Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/02/2025)


 


2025 | ഫെബ്രുവരി 22 | ശനി | കുംഭം 10 


◾  ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  സഹകരിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദേശീയ തലത്തില്‍ ആശാ വര്‍ക്കര്‍മാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം. ആശ പ്രവര്‍ത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.


◾  സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കെ വി തോമസിന്റെ യാത്രാബത്ത 5 ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാരുടെ 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമായിപ്പോയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അഭിസംബോധന ചെയ്തു സംസാരിച്ച സുധാകരന്‍, സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയും പ്രഖ്യാപിച്ചു.


◾  സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോടുള്ള നിഷേധാത്മക സമീപനം കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍സമരം ചെയ്യുമ്പോള്‍ പി.എസ്.സി. അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവര്‍ക്കര്‍മാരെ അപമാനിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.


◾  ആഗോളനിക്ഷേപങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. കൊച്ചിയില്‍ തുടങ്ങിയ 'ഇന്‍വെസ്റ്റ് കേരള' ആഗോള നിക്ഷേപ സംഗമത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച മന്ത്രി ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്നാണ് കേരളത്തെ പ്രകീര്‍ത്തിച്ചത്. പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും ഈ പദ്ധതി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അതേസമയം പദ്ധതിയുമായി ജനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


◾  കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പുതിയ സംസ്‌കാരം സി.പി.എം പ്രതിപക്ഷത്ത് വരുമ്പോഴും തുടരണമെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമല്ലാതെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷം ചോദ്യം ചെയ്യുമെന്നും എന്നാല്‍ നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ അവസാനം നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് അന്നത്തെ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിരുന്നു.


◾  പിഎസ്സി അംഗങ്ങളുടെ ശമ്പള വര്‍ധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയര്‍മാന് കൊടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. കുറച്ച് നാളായി ധനകാര്യ വകുപ്പില്‍ ഈ ഫയലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  


◾  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ  കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നല്‍കരുതെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിനാണ് സ്റ്റേ. കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും  മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.


◾  സി പി എം നേതാവ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു രംഗത്ത്. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ കരാറുകള്‍ ചൂണ്ടികാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പരാതി നല്‍കി. ദിവ്യ അഴിമതി നടത്തി ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും, ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.


◾  കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.


◾  ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പ്കേസില്‍ രണ്ട് മലയാളികള്‍ കൂടി റിമാന്‍ഡില്‍. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കൊച്ചിയിലെ പിഎംഎല്‍എ കോടതി അനുവദിച്ചു.നേരത്തെ അറസ്റ്റിലായ നാല് പ്രതികള്‍ ലോണ്‍ ആപ്പ് വഴി നിരവധി പേരില്‍ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി നിഗമനം.


◾  ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ പി. സി ജോര്‍ജ്ജിന്  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോര്‍ജിന്റെ വാദം. പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.  



◾  ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ എറണാകുളം ആര്‍ടിഒ ജഴ്സണെ സസ്പെന്‍ഡ് ചെയ്തു. ആര്‍ടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു. ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.  


◾  കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്.


◾  കെഎസ്ആര്‍ടിസി ഡിപ്പോകളിലും വര്‍ക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന റെക്സിന്‍, പ്ലാസ്റ്റിക്, ഇ - വേസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്തുതുടങ്ങി. ക്ലീന്‍ കേരള ക്യാമ്പയിന്റെ ഭാഗമായാണ് മാലിന്യ നീക്കം. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആര്‍ടിസി എന്ന ലക്ഷ്യത്തിലേക്ക് മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങള്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലീന്‍ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്.


◾  സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.റസലിന്റെ വിയോഗം കോട്ടയത്തെ പാര്‍ട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.


◾  ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. പന്നിയാര്‍കുട്ടി ഇടിയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്. ഇവരോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിള്ളിയില്‍ അബ്രാഹാ (50)മിന് ഗുരുതരമായി പരിക്കേറ്റു..


◾  കൊച്ചി കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും.


◾  ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ്  മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്.


◾  ബെംഗളൂരുവിലെ ട്രാഫിക് പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.


◾  ബജറ്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ 'നിങ്ങളുടെ മുത്തശ്ശി' എന്ന ബിജെപി  മന്ത്രിയുടെ പരാമര്‍ശമാണ് ബഹളത്തിന് വഴി തെളിച്ചത്.


◾  വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2023 ല്‍ എടുത്ത കേസിലാണ് നടപടി. 2012 മുതല്‍ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്ക് പിന്നാലെയായിരുന്നു കേസ് അടക്കം നടപടികള്‍ കേന്ദ്രം തുടങ്ങിയത്.


◾  ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപ് ആരോപിക്കുന്നത്. താന്‍ മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ട്രംപ് ആരോപിച്ചു.


◾  ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.


◾  വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റേതില്ലെന്ന് ഇസ്രയേല്‍ അധികൃതര്‍. കൈമാറിയ മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി.


◾  ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അമേരിക്ക ഫണ്ട് നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം രാജ്യത്തെ ബന്ധപ്പെട്ട് ഏജന്‍സികള്‍ പരിശോധിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. യു എസ് ഫണ്ട് ആരോപണത്തില്‍ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നല്‍കി. അതേസമയം ഇന്ത്യക്കെന്ന പേരില്‍ മാറ്റി വച്ച ഫണ്ട് ബംഗ്ലാദേശിനാണ് യഥാര്‍ത്ഥത്തില്‍ നല്‍കിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ബി ജെ പി തള്ളി. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്ന ട്രംപിന്റെ ആരോപണം കോണ്‍ഗ്രസിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.


◾  ഇസ്രയേലിലെ ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ ഉഗ്ര സ്ഫോടനം. മറ്റു രണ്ട് ബസുകളിലെ ബോംബ് നിര്‍വീര്യമാക്കി. സ്ഫോടനം നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ആയതിനാല്‍ ആളപായമില്ല. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ പൊലീസ് പറഞ്ഞു.


◾  കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അകമ്പടിയിലാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. മറ്റൊരു സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍.


◾  ചാംപ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 107 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 103 റണ്‍സ് നേടിയ റിയാന്‍ റിക്കിള്‍ട്ടണിന്റെയും തെംബ ബവൂമ, വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316  റണ്‍സെടുത്തു. എന്നാല് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് 43.3 ഓവറില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.


◾  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ചുങ്കം ചുമത്തല്‍ നിലപാട് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയെ തളര്‍ത്തുമെന്ന് മൂഡീസ് അനലറ്റിക്‌സ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ 2025 ലെ ജിഡിപി 6.4 ശതമാനമായി കുറയുമെന്നാണ് മൂഡീസ് ഏഷ്യ പസഫിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ 6.6 ശതമാനം വളര്ച്ചാ നിരക്കിലേക്ക് എത്താനാകില്ല. അമേരിക്കയുടെ നികുതി ചുമത്തല്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ കുറവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇടിവുണ്ടാകുന്ന മറ്റൊരു രാജ്യം ചൈനയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അഞ്ചു ശതമാനത്തില്‍ നിന്ന് ചൈനയുടെ വളര്‍ച്ച 4.2 ശതമാനമായി കുറയും. അടുത്ത വര്‍ഷം നാലു ശതമാനത്തില്‍ താഴെയാകും. അമേരിക്കയുടെ മാറുന്ന നികുതി നയങ്ങള്‍ ഏഷ്യാ പസഫിക് രാജ്യങ്ങളുടെ സമ്പദ് ഘടനകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി്ക്കാട്ടുന്നു. ഇന്ത്യയുടെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ ആറ് ശതമാനത്തില്‍ താഴെയെത്താനും സാധ്യതകളുണ്ട്. വ്യാപാര രംഗത്തെ സമ്മര്‍ദ്ദം, സാമ്പത്തിക നയമാറ്റങ്ങള്‍ എന്നിവ സമ്പദ് ഘടനകള്‍ക്ക് വളരാനുള്ള സാധ്യത കുറക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.


◾  'എംപുരാന്‍' ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള്‍ കണ്ടത്. ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.


◾  മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം 'ദൃശ്യം 3' ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. 'ഭൂതകാലം ഒരിക്കലും നിശബ്ദമല്ല' എന്ന വാക്കുകളോടെയാണ് മൂന്നാം ഭാഗമെത്തുന്നുവെന്ന കാര്യം താരം പങ്കുവച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു സ്ട്രീം ചെയ്തത്.


◾  ഡാകു മഹാരാജ് എന്ന ചിത്രത്തിന്റെ വിജയാഹ്ളാദം പങ്കിടാനായി നായകന്‍ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ സംഗീത സംവിധായകന്‍ തമനു പോര്‍ഷെ കെയ്ന്‍ സമ്മാനമായി നല്‍കി. പുതുവാഹനം തമനു സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ ബാലകൃഷ്ണ തന്നെയാണ് പങ്കുവെച്ചത്. വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ച് ബാലയ്യയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന സംഗീത സംവിധായകന്റെ ദൃശ്യങ്ങളുമുണ്ട്. ക്വാര്‍ട്സ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള പോര്‍ഷെ കെയ്ന്‍ ആണ് തമനു ലഭിച്ചിരിക്കുന്നത്. 1.42 കോടി രൂപ മുതലാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 2023 ലാണ് പോര്‍ഷെ ഇന്ത്യ കെയ്‌ന്റെ ഫേസ് ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 3.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സാണ്. 353 എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്. വെറും 6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കടക്കുന്ന കെയ്നിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്ററാണ്.


◾  കോര്‍പ്പറേറ്റിന്റെ വ്യവസായനയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് മാനേജുമെന്റുകളാണ് ഇന്ന് മാധ്യമലോകം നിയന്ത്രിക്കുന്നത്. പരസ്യവിപ ണിയെ മാത്രം ആശ്രയിച്ച് രൂപംകൊടുക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളു മാണ് ഇന്നത്തെ മാധ്യമങ്ങളുടെ ഉള്ളടക്കം. റേറ്റിംഗ് നിലനിര്‍ത്തുകയെന്ന താണ് അവരുടെ മത്സരലക്ഷ്യം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് ഇന്ന് വിളിക്കുകയെന്നാല്‍ ജനാധിപത്യത്തിന്റെ അപകടമണി മുഴക്കുന്നവര്‍ എന്നാണര്‍ത്ഥം. മാധ്യമവിവേകമെന്നത് ഇന്ന് വില്പനമൂല്യമുള്ള ചരക്ക് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അതിനായി അവര്‍ എന്ത് ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്ക്കും. 'വിരല്‍ത്തുമ്പിലെ ലോകം'. എ.എസ് ജഗദീഷ് ബാബു. കറന്റ് ബുക്സ് തൃശൂര്‍. വില 375 രൂപ.


◾  പ്രായം 65 കഴിഞ്ഞാല്‍ ആളുകളില്‍ ഓര്‍മക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായം ഡിമെന്‍ഷ്യ വര്‍ധിപ്പിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പെരുമാറ്റ ശീലങ്ങള്‍ ഡിമെന്‍ഷ്യ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ രക്തസമ്മര്‍ദനില നിലനിര്‍ത്തുന്നതും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാന്‍ സഹായിക്കും. ഇതിനൊപ്പം ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആളുകള്‍ തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകളും തിരഞ്ഞെടുക്കാറുണ്ട്. ഡിമെന്‍ഷ്യ തടയാനും ഐക്യു വര്‍ധിപ്പാക്കാനും ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്നാണ് ഇവയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബുദ്ധിശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ബ്രെയിന്‍ ഗെയിമികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനെ എക്സിക്യൂട്ടീവ് ഫംഗ്ഷന്‍ എന്ന് വിളിക്കുന്നു. എന്നാല്‍ ഇവയില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന കഴിവുകള്‍ റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെടുന്നില്ലെന്നതിനാല്‍ ഈ മാറ്റങ്ങള്‍ താത്ക്കാലികമാണെന്ന് സേജ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പുതിയതും വെല്ലുവിളി നിറഞ്ഞതുമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഓര്‍മശക്തി, പ്രോസസ്സിങ് വേഗത, യുക്തിസഹമായ കഴിവുകള്‍ എന്നിവയില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. പസിലുകളും ബ്രെയിന്‍ ഗെയിമുകളും ഡിമെന്‍ഷ്യയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക