വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികള്‍ സിനിമ കാണാനായി പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസില്‍ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം.
ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നെന്നാണ് സമീപവാസികള്‍ സംശയിക്കുന്നത്.
മഴയും ഇരുട്ടും എതിരേവന്ന വാഹനം കാണുന്നതിനു തടസ്സമായതും അപകടത്തിനു കാരണമായതായി ഇവർ പറയുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് തിയേറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. ഒൻപതുമണിയോടെയാണ് അപകടം നടക്കുന്നത്. അതിനാല്‍ വേണ്ടുവോളം സമയമുണ്ടായിരുന്നതിനാല്‍ അതിവേഗത്തില്‍ വാഹനം ഓടിക്കേണ്ട കാര്യമില്ലെന്നും കൂട്ടുകാർ പറയുന്നു.
സമയം രാത്രി ഒൻപതുമണി കഴിഞ്ഞ് പത്തുമിനിറ്റായിക്കാണും. ചങ്ങനാശ്ശേരിമുക്കിനടുത്ത് ഹൈവേയില്‍ കെ.എസ്.ആർ.ടി.സി. ബസ്സിനടിയിലേക്ക് ഇടിച്ചുകയറിയ കാർ കണ്ടാണ് എന്റെ കാർ നിർത്തിയത്. നോക്കിയപ്പോള്‍ അതിഭീകരമായിരുന്നു സ്ഥിതി. എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജർ എം.ഒ. അരുണിനു മറക്കാനാവില്ല ആ കാഴ്ച. വണ്ടാനം എസ്.ബി.ഐ. ഓഫീസില്‍ ഓഡിറ്റ് കഴിഞ്ഞ് ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്നു അദ്ദേഹം. നോക്കുമ്ബോള്‍ നാലുപേർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ സമീപവാസികള്‍ എടുത്തുമാറ്റിയിരുന്നു. കായംകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സിനടിയിലേക്ക് ഇടിച്ചു കയറിയ ടവേര കാർ വളരെ പണിപ്പെട്ട് നാട്ടുകാർ പുറത്തേക്കു വലിച്ചു.
അപ്പോഴേക്കും അഗ്നിരക്ഷാസേനയുമെത്തി. കയറും കട്ടറും ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ്സില്‍നിന്ന് കാർ വേർപെടുത്തി. ഡ്രൈവിങ് സീറ്റില്‍ കുരുങ്ങിക്കിടന്ന മെഡിക്കല്‍ വിദ്യാർഥിയെ കാറിന്റെ വാതില്‍മുറിച്ച് പുറത്തേക്കെടുക്കുമ്ബോള്‍ നിലവിളിച്ചു. കെ.എസ്.ആർ.ടി.സി. ബസ്സില്‍ ചെറിയ പരിക്കേറ്റവരെയെല്ലാം അവരുടെ നേതൃത്വത്തില്‍ ആശു പത്രിയിലേക്കു കൊണ്ടുപോയി.