Click to learn more 👇

കര്‍ശന നടപടികളിലേക്ക് എംവിഡി; സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാൻ കൊടുത്താല്‍ പ്രശ്നമാകും; സ്വകാര്യ വാഹനയുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


 

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നല്‍കുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.


അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.


വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നല്‍കുന്നതിലും തെറ്റില്ല. 


എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നതും പത്രമാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍ മീഡിയ വഴിയോ പരസ്യം നല്‍കി വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കുന്നതും മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്.


എട്ട് സീറ്റില്‍ കൂടുതല്‍ ഘടപ്പിച്ച്‌ വാഹനങ്ങള്‍ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം വാഹന ഉടമ നല്‍കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്തു നല്‍കിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നല്‍കുന്നത് എന്താവശ്യത്തിനായാലും നിയമവിരുദ്ധമാണ്.


സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ നിയമം അനുവദിക്കുന്നില്ല ( rent a car). എന്നാല്‍ മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് (Rent a Cab ) എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ 50 ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും ( motor Cab ) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്.


അതുപോലെ മോട്ടോർസൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്നതിനായി റെന്‍റ് എ മോട്ടോർസൈക്കിള്‍ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ് . റെന്റ് എ മോട്ടോർസൈക്കിള്‍ സ്കീമില്‍ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോർസൈക്കിളുകള്‍ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്ബർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമില്‍ ഉള്‍പ്പെട്ട ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്ബർ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ ആണ് പ്രദർശിപ്പിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക