കൊല്ലം പടപ്പക്കരയില്‍ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു.
ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറില്‍ നിന്ന് കുണ്ടറ സിഐ വി.അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വാർത്ത കണ്ട ശ്രീനഗറിലെ മലയാളി പ്രതിയെ കുറിച്ച് പൊലീസിന് വിവരം നല്‍കുകയായിരുന്നു. സ്റ്റേഷൻ നടപടികള്‍ പൂർത്തിയാക്കി പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും.
തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തില്‍ പ്രതിക്ക് കുറ്റബോധമില്ലെന്ന് കൊല്ലം റൂറല്‍ എസ്‍പി സാബു മാത്യൂ പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണ്. പ്രതി ആദ്യം മുത്തച്ഛനെയാണ് ആക്രമിച്ചത്. മുത്തച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖില്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കി. തുടര്‍ന്ന് ഭക്ഷണം എടുത്ത് തരാൻ ആവശ്യപ്പെട്ട് അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി.
അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത് കുത്തിയെന്നും പ്രതി മൊഴി നല്‍കി. ഇരട്ട കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് വീട്ടില്‍ നിന്നും അഖില്‍ രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. വലിയ പ്രതിസന്ധികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് ശ്രീനഗറില്‍ നിന്നും പ്രതിയെ പിടികൂടിയതെന്ന് എസ്പി പറഞ്ഞു. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
അത് അന്വേഷണത്തിന് വെല്ലുവിളിയായി. ഉച്ചയ്ക്ക് രണ്ടിനും മൂന്നും ഇടയ്ക്കാണ് കൊല നടത്തിയത്. വൈകിട്ട് ആറോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടത്.
പിടിയിലായ ഈ നിമിഷം വരെ പ്രതിക്ക് കുറ്റബോധം ഇല്ലെന്നും പണം നല്‍കാത്തതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലം റൂറല്‍ എസ്‍പി സാബു മാത്യൂ പറഞ്ഞു.
അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ കൊലയാളി അശ്ലീല ചേഷ്ട കാണിച്ചു.