മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടതില്‍ കടുത്ത അതൃപ്തി അറിയിച്ച് കല്യാണ്‍ സില്‍ക്സ്.
തങ്ങളുടെ ഉത്പന്നങ്ങള്‍ ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന് കല്യാണ്‍ സില്‍ക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നല്‍കിയതെന്നും കല്യാണ്‍ സില്‍ക്സ് നിർമിച്ച് നല്‍കിയ സാരിക്ക് ഈടാക്കിയത് 390 രൂപ മാത്രമാണെന്നും ടെക്സ്റ്റൈല്‍സ് കമ്ബനി വ്യക്തമാക്കി.
ഹോള്‍സെയില്‍&റീട്ടെയില്‍ വസ്ത്രവ്യാപാരത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ് കല്യാണ്‍ സില്‍ക്സ്. മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കല്യാണിന്റെ പേരുകൂടി ഉള്‍പ്പെട്ടതോടെയാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ വിശദീകരണം നല്‍കാൻ അവർ നിർബന്ധിതരായത്. 12,500 സാരികള്‍ നിർമിച്ചുനല്‍കാൻ ആവശ്യപ്പെട്ട് കല്യാണ്‍ സില്‍ക്സിനെ സമീപിക്കുകയായിരുന്നു മൃദംഗനാദം സംഘാടകർ.
പരിപാടിയില്‍ ദിവ്യ ഉണ്ണി അടക്കം മുഴുവൻ നർത്തകരും ധരിക്കുന്നതിന് വേണ്ടി എക്സ്ക്ലൂസീവായ ഡിസൈൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാരി ഒന്നിന് 390 രൂപ എന്ന കണക്കിലാണ് ഓർഡർ നല്‍കിയത്. എന്നാല്‍ 1,600 രൂപയാണ് നർത്തകരില്‍ നിന്ന് സംഘാടകർ ഈടാക്കിയതെന്ന് പരിപാടിക്ക് ശേഷമാണ് അറിയുന്നതെന്നും കല്യാണ്‍ സില്‍ക്സ് അറിയിച്ചു.
ന്യായവിലയും സുതാര്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും അനാവശ്യമായ ചൂഷണങ്ങള്‍ക്ക് ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയുണ്ടെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മൃദംഗനാദം സംഘാടകരുമായി വാണിജ്യ ഇടപാട് മാത്രമാണുള്ളത്, വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പരിപാടിയുടെ പേരില്‍ 3,600 രൂപ മുതല്‍ 6,000 രൂപ വരെയാണ് ഓരോ നർത്തകരില്‍ നിന്ന് സംഘാടകർ ഈടാക്കിയത്. കല്യാണ്‍ സില്‍ക്സിന്റെ വിലകൂടിയ പട്ടുസാരിയാണ് ഉപയോഗിക്കുന്നതെന്ന ന്യായീകരണം സംഘാടകർ എടുത്തുകാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാണ്‍ സില്‍ക്സ് വിശദീകരണം നല്‍കിയത്.
കലൂർ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ഉമാ തോമസിനുണ്ടായ അപകടമായിരുന്നു. സ്റ്റേഡിയത്തിലെ ഗാലറിയില്‍ കെട്ടിപ്പൊക്കിയ സ്റ്റേജില്‍ കൈവരി ഇല്ലാതിരുന്നതിനെ തുടർന്ന് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു എംഎല്‍എ ഉമാ തോമസ്. നിലവില്‍ ഗുരുതരാവസ്ഥയിലാണ് അവർ. അപകടവുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ മൃദംഗനാദം സംഘാടകരുടെ മുൻകൂർ ജാമ്യഹർജികളില്‍ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.