ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികള്‍ നിറയുന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്.
ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങള്‍ ഡിസംബർ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ ഉയർന്നതായി ചൈന സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാല്‍ അത് എച്ച്‌എംപിവി ആണെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ല.
⚠️ BREAKING:
China 🇨🇳 Declares State of Emergency as Epidemic Overwhelms Hospitals and Crematoriums.
Multiple viruses, including Influenza A, HMPV, Mycoplasma pneumoniae, and COVID-19, are spreading rapidly across China. pic.twitter.com/GRV3XYgrYX
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്‌എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.2001 ലാണ് എച്ച്‌എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? (Human metapneumovirus)
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്‌എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ 10% മുതല്‍ 12% വരെ HMPV മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതല്‍ 16% വരെ കുട്ടികളില്‍ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. HMPV ഉള്ളവരുമായി നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു.
വടക്കൻ പ്രവിശ്യകളില്‍ 14 വയസ്സിന് താഴെയുള്ളവരിലാണ് രോഗം കൂടുതലായി കണ്ട് വരുന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
എങ്ങനെ തടയാം?
1. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ പതിവായി കഴുകുക.
2. കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക.
3. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
4. ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങള്‍, ഡോർക്നോബുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വൃത്തിയാക്കുക.