വയനാട്ടില്‍ ബൈക്ക് യാത്രക്കാരായ കുടുംബം കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
കാട്ടാന പാഞ്ഞടുത്ത് ആക്രമിക്കാൻ ഒരുങ്ങുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മാനന്തവാടി തിരുനെല്ലി റോഡിലൂടെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കാരാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എതിര്‍ഭാഗത്തുനിന്നും വരുകയായിരുന്ന കാര്‍ യാത്രക്കാരാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കാട്ടാനയെ കണ്ട് ബൈക്ക് നിര്‍ത്തി. കാട്ടാന ബൈക്കിനുനേരെ ആക്രമിക്കാൻ ഒരുങ്ങി നില്‍ക്കെ പെട്ടെന്ന് തന്നെ ബൈക്ക് ഓടിച്ചിരുന്നയാള്‍ വേഗത്തില്‍ പോവുകയായിരുന്നു. ബൈക്കിന് തൊട്ടുസമീപം കാട്ടാന എത്തിയെങ്കിലും ആത്മധൈര്യം കൈവിടാതെ ബൈക്ക് യാത്രികൻ വേഗത്തില്‍ പോയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ബൈക്കിന് പുറകില്‍ അമ്മയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കാട്ടാന ബൈക്കിന് പുറുകെ ഓടുകയും ചെയ്തു.
ഇതുകൊണ്ട് കാര്‍ യാത്രക്കാരും വേഗത്തില്‍ തന്നെ പുറകോട്ട് വണ്ടിയെടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കള്‍ സംഭവം കണ്ട് പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചെങ്കിലും ബൈക്കിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.