*പ്രഭാത വാർത്തകൾ*
2024 | ഡിസംബർ 11 | ബുധൻ | വൃശ്ചികം 26
◾ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന്‍ അഭിഷേക് സിങ്വിയും ഇന്നലെ വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
◾ മാറിമാറി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ പ്രത്യേക ഗ്രാന്റും കൂടുതല്‍ വിഹിതവും അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം. സംസ്ഥാനത്തിനുള്ള ധനവിഹിതത്തില്‍ കാര്യമായ വര്‍ധന വേണമെന്നും ധനകാര്യകമ്മീഷനോട് സര്‍ക്കാരും പ്രതിപക്ഷവും ഒരു പോലെ ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസന പുരോഗതി കൂടി കണക്കിലെടുത്ത് നികുതി വിഹിതം കണക്കാക്കുന്നതിനുള്ള മാനദണ്ഡം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചിട്ടുണ്ട്.
◾ പതിനാറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ എന്തെല്ലാം ഉള്‍പ്പെണമെന്ന കാര്യത്തില്‍ കേരളത്തിന്റെ നിലപാട് കൃത്യമായി ബോധ്യപ്പെടുത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചകളുടെ ഭാഗമായി കേരളത്തിലെത്തിയ നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ കമ്മീഷന് മുന്നിലാണ് കേരളത്തിന്റെ ആവശ്യങ്ങളും നിലപാടും അറിയിച്ചത്.
◾ രാജ്യസഭയില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് വ്യക്തമാക്കി. രാജ്യസഭാദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ ചരിത്രത്തിലാദ്യമായിട്ടാണ് രാജ്യത്ത് ഒരു അവിശ്വാസ പ്രമേയം വരുന്നത്.
◾ വിഴിഞ്ഞം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേരളത്തോടുള്ള നിര്‍മ്മല സീതാരാമന്റെ വെറുപ്പും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലും തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എംപി അഡ്വ പി സന്തോഷ് കുമാര്‍. വിഴിഞ്ഞം അന്താരാഷ്ട്ര കടല്‍ വികസന പദ്ധതിക്ക് നല്‍കിയ വയബിലിറ്റി ഗ്യാപ് ഫണ്ട് സംബന്ധിച്ച് എംപി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മന്ത്രാലയം നല്‍കിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയില്‍ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ വായ്പയായിട്ടല്ല ഗ്രാന്റായാണ് വിജിഎഫ് നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
◾ കെ ഗോപാലകൃഷ്ണന്‍ ഐ എ എസിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനുമെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാന്‍ വ്യാജ ഫയല്‍ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. തെളിവായി ഇ-ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗണ്‍ലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കുന്ന ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്.
◾ മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിന്‍മേലുളള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വികര്‍ വാങ്ങിയതാണെന്നും വഖഫ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് വിശദീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.
◾ വയനാട്ടില്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്തുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് പുനരധിവാസത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കേരള സര്‍ക്കാര്‍ ചെയ്തത് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര നിലപാടിന് തുല്യമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
◾ എംകെ രാഘവന്‍ എം.പി ചെയര്‍മാനായ മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതില്‍ ഇന്നലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് എംകെ രാഘവന്റെ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. കോളേജിലെ അനധ്യാപക തസ്തികയില്‍ കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം.
◾ സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കര്‍ണാടക ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
◾ പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ഉള്‍പ്പെടുന്ന ചാവക്കാട് താലൂക്കില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍. പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. അവധിയുണ്ടെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.
◾ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. കാലടി സര്‍വകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷം ഇതിന്റെ ആഭിമുഖ്യത്തില്‍ എല്ലാ കലാലയങ്ങളിലും ജെന്‍ഡര്‍ പാര്‍ലമെന്റുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
◾ റഷ്യയിലേക്ക് യുദ്ധത്തിനായി മനുഷ്യക്കടത്ത്. തൃശൂര്‍ സ്വദേശികളായ ജയിന്‍, ബിനില്‍ എന്നിവരെ ജോലിക്കെന്ന് പറഞ്ഞ് എത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. വീട്ടുകാരുടെ പരാതിയില്‍ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം.
◾ ഇ.പി.ജയരാജന്റേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് കൊല്ലം സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമര്‍ശനം. അതേസമയം ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു. കൊല്ലത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.
◾ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയില്‍ നിന്ന് ഡെലിഗേറ്റ് കിറ്റുകള്‍ ഏറ്റുവാങ്ങി.
◾ ചകിരി മില്ലില്‍ നിന്ന് മാലിന്യം തള്ളുന്നതിനെതിരെ പ്രതികരിച്ച ആളെ അറസ്റ്റ് ചെയ്ത് ചൊറിയണം തേയ്ക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്രേറ്റ് കോടതി ഒരു മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2006 ആഗസ്റ്റ് അഞ്ചിനുണ്ടായ സംഭവത്തില്‍ 18 വര്‍ഷത്തിനു ശേഷമാണ് വിധി. അന്ന് ചേര്‍ത്തല എസ്ഐ ആയിരുന്നു മധുബാബു. സര്‍വീസില്‍ നിന്നും വിരമിച്ച എഎസ്ഐ ആയിരുന്ന മോഹനനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
◾ കേരളത്തില്‍ ചാവേര്‍ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ടതിന് വിചാരണക്കോടതി പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി ശിക്ഷാ ഇളവ് നല്‍കി. കൊച്ചിയിലെ എന്‍ ഐ എ കോടതി വിധിച്ച പത്തുവര്‍ഷത്തെ തടവ് ശിക്ഷയാണ് എട്ടു വര്‍ഷമായി കുറച്ചത്. നിലവില്‍ അഞ്ചുവര്‍ഷമായി ഇയാള്‍ ജയിലിലാണ്.
◾ കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍ (21) ആണ് മരിച്ചത്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്ന ആല്‍വിനെ നിയന്ത്രണം വിട്ട ഒരു കാര്‍ ഇടിച്ചിടുകയായിരുന്നു. അതേസമയം യുവാവിന്റെ ജീവനെടുത്ത അപകടമുണ്ടാക്കിയ രണ്ടു വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
◾ കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നും ഇത് പ്രകാരം ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്ന ചിത്രമാണ് പുഷ്പ 2 എന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവായ രാജ് ഷെഖാവത്ത്. ചിത്രത്തില്‍ ഷെഖാവത്ത് എന്ന വാക്ക് പലയിടത്തും അധിക്ഷേപം പോലെയാണ് ഉപയോഗിക്കുന്നതെന്നും ഇത് ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയില്‍ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്നും നിര്‍മ്മാതാക്കളോട് രാജ് ഷെഖാവത്ത് ആവശ്യപ്പെട്ടു.
◾ കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സംഭവം.
◾ ഹരിയാനയിലെ ഗുരുഗ്രാമില്‍ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വദേശിയായ സച്ചിന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
◾ ട്രക്കും വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. മഥുര - കൈസര്‍ഗഞ്ച് ഹൈവേയില്‍ നടന്ന അപകടത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് പരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്. പിക്കപ്പ് വാനും കൊറിയര്‍ കണ്ടെയ്നര്‍ ട്രക്കുമാണ് കൂട്ടിയിടിച്ചത്.
◾ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
◾ അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി.
◾ ഉത്തര്‍ പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബാംഗങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ വസതിയായ 10 ജന്‍പഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
◾ റഷ്യയും യുക്രൈനും ഒരുമിച്ച് നിര്‍മിച്ച യുദ്ധക്കപ്പല്‍ ഇന്ത്യക്ക് കൈമാറി. 2016ലാണ് ഇന്ത്യ രണ്ട് യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത്.ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ റഷ്യ കപ്പല്‍ ഇന്ത്യക്ക് കൈമാറി.
◾ കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് പരിഹസിച്ചത്.
◾ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി വിമതര്‍ അധികാരം പിടിച്ചെടുത്ത സിറിയയില്‍ വിമതര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിലവിലെ ഭരണകര്‍ത്താക്കളില്‍ ഒരാളായ മുഹമ്മദ് അല്‍ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. മാര്‍ച്ച് ഒന്ന് വരെ സര്‍ക്കാരിനെ നയിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സിറിയയില്‍ ബഷാര്‍ അല്‍ അസദിനെ പുറത്താക്കാന്‍ വിമതരെ സഹായിച്ചവരില്‍ പ്രധാനിയാണ് മുഹമ്മദ് അല്‍ ബഷീര്‍.
◾ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം എഴുതിതള്ളുകയാണ് പതിവ്. ഈ വര്‍ഷത്തെ കണക്ക് പുറത്തു വന്നപ്പോള്‍ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് മുന്നില്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ പൊതുമേഖല ബാങ്കുകളെല്ലാം ചേര്‍ന്ന് 42,035 കോടി രൂപയാണ് എഴുതി തള്ളിയത്. എസ്.ബി.ഐ ഇത്തരത്തില്‍ എഴുതിതള്ളിയത് 8,312 കോടി രൂപയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് തൊട്ടുപിന്നില്‍, 8,061 കോടി രൂപ. യൂണിയന്‍ ബാങ്ക് (6,344), ബാങ്ക് ഓഫ് ബറോഡ (5,925) എന്നിവരും ലിസ്റ്റിലുണ്ട്. അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ കിട്ടാക്കടം തിരിച്ചുപിടിച്ചതിലും ബാങ്കുകള്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 37,253 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ തിരിച്ചുപിടിച്ചത്. എഴുതി തള്ളുന്ന തുകയുടെ അളവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറയ്ക്കാനായത് ബാങ്കുകളെ സംബന്ധിച്ച് നേട്ടമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.14 ലക്ഷം കോടി രൂപയായിരുന്നു എഴുതിതള്ളിയത്. അതിനു തൊട്ടുമുമ്പേയുള്ള വര്‍ഷം 1.18 ലക്ഷം കോടി രൂപയും.
◾ ബിജു മേനോനും മേതില്‍ ദേവികയും ഒന്നിച്ച 'കഥ ഇന്നുവരെ' ചിത്രം ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസംബര്‍ 13ന് മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സാക്‌നിക് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.03 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ആകെ ലഭിച്ച കളക്ഷന്‍. 2018ല്‍ പുറത്തിറങ്ങിയ കെയര്‍ ഓഫ് കഞ്ചരപാലം എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആയാണ് കഥ ഇന്നുവരെ എത്തിയത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് 2021ല്‍ പുറത്തിറങ്ങിയിരുന്നു. നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
◾ കുഞ്ചാക്കോ ബോബന്‍ നായകനായി വന്ന ചിത്രമാണ് 'ബോഗയ്ന്‍വില്ല'. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഒടിടി റീലിസ് തിയ്യതി പ്രഖ്യാപിച്ച് സോണിലിവ് ടീസര്‍ പുറത്തുവിട്ടു. 13 നാണ് ബോഗയ്ന്‍വില്ല ഒടിടിയില്‍ എത്തുക. ബോഗയ്ന്‍വില്ല ഓപ്പണിംഗ് കളക്ഷന്‍ ആറ് കോടിക്ക് മുകളിലായിരുന്നു. കുഞ്ചാക്കോ ബോബന്‍ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രങ്ങളായുണ്ടെങ്കിലും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗന്‍വില്ലയില്‍ എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം ആണ്. നായകന്‍ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാന്‍ ഭീഷ്മ പര്‍വത്തിന് സാധിച്ചിരുന്നു.
◾ ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ പുതിയ സൂപ്പര്‍ ബൈക്കായ കെടിഎം 390 എന്‍ഡുറോ ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വ്യത്യസ്തമായ എല്‍ഇഡി ഹെഡ്ലാമ്പ്, ചെറിയ ഇന്ധന ടാങ്ക്, എന്‍ഡ്യൂറോ-സ്‌റ്റൈല്‍ നീളമുള്ള ടെയില്‍ എന്നിവയുള്ള ഒരു മിനിമലിസ്റ്റ് സ്‌റ്റൈല്‍ ആണ് ഇതിന്റെ പ്രധാന ഫീച്ചര്‍. പുതിയ 390 അഡ്വഞ്ചര്‍ എസ്സിനൊപ്പം കെടിഎം 390 എന്‍ഡ്യൂറോ ആര്‍ ജനുവരിയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. വില ഏകദേശം 3.30 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെയായിരിക്കും. ഫ്‌ലാറ്റ്, മോട്ടോക്രോസ് ശൈലിയിലുള്ള സീറ്റ്, പുള്‍ഡ്- ബാക്ക് ഹാന്‍ഡില്‍ബാര്‍ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍. ഓഫ് റോഡ് റൈഡിന് അനുയോജ്യമായ രീതിയിലാണ് ബൈക്കിന്റെ ഡിസൈന്‍. കെടിഎം 390 ഡ്യൂക്കിന് കരുത്ത് പകരുന്ന അതേ 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്. 45.3 ബിഎച്ച്പിയും 39 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കുന്ന എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
◾ കുസൃതിയൊളിപ്പിച്ച ഒരു പുഞ്ചിരിയോടെയും ചെറു കണ്ണിറുക്കലോടെയും വിവരിക്കാന്‍ പാകമായ കുറേ അനുഭവങ്ങളുടെ ഒരു ശേഖരം താന്‍ സ്വരൂപിച്ചതായി തോന്നുന്ന നിമിഷം മറ്റൊന്നിനും കാത്ത് നില്‍ക്കാതെ വിഷ്ണു അവ എഴുതുകയാണ്. മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ബഹുമുഖമായ ഇഴകളെ രചയിതാവ് സൂക്ഷ്മമായി ചേര്‍ത്ത് വയ്ക്കുന്നു .പൊട്ടിച്ചിരിപ്പിക്കുന്നതും നെഞ്ചുലക്കുന്നതുമായ ഒരു കൂട്ടം സംഭവങ്ങളുടെ ജനരെഴുത്ത്. പ്രകൃതിക്കുള്ള പ്രണയ ലേഖനം പോലെ യാത്രകളുടെ ഉജ്ജ്വലമായ വിവരണം, ട്രെയിനിങ് കാലത്തെ സൈനിക ജീവിതത്തിന്റെ ഛായാചിത്രം... അങ്ങനെ എന്തെല്ലാം. 'ഇവിടെ അല്പനേരം'. വിഷ്ണു കല്‍പടയ്ക്കല്‍. ലോഗോസ് ബുക്സ്. വില 199 രൂപ.
◾ ആന്റി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ പപ്പായ ഇടയ്ക്കിടെ ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പപ്പായയുടെ കുരു അധികമാരും ഉപയോഗിക്കാറില്ല. അവയുടെ രുചിയില്ലായ്മ തന്നെയാണ് കാരണം. പപ്പായ പോലെ തന്നെ ആരോഗ്യഗുണങ്ങള്‍ നിരവധി അടങ്ങിയിട്ടുണ്ട് പപ്പായയുടെ കുരുവിലും. പപ്പായയുടെ കുരുവില്‍ അടങ്ങിയ പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്തും വര്‍ധിപ്പിക്കും. കഴിച്ച ഭക്ഷണത്തെ എളുപ്പം ദഹിപ്പിച്ച് വയറു ശുദ്ധിയാക്കാന്‍ ഇത് സഹായിക്കും. കാന്‍സറിന് കാരണമായേക്കാവുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കാനും പപ്പായയുടെ കുരു കഴിക്കുന്നത് നല്ലതാമ്. പപ്പായ കൃത്യമായി കഴിച്ചാല്‍ ഭാവിയില്‍ അര്‍ബുദം പിടിപെടാന്‍ സാധ്യത കുറവാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നുത്. എന്നാല്‍ കുട്ടികള്‍ക്ക് പപ്പായയുടെ കുരു നല്‍കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടണം. കൂടാടെ ചിലര്‍ക്ക് ഇതിനോട് അലര്‍ജി ഉണ്ടാകാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കരുത്.