മനുഷ്യ ശരീരത്തിലെ ഏറ്റവും അത്യാവശ്യ ഘടകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോട്ടീനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്തൊക്കെയാണ് ശരീരത്തിലെ പ്രോട്ടീന്‍ അഭാവത്തിന്റെ ലക്ഷണങ്ങള്‍ എന്നുനോക്കാം,
നഖങ്ങള്‍ പൊട്ടിപോവുക, ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ശരീരത്തിന് ആരോഗ്യക്കുറവും പ്രോട്ടീന്റെ അഭാവവുമുണ്ടെന്ന് മനസിലാക്കാം.
പേശികള്‍ തൂങ്ങുന്നതാണ് മറ്റൊരു ലക്ഷണം. പേശികളുടെ വളര്‍ച്ചയ്ക്കും മറ്റും സഹായക്കുന്നത് പ്രോട്ടീനുകളാണ്. ശരീരത്തില്‍ മതിയായ പ്രോട്ടീന്‍ ഇല്ലെങ്കില്‍ ശരീരം ഊര്‍ജം ലഭിക്കാനായി പേശികളുടെ കോശങ്ങളെ ആശ്രയിക്കാന്‍ തുടങ്ങും .ഇത് പേശികളുടെ പിണ്ഡം കുറേശെ നഷ്ടപ്പെടുന്നതിന് കാരണമാകും. പ്രായമായവരിലാണ് കൂടുതലായും ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്.
മധുരത്തോടുള്ള ആസക്തിയാണ് മറ്റൊരു ലക്ഷണം. എല്ലായ്‌പ്പോഴും വിശപ്പ് തോന്നുകയോ മധുര പലഹാരങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ കുറവുള്ളതിന്റെ ലക്ഷണമാകാം. ഇത്തരത്തില്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ നമ്മുടെ ശരീരം നമ്മെ പ്രേരിപ്പിച്ചേക്കാം.
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് മറ്റൊരു അപകടകരമായ ലക്ഷണം. പ്രോട്ടീന്റെ കുറവ് പ്രോട്ടീന്‍ ഫലപ്രദമായി സംസ്‌കരിക്കാനുളള ശരീരത്തിന്റെ കഴിവിനെ തകരാറിലാക്കും. ഇത് ലിവറില്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടാനിടയാക്കും.ഇതാണ് സാധാരണയായി നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന് കാരമാകുന്നത്.
പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയേയും ബാധിക്കുന്നുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമുളള ഘടകങ്ങളിലൊന്നാണ് പ്രോട്ടീന്‍. ഇതിന്റെ അഭാവം അവരുടെ വളര്‍ച്ചയെ പതുക്കെയാക്കും. കൂടാതെ അസ്ഥികളെ ദുര്‍ബലമാക്കും.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ലഭിക്കാതിരുന്നാല്‍ ശരീരം സ്വയം പ്രതിരോധിച്ച് നില്‍ക്കാന്‍ പാടുപെടും. ഇത് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിന് കാരണമാകും.
വിശപ്പ് കൂടുതല്‍ അനുഭവപ്പെടുന്നതും ശരീരത്തില്‍ പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങള്‍ക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് അമിതമായി ശരീരഭാരം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.
ശരീരത്തില്‍ മുറിവുകള്‍ എന്തെങ്കിലും ഉണ്ടായാല്‍ അത് ഉണങ്ങാനുളള താമസം പ്രോട്ടീന്റെ അഭാവംകൊണ്ടാവാം.