മാഞ്ചസ്റ്റർ റോയല്‍ ഓള്‍ഡ് ഹാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കുത്തേറ്റു. ശനിയാഴ്ച രാത്രി 11.30ന് ആണ് സംഭവം.
രണ്ട് കുട്ടികളുടെ മാതാവായ അച്ചാമ്മ ചെറിയാൻ എന്ന നഴ്സിനെയാണ് റൗമോണ്‍ ഹക്ക് (37) എന്നയാള്‍ കുത്തി പരുക്കേല്പിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. ചികിത്സയ്ക്ക് എത്തിയ റൗമോണ്‍ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഇയാളെ റിമാൻഡ് ചെയ്തു. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ അച്ചാമ്മയെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വളരെ ആത്മാർത്ഥതയോടും ഊർജ്ജസ്വലമായും ജോലി ചെയ്യുന്ന വ്യക്തിയാണ് അച്ചാമ്മ എന്നാണ് റോയല്‍ ഓള്‍ഡ് ഹാം ഹോസ്പിറ്റലിലെ ജീവനക്കാരിയെ ഉദ്ധരിച്ചു കൊണ്ട് 'ദ സണ്‍' റിപ്പോർട്ട് ചെയ്യുന്നത്. നഴ്സിന് നേരെയുണ്ടായ ആക്രമത്തില്‍ ജീവനക്കാരുടെ സംഘടന നടുക്കം രേഖപ്പെടുത്തി.
മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയാണ് അച്ചാമ്മ ചെറിയാൻ. കഴിഞ്ഞ 10 വർഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ്.