വിക്ഷേപണത്തിന് പിന്നാലെ മസ്കിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് തകർന്നു. വ്യാഴാഴ്ച ടെക്സാസില്‍ നിന്ന് വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് പ്രോട്ടോടൈപ്പ് തകർന്നത്.
സ്റ്റാർഷിപ്പിന്റെ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടാവുന്ന അപകടമൊഴിവാക്കാൻ മെക്സിക്കൻ കടലിന് മുകളില്‍കൂടെ പോകേണ്ട ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 5.38നായിരുന്നു സൗത്ത് ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷണ സാറ്റലൈറ്റിനേയും വഹിച്ചുകൊണ്ടുള്ള സ്റ്റാർഷിപ്പിന്റെ വിക്ഷേപണം. പറന്നുയർന്ന് എട്ട് മിനുട്ടുകള്‍ക്ക് ശേഷം സ്പേസ്എക്സ് മിഷൻ കണ്ട്രോളിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്റ്റാർഷിപ്പിന്റെ സൂപ്പർ ഹെവി ബൂസ്റ്ററില്‍നിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൂസ്റ്റർ ലോഞ്ചിങ് പാഡിലേക്ക് എത്തി. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിനു മുകളില്‍ ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങള്‍ ആകാശത്ത് പരന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഞങ്ങള്‍ക്ക് സ്റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായി. അപ്പർ സ്റ്റേജ് ഘട്ടത്തില്‍ അപാകതകളുണ്ടെന്നാണ് അത് വ്യക്തമാക്കുന്നത് എന്ന് സ്പേസ്എക്സ് കമ്മ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹൂത്ത് വ്യക്തമാക്കി.
വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെ മിയാമി വിമാനത്താവളത്തില്‍ നിന്നുള്ള 20 വിമാനസർവീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. വിജയം സുനിശ്ചിതമല്ല, എന്നാല്‍ വിനോദം ഉറപ്പാണ് എന്നാണ് സ്റ്റാർഷിപ്പ് അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മസ്ക് എക്സില്‍ കുറിച്ചത്.
Success is uncertain, but entertainment is guaranteed! ✨
pic.twitter.com/nn3PiP8XwG
മാർച്ചില്‍ നടത്തിയ സ്റ്റാർഷിപ്പ് വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രശ്നം സംഭവിച്ചത്. എങ്കിലും ഇത് വ്യോമഗതാഗതത്തെ ബാധിക്കുന്നത് ആദ്യമായാണ്. 2023ലാണ് മസ്ക് സ്റ്റാർഷിപ്പ് വിക്ഷേപണങ്ങള്‍ ആരംഭിക്കുന്നത്. ഏഴാമത്തെ പരീക്ഷണമായിരുന്നു ഇന്നലത്തേത്. വലുതും ഭാരമേറിയതും ശക്തിയേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്പ്. വിക്ഷേപണത്തിന് ഇതിലുള്ള 71 മീറ്റർ വലിപ്പമുള്ള ഹെവി ബൂസ്റ്റർ ഭാഗത്തെ ലോഞ്ചിങ് പാഡിലെ മെക്കാസില്ലയെന്ന കൂറ്റൻ യന്ത്രക്കൈകളിലേക്ക് വിജയകരമായി തിരിച്ചെടുക്കാനായി. ഈ ദൗത്യം മസ്കിന്റെ സ്പേസ് എക്സ് കമ്ബനി ഇതിന് മുൻപ് അഞ്ചാം പരീക്ഷണ ദൗത്യത്തിലാണ് ആദ്യമായി വിജയിപ്പിച്ചത്.
മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി ലക്ഷ്യമിട്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാർഷിപ്പ്. പുനരുപയോഗം സാധ്യമാവുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. വാണിജ്യ വിക്ഷേപണങ്ങള്‍, ബഹിരാകാശ ടൂറിസം തുടങ്ങി പല വിധ വാണിജ്യ താല്പര്യങ്ങള് സ്പേസ് എക്സിനുണ്ട്. ആർട്ടെമിസ് ഉള്‍പ്പടെ നാസയുടെ ഭാവി ദൗത്യങ്ങള്‍ക്കും ഈ വിക്ഷേപണ വാഹനം ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നത്.