Click to learn more 👇

മൂന്ന് തവണ ഡ്രസ് മാറ്റിയിട്ടും റിജോയെ കുടുക്കിയത് ആ ഒരു പാളിച്ച; ബാങ്ക് മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ; ഫെഡറല്‍ ബാങ്കിലെ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


 

പോട്ട ഫെഡറല്‍ ബാങ്കിലെ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫെഡറല്‍ ബാങ്ക് ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളേക്കുറിച്ച്‌ പ്രതി റിജോ ആന്റണി വ്യക്തമായി മനസിലാക്കിയിരുന്നെന്ന് തൃശ്ശൂർ റൂറല്‍ എസ്.പി.കൃഷ്ണകുമാർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 


കാലാവധി കഴിഞ്ഞ എ.ടി.എം കാർഡ് ശരിയാക്കാനെന്നുപറഞ്ഞാണ് ബാങ്കില്‍ കയറിപ്പറ്റിയത്. നാല് ദിവസം ബാങ്കിലെത്തി എല്ലാം നിരീക്ഷിച്ചു. പോലീസിനെ വഴിതെറ്റിക്കാൻ പല ശ്രമങ്ങളും നടത്തി. ഷൂസിനടിയിലെ ഒരു നിറമാണ് പോലീസിന് കച്ചിത്തുരുമ്ബായതെന്നും എസ്.പി അറിയിച്ചു.


മോഷണം നടത്തിയ പോട്ടയിലെ ഫെഡറല്‍ ബാങ്കിലല്ല, മറ്റൊരു ഫെഡറല്‍ ബാങ്ക് ശാഖയിലാണ് റിജോയ്ക്ക് അക്കൗണ്ടുള്ളത്. ഫെഡറല്‍ ബാങ്ക് ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളേക്കുറിച്ച്‌ പ്രത്യേകിച്ച്‌ ഭക്ഷണ ഇടവേളയേക്കുറിച്ച്‌ റിജോ കൃത്യമായി മനസിലാക്കിയിരുന്നു. രണ്ടുമുതല്‍ രണ്ടര വരെ ബാങ്കില്‍ ആരുമുണ്ടാവില്ലെന്ന് ഇയാള്‍ക്കറിയാമായിരുന്നു. മോഷണം നടത്തിയ ശേഷം സഞ്ചാര പാത മാറ്റിക്കൊണ്ടാണ് പോയത്. പോലീസ് പരിശോധനയുണ്ടാവുമെന്ന് മനസിലാക്കിയതോടെ ഇടറോഡുകളും രക്ഷപ്പെടാനായി ഉപയോഗിച്ചു.


പോകുന്ന വഴിയില്‍ സിസിടിവി ക്യാമറ ഇല്ലാത്ത ഒരിടത്തുവെച്ചാണ് മോഷണസമയത്ത് ധരിച്ച വസ്ത്രം മാറിയത്. മൂന്നാമത്തെ ഡ്രസാണ് റിജോ ധരിച്ചത്. വ്യാജനമ്ബറുള്ള എൻടോർക്ക് സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചത്. ബാങ്കില്‍നിന്നിറങ്ങി അല്പദൂരം പോയശേഷം പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ സ്കൂട്ടറില്‍ റിയർവ്യൂ മിറർ ഘടിപ്പിച്ചു. സ്കൂട്ടറിനേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു നമ്ബറില്‍ എൻടോർക്ക് ഇല്ലെന്ന് മനസിലായി. 


വസ്ത്രം മാറിയെങ്കിലും ഷൂസിന്റെ അടിയിലുള്ള ഒരുതരം കളർ പോലീസ് ശ്രദ്ധിച്ചിരുന്നു. ആ കളറാണ് വഴിത്തിരിവായത്. കേരളാ പോലീസിന്റെ കൂട്ടായ പ്രവർത്തനമാണിത്. മൂന്നുദിവസമായി ഉറങ്ങിയിട്ടില്ല.


റിജോ ഏഴു വർഷം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയശേഷം സാമ്ബത്തിക ബാധ്യതകളുണ്ടായി. അത് തീർക്കാനാണ് മോഷ്ടിച്ചതെന്നാണ് റിജോ പറഞ്ഞതെങ്കിലും അത് പൂർണമായി വിശ്വസിക്കുന്നില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടിയാണ് പറയുന്നത്. നല്ലപോലെ മദ്യപിക്കുന്നയാളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച പണത്തില്‍നിന്ന് കുറച്ചെടുത്ത് മദ്യം വാങ്ങിയെന്നും റിജോ പറയുന്നുണ്ട്. 49 ലക്ഷം രൂപ കടമുണ്ടെന്നാണ് പറയുന്നത്. മോഷണ മുതലില്‍നിന്ന് 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടി. കെട്ട് പൊട്ടിക്കാത്ത പണമുണ്ടെന്ന് പറയുന്നുണ്ട്. അക്കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്.


കാലാവധി കഴിഞ്ഞ എ.ടി.എം കാർഡ് കാണിച്ച്‌ അത് ശരിയാക്കണമെന്നു പറഞ്ഞാണ് ബാങ്കില്‍ കയറിയത്. അവാസന പതിനഞ്ച് ദിവസങ്ങളിലെ ബാങ്ക് സിസിടിവി പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. ചില കാര്യങ്ങള്‍ ഇപ്പോള്‍ പറയാൻ കഴിയില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക