ഗ്യാസ്ട്രബിളിന്റെ വിവിധ ഭാവങ്ങളായ വയർ അസ്വസ്ഥത, നെഞ്ചെരിച്ചില്‍, സ്‍തംഭനം, വയറുവേദന തുടങ്ങിയവയുണ്ടായാല്‍ സ്ഥിരമായി ഗ്യാസ് മരുന്നുകള്‍ കഴിക്കുന്നവർക്ക് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്കും സാധ്യത കൂടുതലെന്ന് വിദഗ്ധർ.
ആമാശയത്തിലെ ആസിഡിന്റെ ഉല്‍പാദനം കുറക്കുന്ന പ്രോട്ടോണ്‍ പമ്ബ് ഇന്‍ഹിബിറ്ററുകളും (പി.പി.ഐകള്‍) കൂടുതലുള്ള ആസിഡിനെ നിർവീര്യമാക്കുന്ന അന്‍റാസിഡുകളും നിരന്തരം ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
''അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും അനേകം പേർക്ക് ഉടൻ ആശ്വാസം നല്‍കുന്നതാണ് അന്റാസിഡുകള്‍. ഇതിന്റെ, പ്രത്യേകിച്ച് പ്രോട്ടോണ്‍ പമ്ബ് ഇൻഹിബിറ്റേഴ്സിന്റെ സ്ഥിരമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. ഹൃദയസംബന്ധമായ അപകടസാധ്യതയാണ് ഇതില്‍ പ്രധാനം.'' -രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ ഉജാല സൈഗ്നസ് ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ കാർഡിയോളജി വിഭാഗം മേധാവി ഡോ. താരിഖ് റാഷിദ് വിശദീകരിക്കുന്നു.
കാത്സ്യമാണ് ഇവിടെ വില്ലനാകുന്നത്. കാത്സ്യത്തിന്‍റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. അന്‍റാസിഡുകളിലുള്ള കാത്സ്യം സംയുക്തങ്ങളും കാത്സ്യം സപ്ലിമെന്‍റുകളും രക്തപ്രവാഹത്തിലെ കാത്സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയ പേശികളിലേക്ക് കയറുന്ന കാത്സ്യം ഇലക്‌ട്രിക് സിഗ്നലുകളെ നിയന്ത്രിക്കുന്നു.
അമിതമായ കാത്സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിന് കാരണമാകാം. പി.പി.ഐകള്‍ രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതെലിയത്തെ ഇത് തകരാറിലാക്കുന്നു. ഹൃദയ പ്രശ്നങ്ങള്‍ക്കുപുറമെ, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിച്ച് ഡിമെൻഷ്യ വരാനും സാധ്യതയുണ്ട്.