കിളിമാനൂർ/മടവൂർ: സ്കൂള്‍ ബസില്‍ നിന്നിറങ്ങി ബന്ധു വീട്ടിലേക്ക് പോകവേ കേബിളില്‍ തട്ടി മറിഞ്ഞു വീണതിനെ തുടർന്ന് അതേ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
മടവൂർ ഗവ.എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മടവൂർ ചാലില്‍ എം.എസ്.ഭവനില്‍ മണികണ്ഠൻ- ശരണ്യ ദമ്ബതികളുടെ മകളുമായ കൃഷ്ണേന്ദുവാണ് (7) മരിച്ചത്. വീടിന് മുന്നില്‍ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
ജോലി കഴിഞ്ഞ് രക്ഷിതാക്കള്‍ എത്തുംവരെ വീട്ടില്‍ ആളില്ലാത്തതിനാല്‍ കൃഷ്ണേന്ദു അടുത്ത ബന്ധുവിന്റെ വീട്ടിലാണ് നില്‍ക്കുന്നത്. സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങി ഇവിടേക്ക് പോകാനായി മുന്നോട്ട് ഓടുമ്ബോള്‍ റോഡില്‍ അലക്ഷ്യമായി ഇട്ടിരുന്ന കേബിളില്‍ തട്ടി ബസിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് അതിവേഗം മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു. പിന്നിലുണ്ടായിരുന്ന ഓട്ടോയുടെ ഡ്രൈവർ അലറി വിളിച്ചപ്പോഴാണ് ബസ് നിറുത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. പിതാവ് കിളിമാനൂർ കെ.എസ്. ആർ.ടി.സി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറും മാതാവ് മടവൂർ തകരപ്പറമ്ബില്‍ സൂപ്പർമാർക്കറ്റ് ജീവനക്കാരിയുമാണ്. സഹോദരൻ കൃഷ്ണനുണ്ണി മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി. സ്കൂള്‍ ബസ് ഡ്രൈവർ ബിജുവിനെതിരെ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.