ചിരവയില്‍ നിന്ന് ഷോക്കേറ്റ 35-കാരിക്ക് ദാരുണാന്ത്യം. തിരുനല്‍വേലി കളക്കാട്ടില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു വിചിത്രമായ സംഭവം.
ദിനതന്തി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാടത്തി എന്ന യുവതിയാണ് മരിച്ചത്. മാരിമുത്തു എന്ന ചെറുകിട ഹോട്ടല്‍ ഉടമയാണ് 35കാരിയുടെ ഭർത്താവ്.
ഇവരുടെ ഹോട്ടല്‍ ആവശ്യങ്ങള്‍ക്കായി തേങ്ങ ചിരകുന്നതിനിടെയാണ് അപകടം. വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന ചിരവയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. തത്ക്ഷണം യുവതി മരിച്ചെന്നാണ് സൂചന. യുവതിയുടെ മൃതദേഹം തിരുനെല്‍വേലി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
സംഭവത്തില്‍ 35കാരിയുടെ ഭർത്താവിന്റെ പരാതിയില്‍ കളക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടുകുട്ടികളാണ്. പ്രദേശവാസികള്‍ സംഭവത്തിന്റെ ഞെട്ടലിലാണ്.