മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വണ്‍ വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി.
സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികള്‍ക്ക് അദ്ധ്യാപകർ നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്ളസ് വണ്‍ വിദ്യാർത്ഥി ക്ളാസിലേക്ക് മൊബൈല്‍ കൊണ്ടുവന്നത്. ക്ളാസിലെ അദ്ധ്യാപകൻ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ‌്തു.
മൊബൈല്‍ ഫോണ്‍ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. ഫോണ്‍ തന്നില്ലെങ്കില്‍ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി.
സംഭവത്തില്‍ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.