2023 ഒക്ടോബര്‍ 7 ന് ഇസ്രേലയിനു നേരേ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് വര്‍ഷത്തിലേറെയായി ബന്ദികളാക്കിയ 19 കാരിയായ ഇസ്രായേലി സൈനികയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു.
ഹമാസ് സംഘം ഇസ്രയേലിലേക്ക് ഇരച്ചുകയറുമ്ബോള്‍ ഗാസ അതിര്‍ത്തിക്കടുത്തുള്ള നഹല്‍ ഓസ് സൈനിക താവളത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിരീക്ഷണ സൈനികനായ ലിറി അല്‍ബാഗ് നിലയുറപ്പിച്ചിരുന്നു. ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ലിറിയെയും മറ്റ് ആറ് പേരെയും സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
450 ദിവസത്തിലധികം തടങ്കലില്‍ വച്ചിരിക്കുകയായിരുന്നെന്നും തന്നെയും മറ്റ് ബന്ദികളേയും ഇസ്രായേല്‍ സര്‍ക്കാര്‍ മറന്നുവെന്നും അല്‍ബാഗ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. 'എനിക്ക് 19 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. എന്റെ മുഴുവന്‍ ജീവിതവും എന്റെ മുന്നിലുണ്ട്, എന്നാല്‍ ഇപ്പോള്‍ എന്റെ ജീവിതം താല്‍ക്കാലികമായി എവിടെയോ നിര്‍ത്തിവച്ചിരിക്കുന്നു,'ഹീബ്രു ഭാഷയിലെ സന്ദേശത്തില്‍ ലിറി പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ 'ഞങ്ങളുടെ ഹൃദയത്തെ കീറിമുറിച്ചു' എന്ന് വ്യക്തമാക്കി അല്‍ബാഗിന്റെ കുടുംബം ഒരു വീഡിയോ പ്രസ്താവന പുറത്തിറക്കി. 'ഇത് ഞങ്ങള്‍ക്കറിയാവുന്ന മകളും സഹോദരിയുമല്ല. അവളുടെ കടുത്ത മാനസിക വിഷമം വ്യക്തമാണെന്ന് കുടുംബം പറഞ്ഞു.
🚨#BREAKING: Al-Qassam Brigades have published a recorded message from 19-year-old Israeli hostage and IDF soldier Liri Albag pic.twitter.com/Mynyb9eRbM
ലിറിയുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് കുടുംബം അഭ്യര്‍ത്ഥിച്ചു, ' നിങ്ങളുടെ സ്വന്തം മക്കളെപ്പോലെ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്ന് കുടുംബം പറഞ്ഞു.
ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തിന്‍കീഴില്‍ നെതന്യാഹു, അല്‍ബാഗ് കുടുംബത്തോട് പ്രതികരിക്കുകയും തടവുകാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്നും പറഞ്ഞു.
ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനിടെ 250 ഓളം ബന്ദികളെ ആണ് ഗാസയിലേക്ക് കൊണ്ടുപോയത്. അവരില്‍ 96 പേര്‍ അവശേഷിക്കുന്നുണ്ട്. ഇവരില്‍ 34 പേര്‍ മരിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മില്‍ ഒന്നര വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ശനിയാഴ്ച ഖത്തറില്‍ പുനരാരംഭിക്കുന്നതിനിടെയാണ് ലിറിയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടത്.