Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/12/2024)


 

*പ്രഭാത വാർത്തകൾ*

2024 | ഡിസംബർ 8 | ഞായർ | വൃശ്ചികം 23


◾ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യന്‍ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരില്‍ നിന്നും ഒരാളെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. പൗരോഹിത്യത്തിന്റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്. കത്തോലിക്ക സഭയുടെ നായകനിരയില്‍ ഇനി കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടുമുണ്ടാവും.


◾ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങിനിടെ പ്രധാനമന്ത്രി എക്സില്‍ കുറിപ്പിട്ടത്.


◾ സിറോ മലബാര്‍ സഭയ്ക്ക് ചരിത്ര നിയോഗമാണ്  മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവിയെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ലളിത ജീവിതം നയിക്കുന്ന വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടെന്നും നയതന്ത്ര രംഗത്തുള്ള  മാര്‍ കൂവക്കാടിന്റെ പ്രാഗത്ഭ്യം  മാര്‍പാപ്പ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് സഹായകരമാകുമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.


◾ ആരാധനാലയ സംരക്ഷണ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന തീരുമാനവുമായി സുപ്രീംകോടതി. ഡിസംബര്‍ പന്ത്രണ്ട് മുതല്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യയ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ  നിലപാട് കോടതി തേടിയിരുന്നു. പിന്നീട് ഹര്‍ജികള്‍ കോടതി പരിഗണിച്ചിരുന്നില്ല .


◾ ചൂരല്‍മലയിലെ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ഒരുപാട് സഹായങ്ങള്‍ വേണ്ടിവരുമെന്നും അതിനുവേണ്ടിയുള്ള പണം തരാന്‍ തയ്യാറാവുമോ ഇല്ലയോ എന്ന് കേന്ദ്രം പറയണമെന്നും റവന്യൂമന്ത്രി കെ. രാജന്‍. ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസ വിഷയത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


◾ വയനാട് പുനരധിവാസത്തിനായി സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇരുസര്‍ക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ ഇവരുമായി ആശയവിനിമയംപോലും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.


◾ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായം കൈമാറാന്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ കാത്തുനില്‍ക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ദുരിതബാധിതര്‍ക്കായി ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു..


◾ തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് ഹര്‍ജി. ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ പാതയോരങ്ങളില്‍ സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് സമ്മേളനം നടന്നതെന്ന് ചൂണ്ടിക്കാണിച്ച് മരട് സ്വദേശിയായ എന്‍. പ്രകാശാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.


◾ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ട്രാന്‍സ്ഫറല്ല വേണ്ടിയിരുന്നതെന്നും അതിനാലാണ് സി.പി.എമ്മില്‍ ചേരാതിരുന്നതെന്നും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍. പെരുന്നയില്‍ പോയി എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അമൃതപുരിയില്‍ പോയി മാതാ അമൃതാനന്ദമയി ദേവിയേയും കണ്ടെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് പാണക്കാട് പോയി സാദിഖലി തങ്ങളെ കണ്ടതു മാത്രമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.


◾ വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.


◾ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലുണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ചതായി മന്ത്രി പി രാജീവ്. 588.11 കോടി രൂപ പദ്ധതിക്കായി ആര്‍ബിഡിസിക്ക് കൈമാറി. സീപോര്‍ട്ട്-എയര്‍പോര്‍ട്ട്് റോഡ് എന്‍ എ ഡി - മഹിളാലയം ഭാഗത്തിന്റെ നിര്‍മ്മാണത്തിനുള്ള വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.


◾ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍, മുന്‍മന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജന്‍. വിദ്യാര്‍ഥി സംഘടനയില്‍ ആയിരുന്നപ്പോള്‍ ജി.സുധാകരന്‍ ഞങ്ങളുടെ നേതാവായിരുന്നുവെന്നും അന്നു മുതല്‍ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും ജയരാജന്‍ പറഞ്ഞു.


◾ പരമ്പരകള്‍ക്ക് സെന്‍സര്‍ഷിപ് വേണമെന്നും  സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ശ്രീകുമാരന്‍ തമ്പി. ദേശാഭിമാനി വാരികയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യപ്പെടുത്തിയ തന്റെ അഭിമുഖത്തിലാണ് ഈ  ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചതെന്നും   സ്വന്തമായി പരമ്പര നിര്‍മ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഈ അഭിപ്രായം തുറന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  പ്രേംകുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നുവെന്നും  താന്‍ അദ്ദേഹത്തോടു പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും ശ്രീകുമാരന്‍  തമ്പി  വ്യക്തമാക്കി.


◾ നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദിലീപിന്റെ  സോപാനത്തിന് മുന്നിലെ ദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിക്ക് കൈമാറി . ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടര്‍ന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തില്‍ തുടര്‍ന്നതിനാല്‍ മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തില്‍ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി.


◾ ദിലീപിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. സോപാനത്തിന് മുന്നില്‍ ഭക്തരുടെ ദര്‍ശനത്തിന് തടസ്സമുണ്ടാകരുതെന്നും കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും  ഇക്കാര്യം പൊലീസും ദേവസ്വം ബോര്‍ഡും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.


◾ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്.


◾ കണ്ണൂര്‍ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് എംകെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എംകെ രാഘവന്‍ എംപിയാണ് കോളേജ് ചെയര്‍മാന്‍. ഇവിടെ 2 അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. എന്നാല്‍ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.


◾ ബിപിന്‍ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ബിപിന്‍ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ട മധു മുല്ലശ്ശേരിയും മകന്‍ മിഥുന്‍ മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നത്.


◾ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായ നീക്കങ്ങള്‍ക്ക് തയ്യാറെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്. സഭയ്ക്ക് അതിന്റെ ചട്ടക്കൂടുകളും വിശ്വാസ പ്രമാണങ്ങളും ഉണ്ടെന്നും അതെല്ലാം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ചര്‍ച്ചക്കായാണ് ശ്രമം നടത്തുന്നതെന്നും ജോസഫ് മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കി. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഒരുപാട് ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജോസഫ് മാര്‍ ഗ്രിഗോറിയസ് ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കയെടുക്കണമെന്നും ആവശ്യപ്പെട്ടു.


◾ കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോര ഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് വികസനത്തില്‍ ഈ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയോര ഹൈവെയുടെ തൃശൂര്‍ ജില്ലയിലെ മൂന്നാം റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1251 കീ.മി. ദൂരത്തില്‍ 13 ജില്ലകളിലൂടെയാണ് മലയോരഹൈവെ കടന്നുപോകുന്നത്.


◾ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ ആറാട്ടുപുഴ ക്ഷേത്രത്തിന് മുമ്പില്‍ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനകളുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്.


◾ പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാസിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും മരിച്ച ഇന്ദുജയുമായി അജാസിനെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്.


◾ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍  വീണ്ടും ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


◾ മോദിക്കും അദാനിക്കുമെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎസിന് പങ്കുണ്ടെന്ന ബിജെപി ആരോപണങ്ങള്‍ക്കെതിരെ  യുഎസ് എംബസി. ആരോപണങ്ങള്‍ നിരാശപ്പെടുത്തുന്നത് എന്നും ദില്ലിയിലെ യുഎസ് വക്താവ് പ്രതികരിച്ചു. ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരാശാജനകമാണെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.


◾ ദില്ലിയില്‍ ക്രിസ്ത്യന്‍ എംപിമാരുടെ യോഗം വിളിച്ചതില്‍ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ക്രിസ്ത്യന്‍ എംപിമാരുടെ യോഗം ചേര്‍ന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗപചാരിക കൂട്ടായ്മ മാത്രമാണെന്നും യോഗത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും സിബിസിഐ വിശദീകരണ കുറിപ്പിലൂടെ പ്രതികരിച്ചു.


◾ പുഷ്പ 2 പ്രീമിയര്‍ ഷോ ദിനത്തില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍. പുഷ്പ 2 വിജയാഘോഷ ചടങ്ങിലാണ് ഹൈദരാബാദിലുണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തിനേടിയിട്ടില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.


◾ വ്യാജ ഗോവധക്കേസില്‍ രണ്ട് മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹല്‍ സെഷന്‍സ് കോടതി ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുസ്ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലീസുകാര്‍ക്കെതിരേയും കേസിലെ സാക്ഷികള്‍ക്കെതിരേയും കേസ് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.


◾ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതായി സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു.


◾ സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. വിമത പക്ഷം പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചു. അതേസമയം, രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രംഗത്തെത്തി. ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു.


◾ ബ്രിട്ടനെ വിറപ്പിച്ച ഡാറ ചുഴലിക്കാറ്റ് തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്.  ചുഴലിക്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 86,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


◾ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്.


◾ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും അസം സ്വദേശിയുമായ ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.


◾ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം. രണ്ടാം ഇന്നിങ്‌സിലും കളി മറന്ന ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം.


◾ ഏപ്രില്‍ മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ചൈന ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 1.7 ദശലക്ഷം മെട്രിക് ടണ്‍ സ്റ്റീല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35.4 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിലകുറഞ്ഞ ചൈനീസ് സ്റ്റീല്‍ ഇറക്കുമതി ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിലകുറഞ്ഞ ചൈനീസ് ഇറക്കുമതി തടയുന്നതിനായി 25 ശതമാനം സുരക്ഷാ തീരുവയോ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലിക നികുതിയോ ചുമത്തുന്നത് സ്റ്റീല്‍ മന്ത്രാലയം പരിഗണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.7 ദശലക്ഷം മെട്രിക് ടണ്ണിലേക്കും ഉയര്‍ന്നു. ജപ്പാനില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ഇക്കാലയളവില്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


◾ ശിവകാര്‍ത്തികേയന്‍, സായി പല്ലവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'അമരന്‍' ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമരന്‍'. മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി സായി പല്ലവി വേഷമിടുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് 'അമരന്‍' നിര്‍മിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്റെ വേഷത്തില്‍ 'പ്രേമലു'വില്‍ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ശിവകാര്‍ത്തികേയനും എത്തുന്നു.


◾ സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'കങ്കുവ' ഒടിടിയിലേക്ക്. ചിത്രം ഡിസംബര്‍ എട്ട് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. നവംബര്‍ 14ന് തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമയില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്.


◾ ലക്കി ഭാസ്‌കറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നിസാന്‍ പട്രോള്‍. ഭാസ്‌കറിന്റെ അഭിമാനമായ ഈ എസ്യുവി ദുല്‍ഖറിന്റെ സ്വകാര്യ കളക്ഷനിലേതാണ്. തന്റെ ഒരു വാഹനം ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. നിസാന്റെ ഐതിഹാസിക എസ്യുവിയായ പട്രോളിന്റെ 1993 മോഡലാണ് ഇത്. വൈ60 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് ഇത് എന്നാണ് കരുതുന്നത്. ചിത്രത്തിനു വേണ്ടി വാഹനം റീസ്റ്റോര്‍ ചെയ്തു എന്നാണ് ദുല്‍ഖര്‍ പറഞ്ഞ്. കെഎല്‍07 ഡിഡി 0369 എന്ന നമ്പറില്‍ റീ റജിസ്ട്രേഷന്‍ ചെയ്ത വാഹനം എവിടെനിന്നാണ് ദുല്‍ഖര്‍ സ്വന്തമാക്കിയതന്നു വ്യക്തമല്ല. പട്രോളിന്റെ നാലാം തലമുറയാണ് ഈ മോഡല്‍. 1988 മുതല്‍ 1998 വരെയാണ് ഈ വാഹനം പുറത്തിറങ്ങിയത്. മൂന്നു ലീറ്റര്‍, 4.2 ലീറ്റര്‍ പെട്രോള്‍, 2.8 ലീറ്റര്‍, 4.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനത്തിനുണ്ട്. ഇതു കൂടാതെ ലാന്‍ഡ് റോവര്‍, ബീറ്റില്‍, ടൊയോട്ട സുപ്ര തുടങ്ങി വിന്റേജ് വാഹനങ്ങളുടെ വലിയ ശേഖരവുമുണ്ട് ദുല്‍ഖര്‍ സല്‍മാന്.


◾ പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകന്‍ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവര്‍. ഒരു പിടി വാടാമലരുകള്‍, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം, ഒരു തൊട്ടാവാടിചരിതം തുടങ്ങി പത്ത് ചെറുകഥകളാണ് ഉള്ളടക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് കഥാകൃത്ത് എം. സുകുമാരന്‍ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരികയെഴുതിയതിലെ അവസാനവാക്യം ഇങ്ങിനെയാണ്: ആരെല്ലാമോ അവനെഴുതുന്ന കഥകള്‍ വായിക്കാറുണ്ട്. ഏതെല്ലാമോ ഹൃദയങ്ങളില്‍ അവന്റെ വരികള്‍ വെയിലും നിലാവും പരത്തുന്നു. 'ഇനിയും നഷ്ടപ്പെടാത്തവര്‍'. അനന്തപദ്മനാഭന്‍. ഡിസി ബുക്സ്. വില 135 രൂപ.


◾ രാവിലെ കാപ്പി കുടിക്കുന്നത് ദിവസം തുടങ്ങാനുള്ള ഊര്‍ജം നല്‍കും എന്നാല്‍ ഈ ശീലം നിങ്ങളുടെ ആയുസ് കൂട്ടുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, ദിവസവും മിതമായി കാപ്പി കുടിക്കുന്ന ശീലം നിങ്ങള്‍ക്ക് ആരോഗ്യകരമായ രണ്ട് വര്‍ഷം ജീവിതത്തില്‍ അധികം കിട്ടുമെന്ന് പോര്‍ച്ചുഗലിലെ കോയിംബ്ര സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്രായമാകുമ്പോള്‍ ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതില്‍ കാപ്പിയില്‍ അടങ്ങിയ സംയുക്തങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പിയുടെ ഉപഭോഗം ഹൃദ്രോഗം, വൈജ്ഞാനിക തകര്‍ച്ച, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുന്നതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നും ഏജിങ് റിസര്‍ച്ച് റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 1.8 വര്‍ഷത്തെ ശരാശരി ആരോഗ്യ വര്‍ധനവ് പതിവായി കാപ്പി കുടിക്കുന്നവരില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച ആരോഗ്യകരമാകുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആന്റി-ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ കാപ്പിയില്‍ 2000-ലധികം ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മിശ്രിതമുണ്ട്. ഇത് ന്യൂറോ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കാപ്പിക്ക് ആന്റി-ഏജിങ് ഗുണങ്ങളുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക