കാലാവസ്ഥ മാറുന്നതിനനുസരിച്ചും, അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതുമെല്ലാം പലരിലും വിട്ടുമാറാത്ത കഫക്കെട്ട് നിലനില്‍ക്കുന്നതിന് കാരണമാകാറുണ്ട്
ചിലറില്‍ മൂക്കടപ്പും ശ്വാസം മുട്ടുമാണെങ്കില്‍, മറ്റു ചിലരില്‍ കടുത്ത ചുമയും, വരണ്ട ചുമയുമായിരിക്കും ലക്ഷണങ്ങള്‍. ഇത്തരത്തില്‍ കഫം ശരീരത്തില്‍ നിറയുന്നതും, ചുമ വര്‍ദ്ധിക്കുന്നതുമെല്ലാം ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, കഫക്കെട്ടും ചുമയും കുറയ്ക്കുന്നതിനും പൈനാപ്പിള്‍ കഴിക്കുന്നത് ഫലപ്രദമാണ്. ഈ പൈനാപ്പിള്‍ എങ്ങനെ കഴിക്കാമെന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
കഫക്കെട്ട് കുറയ്ക്കാന്‍ പൈനാപ്പിള്‍
തുടര്‍ച്ചയായിട്ടുള്ള ചുമ, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവ നീക്കം ചെയ്യാന്‍ പൈനാപ്പിള്‍ ഫലപ്രദമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ന്‍ എന്ന എന്‍സൈം ശ്വാസതടസ്സം കുറയ്ക്കാനും, കഫക്കെട്ടും, വിട്ടമാറാത്ത ചുമയും അകറ്റാന്‍ സഹായിക്കുന്നു. ചുമയും കഫക്കെട്ടും കുറയ്ക്കുന്നതിനായി ഒരു ദിവസം മൂന്ന് പൈനാപ്പിള്‍ കഷ്ണങ്ങള്‍ കഴിക്കാവുന്നതാണ്. ഇതല്ലെങ്കില്‍ 3.5 ഔണ്‍സ് ഫ്രെഷ് പൈനാപ്പിള്‍ ജ്യൂസും കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, പൈനാപ്പിളിന്റെ നീര് ഒരു ടീസ്പൂണ്‍ എടുക്കുക. ഇത് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കുന്നതും വളരെ നല്ലതാണ്. അതുമല്ലെങ്കില്‍, പൈനാപ്പിള്‍ നീര്, കുറച്ച് ഉപ്പ്, അതുപോലെ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പൈനാപ്പിള്‍ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും അണുബാധകള്‍ കുറയ്ക്കാനും സാധിക്കുന്നതാണ്. പൈനാപ്പിള്‍ അലര്‍ജി ഉള്ളവര്‍ പൈനാപ്പിള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.
മറ്റു മാര്‍ഗ്ഗങ്ങള്‍
കഫക്കെട്ട് കുറയ്ക്കാന്‍ പൈനാപ്പിള്‍ അല്ലാതെ തുളസി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തുളസി നീരില്‍ കുറച്ച് തേനും ചേര്‍ത്ത് കഴിക്കുന്നത് കഫക്കെട്ടില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ്. ആടലോടകവും, തുളിയും ചേര്‍ത്ത് കുത്തിപിഴിഞ്ഞ്, ഇതിന്റെ നീരെടുത്ത് കുടിക്കുന്നതും നല്ലതാണ്. അതുപോലെ, മഞ്ഞള്‍പ്പൊടി ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, കഫക്കെട്ട് മാറാന്‍ തണുത്ത ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തണുപ്പുള്ള അന്തരീക്ഷത്തില്‍ ശരീരത്തിന് ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക. ആഹാരവും വെള്ളവും ചെറു ചൂടോടുകൂടി ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഫക്കെട്ട് മാറ്റിയെടുക്കാന്‍ സാധിക്കുന്നതാതാണ്.
ശ്രദ്ധിക്കേണ്ടവ
ഒരുതരത്തിലും കഫക്കെട്ട് മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. കഫത്തിന്റെ കൂടെ രക്തം വരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കുക. കൃത്യസമയത്ത് ചികിത്സ തേടാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.