യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍.
അസം സ്വദേശികളായ യാസ്മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് തങ്ങള്‍പടിയിലെ സ്വകാര്യ ലോഡ്ജില്‍നിന്നും ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തത്.
പൊലീസ് ഇൻസ്പെക്ടർ കെ. നൗഫല്‍, പ്രിൻസിപ്പല്‍ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനില്‍കുമാർ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരില്‍നിന്ന് മൊബൈല്‍ ഫോണുകളും ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വീഡിയോകള്‍, ഫോട്ടോകള്‍, ബാങ്ക് അക്കൗണ്ട്സ് വിവരങ്ങള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. സംഘം നേരത്തേ ആരെയെങ്കിലും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് സംഘം കെണിയില്‍പെടുത്തിയത്. ഇയാള്‍ നേരത്തെ മുംബൈയിലായിരുന്നു. ഹിന്ദി സംസാരിക്കാൻ അറിയാം. മൊബൈല്‍ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ വന്നിരുന്ന യാസ്മിൻ ആലവുമായി യുവാവാണ് കാര്യങ്ങള്‍ സംസാരിച്ചിരുന്നത്.
യാസ്മിൻ ആലവുമായി സൗഹൃദത്തിലായതിന്റെ മറവില്‍ യുവാവിനെ താമസസ്ഥലത്തേക്കു വരുത്തി സുഹൃത്തായ ഖദീജ കാത്തൂനെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തിയെന്നാണ് പരാതി. യുവാവും ഖദീജയുമൊത്തുള്ള ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകർത്തിയ യാസ്മിൻ പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തി പലതവണ പണം തട്ടിയെടുക്കുകയായിരുന്നു.
അക്കൗണ്ടിലുണ്ടായിരുന്ന പത്തു ലക്ഷത്തോളം രൂപ യുവാവ് സംഘത്തിന് കൈമാറി. വീണ്ടും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ഇതോടെ യുവാവ് ബെംഗളൂരുവിലുള്ള സഹോദരിയോടു പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഇതിന് പിന്നാലെ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.