ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയില്‍ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം.
കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ ബലൂണ്‍ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ബർത്ത് ഡേ ആഘോഷിച്ച യുവതി ജിയാങ് ഫാം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് .
ഫെബ്രുവരി 14 നായിരുന്നു സംഭവം. ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു പാർട്ടി. ഹാള്‍ നിരവധി ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ബർത്ത്‌ഡേ ഫോട്ടോകള്‍ക്ക് പോസ് ചെയ്യാൻ ജിയാങ്ങും കുറച്ച് ബലൂണുകള്‍ വാങ്ങിയിരുന്നു. ഒരു കൈയില്‍ പിറന്നാള്‍ കേക്കും മറുകൈയില്‍ ബലൂണുകളുമായി അവള്‍ വേദിയില്‍ നിന്നു. എന്നാല്‍ ഫോട്ടോകള്‍ എടുക്കുന്നതിന്റെ കയ്യിലിരുന്ന ബലൂണ്‍ കേക്കിലെ കത്തിച്ച മെഴുകുതിരിയില്‍ സ്പർശിച്ചു.
തൊട്ടടുത്ത നിമിഷം ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം തീഗോളമായി മാറി. ഞെട്ടിത്തരിച്ചും വേദനിച്ചും അവള്‍ ഉടൻ തന്നെ കേക്കും ബലൂണുകളും താഴെയിട്ടു.
ജിയാങിനെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മുഖത്ത് പൊള്ളലേറ്റിരുന്നു.
പൊള്ളല്‍ ഗുരുതരമല്ലാത്തതിനാല്‍ മുഖത്തെ പാടുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൂർണമായി ഇല്ലാണ്ടാകുമെന്ന് ഡോക്ടർമാർ അവള്‍ക്ക് ഉറപ്പുനല്‍കി. താൻ വാങ്ങിയ ബലൂണുകളില്‍ ഹൈഡ്രജൻ വാതകം നിറച്ചിരുന്നതായി പിന്നീടാണ് ജിയാങ് അറിഞ്ഞത്. വില്‍പ്പനക്കാരൻ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് അവർ പറഞ്ഞു. ഭാഗ്യവശാല്‍ വേദിയില്‍ അലങ്കരിച്ചിരുന്ന മറ്റ് ബലൂണുകളില്‍ നിറച്ചിരുന്നത് സാധാരണ വായുവായിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി.