ഇഞ്ചി വിലകുത്തനെ കൂപ്പുകുത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഒന്ന് രണ്ട് സീസണുകളില്‍ മികച്ച വിലയായിരുന്നു ലഭിച്ചിരുന്നത്.
ഇത്തവണയും വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാന ഇഞ്ചി കൃഷി ചെയ്യുന്ന നിരവധി പേരുണ്ട്. വിലയിടിവ് കടുത്ത സാമ്ബത്തിക ബാധ്യതയാണ് വരുത്തിയിരിക്കുന്നത്. മറുനാട്ടില്‍ കൃഷി നടത്തുന്ന കർഷകർക്ക് സർക്കാർ സഹായം ഉറപ്പാക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ സർക്കാറുകള്‍ കൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളാണ് ചെയ്യുന്നത്. പ്രത്യേകിച്ച് കർണാടക സർക്കാർ. ജലസേചനം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കാണ് സബ്സിഡി നിരക്കില്‍ സർക്കാർ സഹായം ചെയ്യുന്നത്. കേരള സർക്കാറും കൃഷി പ്രോത്സാഹനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതല്‍ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കർഷകരാണ്. കേരളത്തില്‍ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കൃഷി ചെയ്യുന്ന ആയിരകണക്കിന് കർഷകരാണുള്ളത്. കേരളത്തെ അപേക്ഷിച്ച് വന്യമൃഗ ശല്യവും കർണാടകയില്‍ കുറവാണ്. ഉത്പാദനം കൂടുതല്‍ ലഭിക്കുകയും ചെയ്യും. ഇതാണ് കൂടുതല്‍ കർഷകരെയും കർണാടകയില്‍ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
2022ല്‍ ആയിരുന്നു അടുത്തകാലത്ത് ഇഞ്ചിക്ക് ഏറ്റവും കുറഞ്ഞ വില ലഭിച്ചിരുന്നത്. 60 കിലോ ചാക്കിന് 600 രൂപയായിരുന്നു ഇഞ്ചി വില. അതിനുശേഷം വില ഉയർന്ന് ചാക്കിന് 1500 രൂപ വരെയായി. 2024 ആഗസ്റ്റില്‍ ഒരു കിലോ ഇഞ്ചിക്ക് 150 രൂപയായിരുന്നത് കുതിച്ചുയർന്ന് 2024 ഒക്ടോബറില്‍ കിലോക്ക് 200 ' രൂപയായി. എന്നാല്‍ അത് വിളവെടുപ്പ് കാലമായിരുന്നില്ല. 2024 ഡിസംബറിന് ശേഷം വിളവെടുപ്പ് ആരംഭ ഘട്ടത്തില്‍ വില കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ 60 കിലോ ചാക്കിന് 1250 രൂപയായി.
ഉത്പാദന ചിലവിന്റെ പകുതി മാത്രമാണിത്. 60 കിലോ ചാക്കിന് 3000 രൂപയെങ്കിലും കർഷകർക്ക് ലഭിക്കണം. എന്നാല്‍ മാത്രമേ വലിയ നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാൻ ആകുമെന്നും കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ഉയർന്ന വില കൊടുത്ത് വിത്ത് വാങ്ങിയാണ് കർഷകർ പലരും കൃഷി ഇറക്കിയത്. വില കുറഞ്ഞതോടെ കൂടിയ പണിക്കൂലി കൊടുത്ത് തൊഴിലാളികളെ കൂട്ടി ഇഞ്ചി പറിച്ചെടുത്ത് വൃത്തിയാക്കി മാർക്കറ്റിലെത്തിക്കാൻ കഴിയുന്നില്ലന്നും പലരുടെയും സാമ്ബത്തിക നില പാടെ തകർന്നെന്നും കർഷകർ പറയുന്നു.