2000 രൂപ നോട്ടുകളില്‍ 98.08 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023 മേയ് 19നാണ് 200 രൂപ നോട്ടുകള്‍ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.
അവ തിരിച്ചെത്തുന്നതിന്റെ എണ്ണവും ഇടയ്‌ക്കിടെ പുറത്തുവിടാറുണ്ട്. 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ 2016 നവംബറിലാണ് ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടുകള്‍ ബാങ്ക് അവതരിപ്പിച്ചത്.
മേയില്‍ പിൻവലിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ കൈവശം വച്ചിരുന്ന 2000രൂപ നോട്ടുകളുടെ എണ്ണം 3.56 ലക്ഷം കോടി രൂപയായിരുന്നു, ഇപ്പോഴത് 6,839 കോടി രൂപയായി കുറഞ്ഞിട്ടുണ്ടെന്നും ആർബിഐ അറിയിച്ചു.
2023 ഒക്‌ടോബർ ഏഴ് മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപയുടെ നിക്ഷേപം അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് സൗകര്യം ലഭ്യമാണ്. എന്നാല്‍, 2024 ഒക്‌ടോബറായതോടെ ഈ സേവനം 19 ആർബിഐ ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇവിടെയെത്തി വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിക്ഷേപിക്കാം.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാല്‍, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊല്‍ക്കത്ത, ലക്‌നൗ, മുംബയ്, നാഗ്പൂർ, ഡല്‍ഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആർബിഐ ഓഫീസുകളിലാണ് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനാവുക. നേരിട്ട് മാത്രമല്ല, വ്യക്തികള്‍ക്ക് തപാല്‍ വഴി രാജ്യത്തുടനീളമുള്ള എവിടെനിന്നും 2000 രൂപ നോട്ടുകള്‍ ഈ ഓഫീസുകളിലേക്ക് അയയ്‌ക്കാം. ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ്.