Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/01/2025)


 


2025 | ജനുവരി 22  ബുധൻ | മകരം 9  


◾  കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.


◾  കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി. കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണെന്നും കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോള്‍ കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.


◾  കൊവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. സര്‍ക്കാരല്ലിത് കൊള്ളക്കാരെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


◾  തദ്ദേശ ജനപ്രതിനിധികള്‍ പാര്‍ട്ടി മാറുമ്പോള്‍ ആ സ്ഥാനം രാജിവയ്ക്കണമെന്ന വിചിത്ര വാദവുമായി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനെത്തിയ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ വസ്ത്രാക്ഷേപം ചെയ്യുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തെന്നാരോപിച്ചുള്ള അനൂപ് ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്. അതേസമയം കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ എത്രയോ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിട്ടുണ്ടെന്നും അവരെയൊക്കെ തട്ടിക്കൊണ്ടു പോകുകയാണോ വേണ്ടതെന്നും സിപിഎമ്മിലേക്ക് വന്ന അത്തരം ആളുകളോടെല്ലാം രാജി വയ്ക്കാനാണോ സിപിഎം നിര്‍ദേശിച്ചതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചോദിച്ചു.


◾  സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിക്കായി 22,66,20,000 രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നല്‍കുന്നത്.


◾  ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുന്ന ഭവന പദ്ധതിക്ക് ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.


◾  റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26-ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025ല്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് 12 വിശിഷ്ടാതിഥികള്‍ക്ക് ക്ഷണം ലഭിച്ചു. വിവിധ മേഖലയില്‍ നിന്നുള്ള  വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കാണ് ഇക്കുറി രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.


◾  നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി.


◾  സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തില്‍  അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാറില്ല. 


◾  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവില്‍ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവര്‍ത്തിക്കുക. കേരള വാര്‍ണിംഗ്‌സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


◾  മദ്യ നിര്‍മ്മാണ കമ്പനിക്ക് വെള്ളം നല്‍കുന്നതിനെതിരെ വാട്ടര്‍ അതോറിറ്റി. വ്യാവസായിക ആവശ്യത്തിന് വെള്ളം നല്‍കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചതായി പാലക്കാട് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇഎന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയില്‍ കുടിവെള്ളം തന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണുള്ളതെന്നും പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിന് വെള്ളം കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.


◾  മുന്‍ എംപിയും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ എന്‍എന്‍ കൃഷ്ണദാസിനെതിരെ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളുമായി ബന്ധപ്പെട്ടാണ് രൂക്ഷ വിമര്‍ശനം. എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


◾  റെയില്‍വേ മെയില്‍ സര്‍വീസ് ( ആര്‍.എം. എസ്) ഓഫീസുകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആര്‍.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങള്‍ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും  തീരുമാനിച്ചതിന്റെ ഭാഗമായി രാജ്യത്തെ 312 ആര്‍.എം.എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്.


◾  എന്‍ എം വിജയന്റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസില്‍ പൊലീസ് പരിശോധന. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ ചോദ്യംചെയ്യുന്നതിനിടെ അദ്ദേഹവുമായി എത്തിയാണ് പൊലീസ് രേഖകള്‍ പരിശോധിച്ചത്. എന്‍ എം വിജയന്റെ കത്തുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ചോദ്യംചെയ്യും.


◾  കൂത്താട്ടുകുളം നഗരസഭയില്‍ സിപിഎമ്മിന്റെ വനിതാ കൗണ്‍സിലറെ സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് പി വി അന്‍വറിന്റെ രൂക്ഷ വിമര്‍നം.


◾  കൂത്താട്ടുകുളം നഗരസഭയില്‍ നടന്നത് കുതിരക്കച്ചവടമെന്ന് സിപിഎം. നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ തുടങ്ങി തട്ടിക്കൊണ്ടുപോകലിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റിലേക്കും നയിച്ച കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളില്‍ വിശദീകരണവുമായി നടത്തിയ പൊതുസമ്മേളനത്തിലാണ് വിമര്‍ശനം.


◾  സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'നിര്‍ണയ ലബോറട്ടറി ശൃംഖല' (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍ണയ ലാബ് നെറ്റ്വര്‍ക്കിലൂടെ നിര്‍ദ്ദിഷ്ട പരിശോധനാ ഫലങ്ങള്‍ മൊബൈലിലൂടെ അറിയാനും സാധിക്കും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.


◾  പി.ടി തോമസ് ആയിയിരിക്കാം തന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് തൃക്കാകര എംഎല്‍എ ഉമാ തോമസ്. സുഖം പ്രാപിച്ചു വരുന്ന ഉമാ തോമസിനെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനോട് സംസാരിക്കുകയായിരുന്നു അവര്‍. കണ്ണ് തുറക്കാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാല്‍ താന്‍ ആരോഗ്യവതിയാണെന്നും ഉമാ തോമസ് പറഞ്ഞു.


◾  അന്യ പുരുഷന്മാരുമായി ഇടകലര്‍ന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിമര്‍ശനത്തിനെതിരെ നിലപാടെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


◾  അന്യ പുരുഷന്മാരുമായി ഇടകലര്‍ന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയ എംവി ഗോവിന്ദനെ വിമര്‍ശിച്ച് കാന്തപുരം എ. പി. അബുബക്കര്‍ മുസ്ലിയാര്‍. കണ്ണൂരില്‍ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതില്‍ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷന്‍മാരാണെന്നും എന്തേ അവിടെ സ്ത്രീകളെ പരിഗണിച്ചില്ലെന്നും കാന്തപുരം ചോദിച്ചു. ഞങ്ങളുടെ മതത്തിന്റെ വിധി ഞങ്ങള്‍ പറയുന്നത് മുസ്ലിംങ്ങളോടാണെന്നും മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.


◾  വഞ്ചിയൂര്‍ വെടിവെയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെ കൊല്ലം കണ്ണനല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി എയര്‍ഗണ്‍ കൊണ്ട് വെടിവെച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടര്‍ പിടിയിലായത്.


◾  സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നതയില്‍ സമവായത്തിന് വഴിയൊരുങ്ങുന്നു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പുനല്‍കിയെന്ന് വൈദികര്‍ പറഞ്ഞു. ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.


◾  പാലക്കാട് നെന്മാറ അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍  വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം നേതാക്കളായ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ക്ലര്‍ക്കും അറസ്റ്റില്‍. ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ വി.വിജയന്‍, മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്‍, മുന്‍ ജീവനക്കാരന്‍ വിത്തനശേരി നടക്കാവ്  രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ രേഖകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 2022 ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് നടപടി.


◾  വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാ എന്നറിയപ്പെടുന്ന യൂട്യൂബര്‍ മണവാളനെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കൊടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.


◾  മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ അധികൃതര്‍. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


◾  എറണാകുളം പട്ടിമറ്റത്ത് 38കാരിയായ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിമറ്റം ചേലക്കുളം പുച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നിഷയാണ് മരിച്ചത്. വീടിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കുന്നത്തുനാട് പൊലീസ്, നിഷയുടെ ഭര്‍ത്താവ് നാസറിനെ കസ്റ്റഡിയിലെടുത്തു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ് നാസറിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.


◾  ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ വിട്ടൊഴിയുമെന്ന പ്രസ്താവിച്ച മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയെ പിന്തുണച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍. ബീഫ് കഴിക്കുന്നത് അവകാശമാണെന്ന് വാദിക്കുന്ന വിഭാഗത്തിന് കാമകോടിയുടെ പ്രസ്താവനയോട് മാത്രം പ്രശ്‌നമെന്തിനാണെന്ന് മുന്‍ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍ ചോദിച്ചു.


◾  ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ബംഗാള്‍ സര്‍ക്കാര്‍. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യം. കോടതി വിധിയിലെ കൊല്‍ക്കത്ത പൊലീസിനെതിരായ പരാമര്‍ശം സര്‍ക്കാരിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.


◾  കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്.


◾  ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കുകയാണ് ബിജെപി, ആര്‍എസ്എസ് അജണ്ടയെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. സംവരണമടക്കം സാമൂഹ്യനീതി ഉറപ്പ് വരുത്തുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും കോണ്‍ഗ്രസ് തയ്യാറാണെന്ന് പറഞ്ഞ പ്രിയങ്ക, ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനായി പോരാടിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്നും പറഞ്ഞു. പാര്‍ലമെന്റില്‍ അംബേദ്കറെ അപമാനിച്ച അമിത് ഷായും പ്രധാനമന്ത്രിയും ഭരണഘടനാ വിരുദ്ധരാണെന്നും  കര്‍ണാടകയിലെ ബെലഗാവിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍' റാലിയില്‍ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


◾  തുര്‍ക്കിയിലെ ബഹുനില റിസോര്‍ട്ടില്‍ വന്‍ തീപ്പിടിത്തം. 66 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം.


◾  ലോകാരോഗ്യ സംഘടനയില്‍ ഇനി അമേരിക്ക ഇല്ല. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് 47-ാമത് പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിഷവാതകങ്ങള്‍ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങള്‍ ഒപ്പിട്ട പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയെന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. കരാര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാണെന്നാണ് ട്രംപിന്റെ നിലപാട്. നാലു വര്‍ഷം മുന്‍പ് ട്രംപിനുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാതെ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയ 1600 അനുയായികളെ രക്ഷിച്ചെടുക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ആണ് ട്രംപ് ഇവരെ കുറ്റവിമുക്തരാക്കിയത്.


◾  അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്‌തേക്കും. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.


◾  25-ാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുചുവടുകൂടെ അടുത്ത് സെര്‍ബിയന്‍ ടെന്നിസ് സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തി സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്  ജോക്കോവിച്ച്. രണ്ടാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവാണ് ജോക്കോവിച്ചിന്റെ എതിരാളി. താരത്തിന്റെ 50-ാം ഗ്രാന്‍സ്ലാം സെമി ഫൈനല്‍ കൂടിയാണിത്.


◾  തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മൂന്നാം പാദത്തില്‍ (ഒക്ടോബര്‍- ഡിസംബര്‍) 341.87 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 305.36 കോടി രൂപയേക്കാള്‍ ലാഭം 11.96 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 483.45 കോടി രൂപയില്‍ നിന്ന് 9.39 ശതമാനം വര്‍ധനയോടെ 528.84 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 2,817 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ ഇത് 2,636.23 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 4.74 ശതമാനത്തില്‍ നിന്ന് 4.30 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.61 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി കുറയ്ക്കാനും ബാങ്കിന് സാധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വളര്‍ച്ചയോടെ 819.03 കോടി രൂപയില്‍ നിന്ന് 869.26 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വായ്പകള്‍ 77,686 കോടി രൂപയില്‍ നിന്ന് 9,280 കോടി രൂപയുടെ വര്‍ധനയോടെ 86,966 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 11.95 ശതമാനമാണ് വര്‍ധന. കോര്‍പ്പറേറ്റ് വായ്പകള്‍ 29,892 കോടി രൂപയില്‍ നിന്ന് 34,956 കോടിയിലെത്തി. 16.94 ശതമാനമാണ് വളര്‍ച്ച. സ്വര്‍ണ വായ്പകള്‍ 15,369 കോടി രൂപയില്‍ നിന്ന് 1,597 കോടി രൂപ വര്‍ധിച്ച് 16,966 കോടി രൂപയായി. 10.39 ശതമാനമാണ് വര്‍ധന. ഭവന വായ്പയില്‍ 63.9 ശതമാനവും വാഹന വായ്പയില്‍ 24.71 ശതമാനവും വര്‍ധനയുണ്ട്. റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 7,332 കോടി രൂപ വര്‍ധിച്ച് 1.02 ലക്ഷം കോടി രൂപയായി. 7.71 ശതമാനം വളര്‍ച്ചയുണ്ട്. പ്രവാസി നിക്ഷേപങ്ങളില്‍ 6 .49 ശതമാനം വളര്‍ച്ചയുണ്ടായി. കാസാ നിക്ഷേപങ്ങള്‍ 4.13 ശതമാനവും സേവിംഗ് ബാങ്ക് നിക്ഷേപം 3.37 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപം 7.73 ശതമാനവും വളര്‍ച്ച നേടി.


◾  റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ജിമ്നി' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. മീനാക്ഷി നായികയാവുന്ന ചിത്രം ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദര്‍ശനത്തിനെത്തിക്കും. സീമ ജി നായര്‍, കുടശനാട് കനകം, ഡോ. രജിത്കുമാര്‍, ജയകൃഷ്ണന്‍, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭാവന്‍ നാരായണന്‍ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണന്‍, എന്‍ എം ബാദുഷ, പ്രിയങ്ക, ജോഷ്ന തരകന്‍, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അന്‍സു മരിയ, തന്‍വി, അന്ന, ആര്യന്‍, ആദില്‍, ചിത്തിര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ലഹരിയുടെ പിടിയിലായ കോളനിയെയും ഒരു ഗ്രാമത്തെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും അതിനെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളുടെയും വിജയങ്ങളുടെയും കഥയാണ് സൂപ്പര്‍ ജിമ്നി പറയുന്നത്.


◾  ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക. തീരുമാനം നിങ്ങളുടേതാണ്. വേട്ട ഇവിടെ ആരംഭിക്കുന്നു, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയാണിത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വര്‍ഗീസ് എന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ്  നായിക. ആര്യ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍, എന്‍ എം ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബിന്‍ ജോസഫിന്റേതാണു തിരക്കഥ.


◾  ഫെറാറ്റോ ഡിഫൈ 22 ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കി നേരത്തെ ഒകായ ഇവി എന്നറിയപ്പെട്ടിരുന്ന ഒപിജി. 99,999 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഡെഫി 22-ന്റെ പ്രീ-ബുക്കിംഗ് 2025 ജനുവരി 17 മുതല്‍ ആരംഭിച്ചു. കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം സജ്ജീകരിച്ചിട്ടുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഫെറാറ്റോ ഡിഫൈ 22. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഇതിന് പുറമെ മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. സംയോജിത സംഗീത സവിശേഷതയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 12 ഇഞ്ച് അലോയ് വീലുകള്‍, മെച്ചപ്പെട്ട സുരക്ഷയ്ക്കായി കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം എന്നിവ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഐപി 67 റേറ്റുചെയ്ത എല്‍ഇപി ബാറ്ററിയും കാലാവസ്ഥാ പ്രധിരോധ ഐപി 65റേറ്റുചെയ്ത ചാര്‍ജറുമായും ഇത് ജോടിയാക്കിയിരിക്കുന്നു. 1200 വാട്ട് മോട്ടോറും 2500 വാട്ടിന്റെ പീക്ക് പവറും ഉള്ള 2.2 കിലോവാട്ട്അവര്‍ എല്‍ഇപി  ബാറ്ററിയാണ് സ്‌കൂട്ടറിനുള്ളത്. ഒരു സ്റ്റൈലിഷ് ഡിസൈന്‍ ഉപയോഗിച്ച് ഡെഫി 22 ഏഴ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഷാംപെയ്ന്‍ ക്രീം, ബ്ലാക്ക് ഫയര്‍, കോസ്റ്റല്‍ ഐവറി, യൂണിറ്റി വൈറ്റ്, റെസിലിയന്‍സ് ബ്ലാക്ക്, ഡോവ് ഗ്രേ, മാറ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാകും. ഇതുകൂടാതെ ഒരു കണ്‍സെപ്റ്റ് മോഡല്‍ ഫെറാറ്റോ ദ മോഡലും കമ്പനി അവതരിപ്പിച്ചു.


◾  സംഘര്‍ഷഭരിതവും ദേശാഭിമാനപൂര്‍ണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവന്‍ നായര്‍ ജയില്‍വാസത്തിനിടയില്‍ രഹസ്യമായി രചിച്ച പുസ്തകം 1947-ല്‍ മാതൃഭൂമിയിലൂടെ ആദ്യമായി വായനക്കാരിലേക്കെത്തി. സ്വാതന്ത്ര്യസമരചരിത്രത്തിലെ സാഹസികമായ ഒരു കാലത്തെ രേഖപ്പെടുത്തിയ ആധികാരികഗ്രന്ഥമെന്ന നിലയില്‍ ശ്രദ്ധേയമായ കൃതി. മലബാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം. 'ഇരുമ്പഴിക്കുള്ളില്‍'. മാതൃഭൂമി ബുക്സ്. വില 275 രൂപ.


◾  തൈരും യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസം പലര്‍ക്കുമുള്ളതാണ്. നല്ല കട്ട തൈരുണ്ടെങ്കില്‍ അതുകൊണ്ട് മാത്രം ചോറു കഴിക്കുന്നവരുണ്ട്. കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ് തൈര്. പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാകുന്നത്. അതേസമയം യോഗര്‍ട്ട് നിയന്ത്രിത ഫെര്‍മെന്റേഷന് വിധേയമാകുന്നതാണ്. ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്‌റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരികളെ ഉപയോഗിച്ചാണ് പാല്‍ പുളിപ്പിക്കുന്നത്. അതുകൊണ്ട് ഇവ രണ്ടിന്റെ രുചിയിലും ഘടനയിലും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന ദ്രാവകം നീക്കം ചെയ്ത ശേഷമാണ് യോഗര്‍ട്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ യോഗര്‍ട്ട് കൂടുതല്‍ കട്ടിയുള്ളതും ക്രീമിയുമായി മാറുന്നു. നെഞ്ചെരിച്ചില്‍ ഉള്ളവര്‍ തൈര് കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. അത്തരക്കാര്‍ യോഗര്‍ട്ട് കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ കലോറിയുടെ അളവും രണ്ടിലും ഏകദേശം ഒരുപോലെയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തൈരും യോഗര്‍ട്ടും മികച്ച പ്രോബയോട്ടിക്കാണ്. അതുകൊണ്ട് കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കും. അതേസമയം അരിച്ചെടുക്കുമ്പോള്‍ ലാക്ടോസ് നീക്കം ചെയ്യപ്പെടുന്നതിനാല്‍ യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ സാധാരണ തൈരില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ യോഗര്‍ട്ടില്‍ ഉണ്ടാകും. അമിത രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഇവ രണ്ടും സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക