Click to learn more 👇

ട്രിപ്പിള്‍ അടിച്ച്‌ ബൈക്കില്‍, കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ട്രക്കിനടിയിലേയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

തിരക്കുനിറഞ്ഞ റോഡിലൂടെ അമിത വേഗത്തിലെത്തുന്ന ബൈക്ക് യാത്രക്കാർ ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കിനടിയില്‍ പെട്ടുപോകുന്നതും തലനാരിഴക്ക് രക്ഷപെടുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണിത്.


വീഡിയോ കാണുമ്ബോള്‍ തന്നെ ഇന്ന് യുവാക്കളില്‍ ഭൂരിഭാഗം പേർക്കും കാർ ഓടിക്കുന്നതിനോ ഇരുചക്ര വാഹനം ഓടിക്കുന്നതിനോ ഉള്ള അടിസ്ഥാന ബോധം പോലുമില്ല എന്നാണ് മനസിലാകുന്നത്. എണ്ണമറ്റ അപകടങ്ങളിലേക്ക് നയിക്കപ്പെടുന്നതിന്റെയും, ജീവൻ അപഹരിക്കപ്പെടുന്നതിന്റെയും പ്രധാന കാരണം ഇത് തന്നെയാണെന്നും വീഡിയോ കണ്ട നെറ്റിസണ്‍സില്‍ പലരും ചൂണ്ടിക്കാട്ടി.


വീഡിയോയില്‍ മൂന്നുപേർ ബൈക്കില്‍ സഞ്ചരിക്കുന്നതും തൊട്ടടുത്ത നിമിഷം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ട്രക്കിനിടയില്‍ പെട്ടുപോകുന്നതുമാണ്. ഏതായാലും മൂന്നുപേരും എന്തോ ഭാഗ്യം കൊണ്ട് രക്ഷപെടുകയാണ്.

" അവൻ ഭാഗ്യവാനാണ് " എന്നു കുറിച്ചുകൊണ്ട് @gharkekalesh എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 


വീഡിയോയുടെ തുടക്കത്തില്‍ ഒരേ ദിശയില്‍ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഒരു രണ്ടുവരി പാതയാണ് കാണുന്നത്. അതില്‍ ഇടതുവശത്തുകൂടി ഒരു കറുത്ത കാറും വലതു വശത്തുകൂടി ഒരു ട്രക്കും സാമാന്തരമായി മുന്നോട്ട് സഞ്ചരിക്കുകയാണ്. ഇവയ്ക്ക് തൊട്ടുപിന്നിലായിട്ട് മൂന്ന് യുവാക്കള്‍ ഒരുമിച്ച്‌ ഒരു ബൈക്കില്‍ അമിത വേഗത്തില്‍ അശ്രദ്ധമായി എത്തുകയും ട്രക്കിനും കാറിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ ഓവർടേക്ക് ചെയ്ത് കയറിപോകാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്.


തൊട്ടടുത്ത നിമിഷം യുവാക്കളുടെ വരവ് കണ്ട് കാർ ഡ്രൈവർ വാഹനത്തിന്റെ സ്പീഡ് കുറക്കുകയും അമിത വേഗത്തില്‍ എത്തിയ ബൈക്ക് യാത്രക്കാർ ബ്രേക്ക്‌ ചവിട്ടി നിയന്ത്രണം വിടുകയും കാറിലിടിച്ച ശേഷം ട്രക്കിൻ്റെ അടിയിലേക്ക് ബൈക്കുമായി തെന്നി വീഴുന്നതുമാണ് കാണുന്നത്. എന്നാല്‍ ഏതോ ഒരു അത്ഭുതം പോലെ ട്രക്കിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെടാതെ മൂന്ന് യുവാക്കളും രക്ഷപ്പെടുകയാണ്. മൂന്നുപേരും ചെറിയ പരിക്കുകളോടെ എഴുന്നേറ്റു വരുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. പിന്നാലെ എത്തിയ വാഹനത്തിൻ്റെ ഡാഷ്‌ക്യാമിലാണ് ഭയാനകമായ ദൃശ്യങ്ങള്‍ മുഴുവൻ പതിഞ്ഞത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക