ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികനില്‍ നിന്നു പലതവണയായി 1.41 കോടി രൂപ തട്ടിയെടുത്തെന്നു പരാതിയും മുന്നറിയിപ്പുകള്‍ ആരും കേള്‍ക്കുന്നില്ലെന്നതിന് തെളിവാണ്.
850% ലാഭം വാഗ്ദാനം ചെയ്താണു വൈദികനുമായി സംഘം ഇടപാടു സ്ഥാപിച്ചത്. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികന്‍ വീണ്ടും നിക്ഷേപിച്ചു. പിന്നീടു വൈദികനു സംഘത്തെ ബന്ധപ്പെടാന്‍ കഴിയാതായി. അതായത് ആദ്യം വിശ്വാസം നേടിയെടുത്തു ആ സംഘം. ആ കെണിയില്‍ വൈദികന്‍ വീണു.
കൂടുതല്‍ പണമിട്ടപ്പോള്‍ മുങ്ങുകയും ചെയ്തു.
പണം നഷ്ടമായി എന്ന് ഉറപ്പായതോടെയാണ് വൈദികന്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി എസ്‌എച്ച്‌ഒ ടി.എസ്.റെനീഷ് അറിയിച്ചു. പ്രശസ്തമായ ഒരു കമ്ബനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെയാണ് പണം തട്ടിയത്.
ഹൈകോടതി ജഡ്ജിയുടെ 90 ലക്ഷം രൂപ സൈബര്‍ തട്ടിപ്പില്‍ നഷ്ടമായതും അടുത്ത കാലത്താണ്.
രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021ല്‍ 1,36,604 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 5,13,334 ആയി. 2023ല്‍ 11,29,519 കേസുകളായി ഉയര്‍ന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സൈബര്‍ തട്ടിപ്പിന് കൂടുതല്‍ ഇരയായിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,29,152 മൊബൈല്‍ നമ്ബറുകള്‍ ബ്‌ളോക്ക് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 69,921 മൊബൈല്‍ ഡിവൈസുകള്‍ ലോക്ക് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 12,086 മൊബൈല്‍ നമ്ബറുകള്‍ നിരീക്ഷണത്തിലാണ്. തട്ടിപ്പ് കേസുകളിലെ വര്‍ധനവ് ചൂണ്ടികാട്ടി വ്യക്തികള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.