ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കോറമംഗലയിലെ ഒരു ഹോട്ടലില്‍ നടന്ന സംഭവത്തില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രതികളെല്ലാം ഇതര സംസ്ഥാനക്കാരാണെന്നും ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരുമാണ്.
വിവാഹിതയായ യുവതി കാറ്ററിംഗ് സര്‍വീസിന്റെ ഭാഗമായി പരിപാടികളില്‍ ഭക്ഷണം വിളമ്ബുന്നയാളാണ്. വ്യാഴാഴ്ച രാത്രി ജ്യോതി നിവാസ് കോളേജ് ജംഗ്ഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ 20 വയസ് പ്രായമുള്ള നാല് പുരുഷന്മാര്‍ സമീപിക്കുകയായിരുന്നു. ഇവര്‍ പതിയെ സംസാരം ആരംഭിച്ച് അവളുമായി സൗഹൃദം ആരംഭിച്ച ശേഷം അവളെ ഹോട്ടലിലേക്ക് അത്താഴം കഴിക്കാന്‍ ക്ഷണിച്ചു.
അത്താഴത്തിന് ശേഷം അവര്‍ യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയും ഒരു സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ വിട്ടയച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീട്ടിലെത്തിയ യുവതി സംഭവം ഭര്‍ത്താവിനോട് പറയുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു.
''പരാതിയുടെ അടിസ്ഥാനത്തില്‍, ഞങ്ങള്‍ ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 70 (കൂട്ടബലാത്സംഗം) പ്രകാരം കോറമംഗല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലാം പ്രതിയെയും തിരിച്ചറിഞ്ഞിരിക്കുകയാണ്. അവനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.'' ജോയിന്റ് കമ്മീഷണര്‍ (ഈസ്റ്റ്) രമേഷ് ബാനോത്ത് പിടിഐയോട് പറഞ്ഞു.