര്‍വേകള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന് കീഴ്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ സ്യൂട്ട് ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.


◾ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാരായണ്‍പൂര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള അബുജ്മര്‍ പട്ടണത്തോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ വലിയ രീതിയിലുള്ള ഏറ്റുമുട്ടല്‍ നടന്നതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


◾ രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ചതായും ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് അപകടങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍, താന്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ചോദ്യോത്തര വേളയില്‍ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.


◾ ലോക ചെസ് കിരീടം നേടിയ ഇന്ത്യയുടെ അഭിമാനതാരം ഗുകേഷ് ദൊമ്മരാജുവിന് അഭിനന്ദന പ്രവാഹം. സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഗുകേഷ് നല്‍കിയതെന്നും അദ്ദേഹത്തിന്റെ വിജയത്തിലൂടെ, ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഉറപ്പിച്ചിരിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു വ്യക്തമാക്കി. വെറും 18-ാം വയസ്സില്‍ ലോക ചെസ്സ് ചാമ്പ്യനാകുന്നത് അത്ഭുതകരമായ നേട്ടമെന്നാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ചെസ്സിനും ഇന്ത്യക്കും അഭിമാന നിമിഷം എന്ന് ട്വീറ്റ് ചെയ്ത മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അഭിമാനനിമിഷമാണിതെന്നും കുറിച്ചു.


◾ ലോക ചെസ് ചാമ്പ്യനായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷ് രജനീകാന്ത് - പത്മ ദമ്പതികളുടെ മകനായി 2006 മേയ് 29നാണ് ജനിച്ചത്. പിതാവ് രജനീകാന്ത് ഇഎന്‍ടി സര്‍ജനും അമ്മ ഡോ.പത്മ മൈക്രോബയോളജിസ്റ്റുമാണ്. തെലുങ്കു കുടുംബത്തില്‍ ജനിച്ച ഗുകേഷ് ഏഴാം വയസ്സിലാണ് ചെസ് കളിച്ചു തുടങ്ങിയത്.


◾ കോര്‍പറേറ്റ് കമ്പനികളുടെ ലാഭം 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞത് ഗൗരവതരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന തൊഴില്‍ സെക്ടറുകളില്‍ 2019-2023 കാലയളവില്‍ 0.8 മുതല്‍ 5.4 ശതമാനം വരെയുള്ള ശമ്പള വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊവിഡിന് ശേഷം സമ്പദ് വ്യവസ്ഥ കരകയറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആളുകളുടെ വരുമാനം വര്‍ധിക്കാത്തതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ശമ്പളം കൂട്ടിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇന്ത്യന്‍ തൊഴിലാളികളുടെ ഉത്പാദനക്ഷമത കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് വ്യവസായ ലോകത്തിന്റെ അഭിപ്രായം. തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണം, പുതിയ സാങ്കേതിക വിദ്യകളിലുള്ള അറിവ് വര്‍ധിപ്പിക്കണം, തൊഴില്‍ അവകാശങ്ങളും തൊഴില്‍ സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെട്ടതാക്കണം, ഇക്കാര്യത്തിലെ ചില സര്‍ക്കാര്‍ നയങ്ങളില്‍ കാലോചിതമായ പരിഷ്‌ക്കാരം വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്.


◾ ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന 'റൈഫിള്‍ ക്ലബി' ന് യുഎ ഫിലിം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. തിയേറ്ററുകളില്‍ ഏറെ പുതുമകളുമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം. 'റൈഫിള്‍ ക്ലബ്' എന്ന പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവര്‍ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചനകള്‍. കൂടാതെ വിജയരാഘവന്‍ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പന്‍, സുരേഷ് കൃഷ്ണയുടെ ഡോ. ലാസര്‍, സുരഭി ലക്ഷ്മിയുടെ സൂസന്‍, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്റെ റൊമാന്റിക് സ്റ്റാര്‍, ഉണ്ണിമായയുടെ സൂസന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്.


◾ വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രം 'ബേബി ജോണ്‍' ട്രെയിലര്‍ പുറത്തിറങ്ങി. തമിഴിലെ വിജയ്യുടെ ഹിറ്റ് ചിത്രം തെറിയുടെ റീമേക്കാണ് ചിത്രം. തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രത്തിലെ ക്യാമിയോ റോള്‍ ആണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്ലിയാണ്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാന്‍ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ ക്യാമിയോ റോള്‍ ഉണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിന്റെ അവസാനം റിലീസ് തീയതി പറയുന്നത് സല്‍മാന്റെ ശബ്ദത്തിലാണ്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ബേബി ജോണ്‍. അതീവ ഗ്ലാമറസ് ലുക്കില്‍ വരുണ്‍ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീര്‍ത്തി സുരേഷാണ് ഈ ഗാനത്തില്‍ ഉണ്ടായിരുന്നത്. ദില്‍ജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


◾ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത്, കിയ ഇന്ത്യ അതിന്റെ പുതിയ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ വരാനിരിക്കുന്ന ഈ എസ്യുവി കിയ സിറോസ് ആയിരിക്കും. അത് ഡിസംബര്‍ 19 ന് പുറത്തിറങ്ങും. ഇപ്പോള്‍ ലോഞ്ചിന് മുമ്പ്, കമ്പനി മറ്റൊരു ടീസര്‍ വീഡിയോ പുറത്തിറക്കി. പുതിയ ടീസര്‍ വീഡിയോ ട്രിപ്പിള്‍-ബീം വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും കാണിക്കുന്നു. അതേസമയം, എസ്യുവിയില്‍ പനോരമിക് സണ്‍റൂഫിനുള്ള സാധ്യതയും ഉണ്ട്. എസ്യുവിയുടെ ക്യാബിനില്‍ പുഷ്-ബട്ടണ്‍ എഞ്ചിന്‍, പാര്‍ക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റര്‍, സ്റ്റോറേജ് സ്പേസ്, ചാര്‍ജിംഗ് പാഡ്, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുടെ സൗകര്യം ഉണ്ടായിരിക്കും. ഈ എസ്യുവിക്ക് 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും നല്‍കാം.

കിയയുടെ ഇന്ത്യക്കായുള്ള നാലാമത്തെ ബജറ്റ് മോഡലാണ് സിറോസ്. ഒമ്പത് ലക്ഷം രൂപ മുതലാണ് കിയ സിറോസിന് പ്രതീക്ഷിക്കുന്ന വില.


◾ കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സാധാരണ വിശ്വാസം. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ചും കാലത്തിനനുസരിച്ചും ഒരു ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്കുക സ്വാഭാവികമാണ്. കര്‍ക്കശ വിഷയമായ ഗണിതത്തിലും ഇപ്രകാരം ഉത്തരങ്ങളില്‍ മാറ്റം വരാം എന്ന് സാക്ഷ്യപ്പെടുത്തുന്ന രചനയാണ് രണ്ടും രണ്ടും അഞ്ച്. ശമ്പളക്കണക്ക്, വഴിയുടെ പ്രശ്നം, ഒഴിവാക്കിയ സംഖ്യ, മൂന്നിനേക്കാള്‍ വലുത് രണ്ട്, തീപ്പെട്ടിക്കമ്പ് പ്രശ്നം, നിറമുള്ള മുഖങ്ങള്‍, ഡ്രൈവിങ്ങും കണക്കും തുടങ്ങി ബുദ്ധിയെ ഉദ്ദീപിപ്പിക്കുന്ന ഒട്ടേറെ കണക്കുകള്‍ രസകരമായി അവതരിപ്പിക്കുന്ന കൃതി. 'രണ്ടും രണ്ടും അഞ്ച്'. പള്ളിയറ ശ്രീധരന്‍. ഗ്രീന്‍ ബുക്സ്. വില 85 രൂപ.


◾ ഭക്ഷണം അല്‍പം എണ്ണയില്‍ വറുക്കുകയും പൊരിക്കുകയുമൊക്കെ ചെയ്യുന്നത് വീടിനുള്ളില്‍ മലിനീകരണം വര്‍ധിപ്പിക്കുമെന്ന് ബര്‍മിങ്ഹാം സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു. ഭക്ഷണം പചകം ചെയ്യുന്നതിലൂടെ രണ്ട് തരത്തിലുള്ള വസ്തുക്കളാണ് വായുവില്‍ കലരുന്നതും മലിനീകരണം ഉണ്ടാക്കുന്നതും. ഒന്ന്- സൂഷ്മ കണികകള്‍, രണ്ട്- പാചക സമയത്ത് പുറപ്പെടുന്ന വാതകങ്ങള്‍. ഇവ രണ്ടും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ആസ്മ, കാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. പാന്‍-ഫ്രൈയിങ് ആണ് ഇന്‍ഡോര്‍ മലിനീകരണത്തിന് ഏറ്റവും പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയില്‍ പചകം ചെയ്യുന്നതിലൂടെ ഒരു ക്യൂബിക് മീറ്ററില്‍ ഏകദേശം 93 മൈക്രോഗ്രാം കണികകള്‍ പുറത്തുവിടുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. സ്റ്റീര്‍-ഫ്രൈയിങ് ആണ് ഇന്‍ഡോര്‍ മലിനീകരണം ഉണ്ടാക്കുന്ന രണ്ടാമത്തെ പ്രധാന കാരണം. അതേസമയം ഡീപ്പ് ഫ്രൈ ചെയ്യുന്നത് മലിനീകരണം കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. വെള്ളത്തില്‍ വേവിക്കുന്നതും തിളപ്പിക്കുന്നതും എയര്‍ ഫ്രൈ ചെയ്യുന്നതുമാണ് ഇന്‍ഡോര്‍ മലിനീകരണം ഒഴിവാക്കിയുള്ള മികച്ച പാചക രീതികളായി പഠനം സൂചിപ്പിക്കുന്നത്. എണ്ണയുടെ ഉപഭോഗം കൂടുന്നത് എപ്പോഴും ആരോഗ്യ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ പഠനത്തില്‍ എണ്ണ കുറച്ച് ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നതാണ് മലിനീകരണം തടയുന്നതെന്ന് വ്യക്തമാക്കുന്നു. എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ എല്ലായിടത്തും ഒരുപോലെ ചൂട് എത്താന്‍ സഹായിക്കുന്നു. ഇത് ഭക്ഷണം അമിതമായി ചൂടാകുന്നതും തടയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക