2024 | ഡിസംബർ 18 | ബുധൻ | ധനു 3
◾ ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി - നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകുമെന്നും വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ദേശീയ തലത്തില്‍ പരീക്ഷകളില്‍ മാറ്റം നിര്‍ദ്ദേശിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉന്നത തല കമ്മിറ്റി റിപ്പോര്‍ട്ട്. 101 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുളളത്. നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കണമെന്നും ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 142 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലവിലുള്ളത് പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ ഗവര്‍ണ്ണറുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തു. സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണ്ണറും സര്‍ക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.
◾ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എം എസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയിലെ സാധ്യത ചോദ്യങ്ങളുമായി സി ഇ ഒ ഷുഹൈബ് ഓണ്‍ലൈന്‍ ചാനലിന്റെ ലൈവിലെത്തി. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്ന് ലൈവില്‍ പ്രതികരിച്ച ഷുഹൈബ്, വാര്‍ത്തകളില്‍ കാണുന്നതല്ല സത്യമെന്നും മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്നും ആരോപിച്ചു.
◾ 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വിണാ ജോര്‍ജ് ഇന്ന് നിര്‍വ്വഹിക്കും. പുതിയ ഒ പി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും.
◾ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ - കെവൈസി അപ്ഡേഷന്‍ പുരോഗമിക്കുന്നു. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
◾ എന്‍.സി.പിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളായ പി.സി.ചാക്കോയും തോമസ്.കെ.തോമസും. മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതില്‍ ഇരുവരും ശരദ് പവാറിനെ അതൃപ്തിയറിയിച്ചു.
◾ വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ അഴിമതി നടത്താനുള്ള വെള്ളാനയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിനെതിരെയും വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
◾ സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ 6 മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്ന് മാസം പെര്‍മിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ പിറവത്ത് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.
◾ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.
◾ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്ത സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാന്‍ മാന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
◾ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസിന് നാടിന്റെ യാത്രാമൊഴി. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ക്ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മര്‍ത്തോമ പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പള്ളി സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.
◾ കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി. നഴ്സിങ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
◾ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാണ് സ്റ്റേ നല്‍കിയത്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
◾ ഓര്‍ത്തോഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
◾ തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടററ്റിന്റെ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
◾ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ നിയമം ലംഘിക്കേണ്ടിവരുമെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ശബരിമല പ്രക്ഷോഭങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും തൃശൂര്‍ പൂരം കലക്കാന്‍ കോടതി വരുന്നു എന്നാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ സംശയമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
◾ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടും. മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്നലെ പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്.
◾ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
◾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത പാര്‍ട്ടി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കുമെന്ന് ബിജെപി വൃത്തങ്ങള്‍. ബില്ല് അവതരണത്തിന്റെ വോട്ടെടുപ്പില്‍ 269 വോട്ടുകളാണ് ഭരണപക്ഷത്തിന് കിട്ടിയത്. എന്‍ഡിഎയ്ക്ക് 293 സീറ്റുകള്‍ ഉണ്ടെന്നിരിക്കെ 20 ബിജെപി എംപിമാരെങ്കിലും വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്.
◾ ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മോദി സര്‍ക്കാര്‍ അടിമത്ത മനോഭാവത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ചതായും അവകാശപ്പെട്ടു.
◾ പ്രിയങ്ക ഗാന്ധി പലസ്തീന്‍ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തര്‍ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ ബാഗ് ധരിച്ചു നടക്കുകയാണെന്നാണ് യോഗി പരിഹസിച്ചത്. ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യു പി സ്വദേശികളായ യുവാക്കള്‍ ഇസ്രായേലിലുണ്ടെന്നും നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ യോഗി വിവരിച്ചു.
◾ മൂന്ന് വര്‍ഷം മുന്‍പ് ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. 2021 മാര്‍ച്ചില്‍ മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് വിവരം നല്‍കിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവ ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിച്ചെന്നും മാര്‍പാപ്പ ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.
◾ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒമ്പത് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
◾ ബ്രസീലിന്റെ യുവ സ്ട്രൈക്കറും റയല്‍ മഡ്രിഡ് താരവുമായ വിനീസ്യൂസ് ജൂനിയറിനെ ഫിഫ ദ് ബെസ്റ്റ് പുരുഷ താരമായി തിരഞ്ഞെടുത്തു. മികച്ച വനിതാ താരമായി ബാര്‍സിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസന് ലഭിച്ചു.
◾ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം 48-കാരനായ റൊണാള്‍ഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
◾ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോളിസി ഉടമകള്‍ അന്വേഷിച്ചു വരാതെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പക്കലുള്ളത് 3726.8 കോടി രൂപ. കാലാവധി പൂര്‍ത്തിയായ പോളിസികളില്‍ നിന്ന് ഉടമകള്‍ കൈപ്പറ്റാനുള്ളതാണ് ഇത്രയും തുക. 3,72,282 പോളിസികളിലാണ് ഇത്തരത്തില്‍ അവകാശികള്‍ വരാത്തത്. 189 പോളിസി ഉടമകള്‍ മരണപ്പെട്ടിട്ടും ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാത്ത ഇനത്തില്‍ 3.64 കോടി രൂപയുമുണ്ട്. കാലാവധി കഴിഞ്ഞ പോളിസികളെക്കുറിച്ചും ലഭിക്കാനുള്ള തുകയെക്കുറിച്ചും അറിയാന്‍ എല്‍.ഐ.സി വെബ്‌സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.licindia.in എന്ന വെബ്‌സൈറ്റില്‍ അവകാശികളില്ലാത്ത പോളിസികളുടെ പട്ടിക ലഭ്യമാണ്. അവകാശികളില്ലാത്ത പോളിസി തുകകള്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ മാറ്റുന്ന തുക അവകാശികള്‍ എത്തിയാല്‍ നല്‍കാറുണ്ട്. ഇതിന് കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ഇത്തരത്തില്‍ പോളിസി കാലാവധി അവസാനിച്ച് 25 വര്‍ഷം വരെ പോളിസി ഉടമയ്‌ക്കോ നോമിനിക്കോ തുകയില്‍ അവകാശം ഉന്നയിക്കാം.
◾ വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രമാണ് 'ബേബി ജോണ്‍'. തമിഴിലെ വിജയ്യുടെ ഹിറ്റ് ചിത്രം തെറിയുടെ റീമേക്കാണ് ചിത്രം. ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളുടെ ശമ്പള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷോബിസ്ഗലൂര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ചിത്രത്തിലെ നായകനായ വരുണ്‍ ധവാന് 25 കോടിയാണ് ബേബി ജോണിലെ പ്രതിഫലം. നേരത്തെ അമസോണ്‍ സീരിസ് ഹണി ബണ്ണിയില്‍ 20 കോടി വരുണ്‍ പ്രതിഫലം വാങ്ങിയിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷിന് പ്രതിഫലം 4 കോടി രൂപയാണ്. പ്രധാന വില്ലനായി എത്തുന്ന ജാക്കി ഷ്രോഫിന് 1.5 കോടിയാണ് പ്രതിഫലം. വാമിഖ ഗബ്ബിക്ക് 40 ലക്ഷമാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡിസംബര്‍ 25നാണ് ചിത്രം പുറത്തിറങ്ങുന്നത്.
തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രത്തിലെ ക്യാമിയോ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ വലിയ പ്രത്യേകതയായി ഇതിനകം വന്നിട്ടുണ്ട്. ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്ലിയാണ്.
◾ അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുന്നു. ആഗോള ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 ഇപ്പോള്‍ നേടിയിരിക്കുന്നത്. പുഷ്പയ്ക്ക് മുന്നില്‍ ബാക്കിയുള്ളത് ബാഹുബലി 2വും ദംഗലും മാത്രമാണ്. റിലീസായി 12 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആഗോള കളക്ഷനില്‍ എസ്എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (1230 കോടി) കെജിഎഫ് 2 (1215 കോടി) എന്നിവയുടെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ആമീര്‍ ഖാന്‍ നായകനായ ദംഗല്‍ 2000 കോടി, രജമൌലി തന്നെ സംവിധാനം ചെയ്ത ബാഹുബലി 2 1790 കോടി എന്നിവ മാത്രമാണ് പുഷ്പ 2വിന് മുന്നിലുള്ളത്. പുഷ്പ 2 ബാഹുബലി 2 കളക്ഷന്‍ മറികടന്നേക്കും എന്നാണ് വിവരം. ഇന്ത്യയില്‍ മൊത്തം കളക്ഷന്‍ 1000 കോടിയിലേക്ക് അടുക്കുകയാണ് പുഷ്പ 2വിന്റെത്. അതേ സമയം പുഷ്പ 2 ഹിന്ദി കളക്ഷന്‍ 500 കോടി കടന്നിട്ടുണ്ട്. ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഹിന്ദി ചിത്രങ്ങള്‍ വെറും 7 എണ്ണമാണ്. അതില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേട്ടം കൈവരിക്കുന്ന ചിത്രമായി പുഷ്പ 2 മാറിക്കഴിഞ്ഞു.
◾ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മഹീന്ദ്ര കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവി ആണ് സ്‌കോര്‍പിയോ. 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മഹീന്ദ്ര സ്‌കോര്‍പിയോ മൊത്തം 1,54,169 യൂണിറ്റ് എസ്യുവികള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചു. ഈ കാലയളവില്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ എന്നിവയ്ക്ക് ശേഷം രാജ്യത്തെ എസ്യുവി വില്‍പ്പന പട്ടികയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ നാലാം സ്ഥാനത്താണ്. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉണ്ട്, അത് പരമാവധി 132 ബിഎച്ച്പി കരുത്തും 300 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഈ എസ്യുവി രണ്ട് വേരിയന്റുകളില്‍ വാങ്ങാം. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 13.59 ലക്ഷം മുതല്‍ 17.35 ലക്ഷം രൂപ വരെയാണ്.
◾ ഈ കഥകളും അനുഭവങ്ങളും ആത്മീയതയുടെ മുനമ്പുകളില്‍നിന്ന് മിസ്റ്റിക്കുകള്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. അവ കഥകളാണ്. എന്നാല്‍ അവ കഥകളല്ലതാനും. അവ കാര്യങ്ങളാണ്. കാര്യങ്ങളുടെ കാര്യമാണ്. അവ ജീവിതപാഠങ്ങളാകുന്നത് അതുകൊണ്ടാണ്. അത് ഉപദേശമായും മാര്‍ഗ്ഗനിര്‍ദ്ദേശമായും ആത്മീയാചാര്യന്മാര്‍ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലുകള്‍ വെളിപാടുകളുടെ സഞ്ചയമാണ്. അനുഭവങ്ങളുടെ സിന്ദൂരച്ചെപ്പിലൊളിപ്പിച്ചുവെച്ച അദ്ധ്യായങ്ങള്‍ക്കാവാത്ത കുറുങ്കവിതയാണ്. ആയിരം വാക്കുകള്‍ക്ക് വരയ്ക്കാനാവാത്ത അകപ്പൊരുളിന്റെ നിറചിത്രമാണ് ഇവിടെ പുറത്തുവരുന്നത്. ജീവിതത്തിന്റെ അകപ്പൊരുള്‍ കണ്ടെത്തുന്ന 100 മിസ്റ്റിക് കഥകളുടെ സമാഹാരം. '100 ധ്യാനകഥകള്‍'. പുനരാഖ്യാനം - സലാം എലിക്കോട്ടില്‍. മാതൃഭൂമി. വില 144 രൂപ.
◾ നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്. പക്ഷേ, ഇത്തരം ശീലങ്ങള്‍ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്‍ബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂട് പാനീയങ്ങള്‍ മൂലമുണ്ടാകുന്ന ഉയര്‍ന്ന താപനില നമ്മുടെ കോശങ്ങള്‍ വിഭജിക്കുന്നതിന്റെയും സ്വയം പുനര്‍നിര്‍മ്മിക്കുന്നതിന്റെയും രീതിയെ ബാധിക്കാമെന്നും ഇത് അര്‍ബുദസാധ്യത വര്‍ധിപ്പിക്കാമെന്നും പറയുന്നു. അന്നനാളിയില്‍ നീര്‍ക്കെട്ടിനും കോശങ്ങളുടെ വ്യതിയാനങ്ങള്‍ക്കും ചൂട് പാനീയങ്ങള്‍ കാരണമാകാം. 65 ഡിഗ്രി സെല്‍ഷ്യസിലോ 149 ഡിഗ്രി ഫാരന്‍ഹീറ്റിലോ കൂടുതല്‍ താപനിലയുള്ള പാനീയങ്ങളാണ് അപകട സാധ്യതയുണ്ടാക്കുന്നതെന്ന് കരുതപ്പെടുന്നു. പാനീയങ്ങളുടെ ചൂട് മിതമായ തോതിലാക്കുന്നത് ഇത്തരം അപകട സാധ്യതകള്‍ കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചൂട് പാനീയങ്ങള്‍ക്ക് പുറമേ പുകവലി, മദ്യപാനം, മോശം ദന്തശുചിത്വം എന്നിവയും വായിലെയും അന്നനാളിയിലെയും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു.