Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/12/2024)


 

പ്രഭാത വാർത്തകൾ

2024 | ഡിസംബർ 9 | തിങ്കൾ | വൃശ്ചികം 24 


◾ സംസ്ഥാനത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരില്‍ ഗവ. വിമെന്‍സ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒന്‍പതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരിക്കും.


◾ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഇന്ന് പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


◾ വയനാട് പുനരധിവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ട് വൈകിയതിന്റെ പേരിലാണ് കേന്ദ്രം സഹായത്തില്‍ തീരുമാനമാകാത്തതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന മനുഷ്യത്വ രഹിതമാണെന്നും വയനാട് ജനതയുടെ ദുരിതം നേരിട്ട് മനസിലാക്കിയിട്ടും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം തുടരുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.


◾ കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രിയെ  പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്  കോണ്‍ഗ്രസ് വര്‍ക്കിങ്  കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നതെന്നും  എന്നാല്‍  കരാറില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് ഈ കരാര്‍ റദ്ദാക്കിയില്ല എന്നീ  ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ കണ്ണൂര്‍  എഡിഎം ആയിരുന്ന  നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്നും ബന്ധുക്കള്‍  പറഞ്ഞു.  ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും  ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അവര്‍  പറഞ്ഞു.


◾ എഡിഎം നവീന്‍ ബാബുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും തിരിമറിയുണ്ടായെന്ന് പിവി അന്‍വര്‍. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകള്‍ നവീന്‍ ബാബുവിന് അറിയാമായിരുന്നുവെന്നും  ശശിയുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നവീന്‍ ബാബു കുടുംബത്തെ അറിയിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.  


◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഫേസ്ബുക്കില്‍ കുറിച്ചു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് തനിക്കെതിരെയുള്ള പ്രസ്താവനയെന്ന് പി ശശി പരിഹസിച്ചു. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കേതിരെ  പി. വി അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. അന്‍വര്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും  നവീന്‍ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അന്‍വര്‍ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നുവെന്നും അതില്‍ ആത്മാര്‍ത്ഥത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


◾ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ശശി തരൂര്‍ എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയെന്നും കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്നും സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂര്‍ പ്രതികരിച്ചു. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.


◾ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. വഖഫ്  നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഈ സെഷനില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്റ്  ഉപസമിതിയിലെ ബിജെ പി അംഗങ്ങള്‍ തയറാണെന്നും എന്നാല്‍ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളടക്കം പ്രതിപക്ഷം കൂടുതല്‍ സമയം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് വൈകിപ്പിക്കുയാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.


◾ യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ സമവായത്തിന് വഴിതുറക്കുന്നു. തര്‍ക്കമുള്ള പള്ളികളില്‍ ആരാധനാ സൗകര്യം പങ്കിടാമെന്ന നിര്‍ദേശവുമായി യാക്കോബായ സഭ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് രംഗത്ത്. പൊതുയോഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭരണവും മറ്റുള്ളവര്‍ക്ക് ആരാധനാ സൗകര്യവും നല്‍കാം എന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ചര്‍ച്ചകളിലൂടെ ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ സിബിസിഐ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത ക്രിസ്ത്യന്‍ എംപിമാരുടെ യോഗത്തില്‍ വഖഫ് ബില്ലിനെ എതിര്‍ക്കണമെന്ന നിലപാട് അറിയിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. വഖഫ് ബില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് സിബിസിഐ  നേതൃത്വത്തെ  അറിയിച്ചെന്ന് പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി. മുനമ്പം സമരത്തിന്റെ പേരില്‍ മാത്രം വഖഫ് ബില്ലില്‍ ബിജെപി നിലപാടിനൊപ്പം ചേരരുത് എന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കിയത്.


◾ ഡോക്ടര്‍മാര്‍ക്ക് നിയമസംരക്ഷണം നല്‍കാനുള്ള സ്‌കീമിന്റെ നടത്തിപ്പില്‍ ഐഎംഎ കോടികളുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്റലിജന്‍സ്. ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് സമാനമായ സ്‌കീം നടത്തിപ്പിലാണ് മൂന്ന് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവപല്മെന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ അനധികൃതമായിട്ടായിരുന്നു സ്‌കീം നടത്തിപ്പ്.


◾ വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതി അന്താരാഷ്ട്ര അംഗീകാരം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന 'ഇന്നവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍'' എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.


◾ ദിലീപിന് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നുവെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ പ്രശാന്ത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയുണ്ടാകും. കുറച്ച് നേരത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടു എന്ന് വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.


◾ പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു വിശ്രമ കേന്ദ്രം. വനിതകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ശീതീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.


◾ ശബരിമല ഭക്തന്മാര്‍ക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ 'സ്വാമി ചാറ്റ്ബോട്ട് ' മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടായിരത്തി ഇരുന്നൂറിലധികം എമര്‍ജന്‍സികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും കാണാതായ വ്യക്തികള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, വാഹന തകരാര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ ചാറ്റ്ബോട്ടിന് കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു.


◾ മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന അഭിപ്രായത്തോട് വ്യക്തിപരമായോ പാര്‍ട്ടിയോ യോജിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. പ്രതിപക്ഷ നേതാവല്ല, ആരു പറഞ്ഞാലും അത് വഖഫ് ഭൂമിയാണെന്നും പക്ഷേ ഈ വിഷയത്തില്‍ ഇരകളായി നില്‍ക്കുന്ന മനുഷ്യരുടെ കൂടെ ഞങ്ങള്‍ നില്‍ക്കുകയാണെന്നും ഷാജി വ്യക്തമാക്കി.


◾ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


◾ ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.


◾ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും. ഡിസംബര്‍ 12 ന് ഉച്ചക്ക് 12.30നാണ് അടുത്ത സിറ്റിങ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു.


◾ എന്‍. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ. നിലവില്‍  സസ്പെന്‍ഷനിലായ പ്രശാന്ത് ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമര്‍ശം നടത്തിയെന്നും സസ്പെന്‍ഷന് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയെന്നും സര്‍വ്വീസ് ചട്ട ലംഘനം തുടര്‍ന്നുവെന്നും ചീഫ് സെക്രട്ടറി നല്‍കിയ മെമോയിലുണ്ട്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്ന ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ: എ ജയതിലകിനെതിരെയായിരുന്നു പ്രശാന്തിന്റെ ആരോപണങ്ങള്‍.


◾ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് വികസനത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഗുരുവായൂരിലെ യാര്‍ഡ് വികസനം, തിരുനാവായ പദ്ധതിയില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര പ്രവൃത്തിയായി ഡിവിഷന്‍ തലത്തില്‍ ഏറ്റെടുക്കണമെന്ന് യാത്രക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. പ്രസ്തുത ആവശ്യം അംഗീകരിച്ചുകൊണ്ടാണ്, ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചിരിയ്ക്കുന്നത്.


◾ ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയന്‍ തകര്‍ത്തുവെന്നും ഇനി  തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും പി വി അന്‍വര്‍. തൃണമൂലുമായുളള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ അവര്‍ ദുര്‍ബലമാണെന്നും അന്‍വര്‍  പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാല്‍ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോള്‍ ആലോചനയിലില്ല എന്നും അദ്ദേഹം പറഞ്ഞു.


◾ പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതില്‍ വെല്ലുവിളിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎമ്മിന്റെ ഓഫീസ് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേര്‍ മതിയെന്നും ആണ്‍ കുട്ടികള്‍ ഇവിടെയുണ്ടെന്ന് തെളിയിച്ചുതരാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പിണറായി വെണ്ടുട്ടായിയില്‍ തകര്‍ക്കപ്പെട്ട ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിന് ഒരുങ്ങിയ വെണ്ടുട്ടായിയിലെ ബൂത്ത് കമ്മിറ്റി ഓഫീസ് ശനിയാഴ്ച രാത്രിയാണ് അക്രമികള്‍ തകര്‍ത്തത്.


◾ പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മ്മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ തൃശ്ശൂരിലെ ക്ഷേത്ര ഉത്സവ കൂട്ടായ്മയാണ് ആചാര സംരക്ഷണ സംഗമം സംഘടിപ്പിച്ചത്.


◾ പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റില്‍. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മര്‍ദ്ദനവും ആണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഗൂഢാലോചനയും ശാരീരിക, മാനസിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.


◾ മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.


◾ തിരുവനന്തപുരം മാറനല്ലൂരില്‍ ഓഡിറ്റോറിയത്തിന് അകത്ത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂര്‍ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തില്‍ കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.


◾ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, ബാഹുബലി ചിത്രത്തിന്റെ നിര്‍മാതാവായ ഷോബു യര്‍ലഗഡ്ഡ, സന്തോഷ് ശിവന്റെ അസിസ്റ്റന്റ് എന്നിവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ കയ്യേറി. വാട്‌സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ നിന്ന് വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യുകയാണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്താല്‍ പണം ചോദിക്കുന്നതുള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്.


◾ സ്‌കൂള്‍കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ രണ്ടാം തീയതിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വനയത്തിന് അംഗീകാരം നല്‍കിയത്.


◾ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ദില്ലി മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെയാണ് കര്‍ഷകര്‍ ദില്ലി മാര്‍ച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം.


◾ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ ഏകീകൃത സിവില്‍ കോഡിനെകുറിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം തന്നെ ഇന്ത്യ  പ്രവര്‍ത്തിക്കുമെന്നും ഏകീകൃത സിവില്‍ കോഡ് ഉടന്‍ യഥാര്‍ത്ഥ്യമാകുമെന്നും പറഞ്ഞ അദ്ദേഹം ഹിന്ദു സംസ്‌കാരം മുസ്ലീം വിഭാഗത്തിലുള്ളവര്‍ പിന്തുടരുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഹിന്ദു സംസ്‌കാരത്തോട് അനാദരവ് കാട്ടരുത് എന്നാണ് ആഭ്യര്‍ത്ഥനയെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലാണ് സിറ്റിംഗ് ജഡ്ജിയുടെ പരാമര്‍ശം. അതേസമയം അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് രംഗത്തെത്തി. സിറ്റിംഗ് ജഡ്ജി ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് നാണക്കേടാണെന്ന് ഇന്ദിരാ ജയ്‌സിങ് വിമര്‍ശിച്ചു.


◾ രണ്ട് വര്‍ഷം മുന്‍പ് യുഎസിലെ ഒര്‍ലാന്‍ഡോയിലെ ഐക്കണ്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് ടൈര്‍ സാംപ്‌സണ്‍ എന്ന 14കാരന് ദാരുണാന്ത്യം സംഭവിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന് നഷ്ടപരിഹാരമായി 310 മില്യണ്‍ ഡോളര്‍  നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കുട്ടിയുടെ മാതാപിതാക്കളായ നെകിയ ഡോഡ്, യാര്‍നെല്‍ സാംപ്‌സണ്‍ എന്നിവര്‍ക്ക് 155 മില്യണ്‍ ഡോളര്‍ വീതം നല്‍കണമെന്നാണ് ഓറഞ്ച് കൗണ്ടി ജൂറി ഉത്തരവിട്ടത്.


◾ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ ഭരണ നിയന്ത്രണം വിമത സായുധ സംഘം പിടിച്ചെടുത്തു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി സര്‍ക്കാര്‍ സേന പിന്മാറുകയായിരുന്നു.


◾ രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആഘോഷപ്രകടനങ്ങള്‍. അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന ആയിരകണക്കിന് തടവുകാരെ മോചിപ്പിച്ചു.


◾ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലെന്നും അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ സ്ഥിരീകരണം. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. തലസ്ഥാന നഗരം കീഴടക്കിയതായി വിമതര്‍ പ്രഖ്യാപിക്കുന്ന സമയം ഡമാസ്‌കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു. അതേസമയം, എച്ച് ടി എസിനെയും സിറിയന്‍ ജനതയെയും  താലിബാന്‍ അഭിനന്ദിച്ചു.


◾ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷ് സ്വന്തമാക്കിയത്. ചാന്പ്യന്‍ഷിപ്പിലെ രണ്ടാം ജയത്തോടെ ഡി ഗുകേഷിന് ആറ് പോയിന്റായി. മൂന്ന് മത്സരങ്ങള്‍ ശേഷിക്കുമ്പോള്‍ ലോക ചാന്പ്യന്‍ ആകാന്‍ ഗുകേഷിന് വേണ്ടത് ഇനി ഒന്നര പോയിന്റ് മാത്രം. നിലവിലെ ചാന്പ്യനായ ചൈനീസ് താരം ഡിംഗ് ലിറന് 5 പോയിന്റാണുള്ളത്.


◾ അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിന്. ഫൈനലില്‍ ഇന്ത്യയെ 59 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 32.2 ഓവറില്‍ 139 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.


◾ ഇന്ത്യക്കെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിലും ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസീസ് വനിതകള്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ രണ്ട് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടിയപ്പോള്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 44.5 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.


◾ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് പരമ്പര 1-1 ന് സമനിലയിലാക്കി ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും പതറിയ ഇന്ത്യ 18 റണ്‍സ് മാത്രം ലീഡെടുത്ത് 175ന് ഓള്‍ഔട്ടാവുകയായിരുന്നു. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കി. അഞ്ചിന് 128 എന്ന നിലയില്‍നിന്ന് മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയായിരുന്നു. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റെടുത്തു.


◾ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2,03,116.81 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 1906 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 62,574 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 16,08,782 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന് 45,338 കോടിയുടെ നേട്ടമാണ് ഉണ്ടായത്. 14,19,270 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 26,885 കോടി,റിലയന്‍സ് ഇന്‍ഡസ്ട്രീസ് 26,185 കോടി, എസ്ബിഐ 22,311 കോടി, ഐസിഐസിഐ ബാങ്ക് 19,821 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് എയര്‍ടെലിന് ആണ്. 16,720 കോടിയുടെ നഷ്ടമാണ് എയര്‍ടെലിന് ഉണ്ടായത്. ഐടിസിയുടെ വിപണി മൂല്യത്തില്‍ 7,256 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.


◾ ശരണ്‍ വേണുഗോപാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 16ന് തിയേറ്ററുകളില്‍ എത്തും. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അലന്‍സിയര്‍, ഷെല്ലി, സജിത മഠത്തില്‍, ഗാര്‍ഗി അനന്തന്‍, തോമസ് മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു കുടുംബ ചിത്രമാണ് നാരായണീന്റെ മക്കള്‍ എന്നാണ് ചിത്രത്തിന്റെതായി പുറത്തെത്തിയ പോസ്റ്ററില്‍ നിന്നുള്ള സൂചന.


◾ വേള്‍ഡ് ഫയറായി ബോക്‌സ് ഓഫിസില്‍ കത്തിപ്പടര്‍ന്ന് അല്ലു അര്‍ജുന്റെ 'പുഷ്പ 2'. മൂന്ന് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ നിന്നാണ് ചിത്രത്തിന്റെ മുന്നേറ്റം. ഏറ്റവും വേഗത്തില്‍ 600 കോടി കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് പുഷ്പ 2. ആദ്യത്തെ മൂന്ന് ദിവസത്തില്‍ 383 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് കളക്റ്റ് ചെയ്തത്. ശനിയാഴ്ച മാത്രം 115.58 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ഹിന്ദി വേര്‍ഷനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം വാരിയത്. 73.5 കോടി. തെലുങ്കില്‍ നിന്ന് 31 കോടിയും തമിഴില്‍ നിന്ന് 7.5 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യത്തെ ദിവസം മുതല്‍ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് പുഷ്പ 2 എത്തിയത്. രാജമൗലി ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ആദ്യദിവസം ഏറ്റവും പണം വാരിയ ചിത്രമായി മാറി. ഹിന്ദിയയില്‍ ഷാരുഖ് ഖാന്റെ ജവാനെയും പുഷ്പ 2 മറികടന്നു. ഇതോടെ അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രമായിരിക്കുകയാണ് പുഷ്പ 2.


◾ ബജാജ്, ഹീറോ, ഹോണ്ട, ടിവിഎസ്, സുസുക്കി, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ വലിയ ഡിമാന്‍ഡാണ്. കഴിഞ്ഞ മാസം 1,64,465 യൂണിറ്റ് വില്‍പ്പനയുമായി ബജാജ് ഓട്ടോയാണ് കയറ്റുമതി പട്ടികയില്‍ മുന്നില്‍. കയറ്റുമതി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടിവിഎസ്. കമ്പനി കഴിഞ്ഞ മാസം 87,150 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ഹോണ്ടയുടെ കയറ്റുമതിയും ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ മാസം 39,861 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ഹോണ്ട, പ്രതിവര്‍ഷം 46.70% വളര്‍ച്ച രേഖപ്പെടുത്തി. ഹീറോ കഴിഞ്ഞ മാസം 20,028 യൂണിറ്റുകളും 35.65% വാര്‍ഷിക വളര്‍ച്ചയും നേടി. സുസുക്കി (16,037 യൂണിറ്റുകള്‍), റോയല്‍ എന്‍ഫീല്‍ഡ് (10,021 യൂണിറ്റുകള്‍) കഴിഞ്ഞ മാസം നല്ല പ്രകടനം കാഴ്ചവച്ചു, കയറ്റുമതി യഥാക്രമം 14.87%, 95.95% വളര്‍ച്ച നേടി.


◾ ഭ്രമാത്മകവും ദുരൂഹവുമായ കഥാസന്ദര്‍ഭങ്ങള്‍ അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന വിസ്മയം സാധ്യമാക്കുന്ന കൃതി. കത്തിയ മുറി പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാന ചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം. 'വിശ്വപ്രസിദ്ധ ചാരക്കഥകള്‍'. എ.എസ് അയൂബ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 380 രൂപ.


◾ പാദങ്ങള്‍ ചെറു ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നത് ശരീരം മൊത്തത്തില്‍ റിലാക്സ് ആകാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. പാദങ്ങള്‍ മുക്കിവെക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഇന്തുപ്പു കൂടി ചേര്‍ക്കുന്നത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും വീക്കം കുറയ്ക്കാനും ചെറിയ വേദന ഒഴിവാക്കാനും സഹായിക്കുന്നു. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇന്തുപ്പ് പരുക്കനായിരിക്കുന്ന ചര്‍മത്തെ മൃദുവാക്കാനും സഹായിക്കും. വെള്ളത്തില്‍ എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ക്കുന്നത് അരോമാതെറാപ്പിയുടെ ഗുണങ്ങള്‍ നല്‍കും. ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും അതേസമയം ടീ ട്രീ ഓയിലില്‍ പാദങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്ന ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. കുഴിനഖം ഒഴിവാക്കാനും ഇത് നല്ലതാണ്. പെപ്പര്‍മിന്റ് ഓയില്‍ ഊര്‍ജ്ജസ്വലമാക്കും. 


വെള്ളത്തിന്റെ താപനില ഏകദേശം 37- 40 ഡിഗ്രി സെല്‍ഷ്യസ് ക്രമീകരിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികള്‍ റിലാക്സ് ആകാനും സഹായിക്കും. പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നത് രക്തക്കുഴലുകള്‍ വികസിക്കാനും കാലുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. കൂടുതല്‍ നേരം ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ക്കും രക്തചംക്രമണം കുറവുള്ളവര്‍ക്കും ഇത് വളരെ ഗുണം ചെയ്യും. രക്തചംക്രമണം വര്‍ധിക്കുന്നത് പിരിമുറുക്കം ശമിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സന്ധിവേദനയുള്ളവര്‍ക്ക് ഇങ്ങനെ പരിശീലിക്കുന്നത് ഏറെ നല്ലതാണ്. പാദങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നത് പേശികളെയും സന്ധികളെയും അയവുള്ളതാക്കാന്‍ സഹായിക്കും. സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കാന്‍ ഇത് വളരെയേറെ സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക