പാലക്കാട്ടെ ദിനോമുക്കിലെ ദിനോസർ കൃഷിയുടെ വിശേഷങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. എഐ നിർമ്മിത വീഡിയോയില്‍ ദിനോസറുകളെ പരിപാലിക്കുകയും അതിലൂടെ ഉപജീവനം നടത്തുകയും ചെയ്യുന്ന ഒരു കാർഷിക ഗ്രാമത്തെ കുറിച്ചായിരുന്നു വളരെ രസകരമായി പറഞ്ഞത്.
സിനിമ മോഹികളായ യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോറി ടെല്ലേഴ്സ് യൂണിയന്റെ ഭാവനയില്‍ പിറന്നതായിരുന്നു ദിനോമുക്കും ദിനോസർ കൃഷിയുമെല്ലാം.
ഇപ്പോഴിതാ ഒരു മലയാളി വീട്ടമ്മയുടെയും അവർ വളർത്തി വലുതാക്കിയ ഒരു ഡ്രാഗണിന്റെയും ആത്മബന്ധത്തിന്റെ കഥയാണ് സൈബറിടത്ത് വൈറലാകുന്നത്. "wild spell studio" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് എഐ വീഡിയോ പങ്കുവച്ചത്.
സ്ത്രീ സ്വന്തം കുഞ്ഞിനെപ്പോലെ ഡ്രാഗണെ സ്നേഹിച്ച് വളർത്തി വലുതാക്കുന്നതും, അതിന്റെ മുകളിലിരുന്ന് യാത്ര ചെയ്യുന്നതുമെല്ലാമാണ് വീഡിയോയില്‍. ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഷോകളില്‍ ഒന്നായ ഗെയിം ഓഫ് ത്രോണ്‍സിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍. 2.5 മില്യണ്‍ കാഴ്ചകളാണ് വീഡിയോ ഇതിനകം നേടിയത്.
സംവിധായകൻ ജിതിൻ ലാല്‍, നടി സുരഭി ലക്ഷ്മി തുടങ്ങി നിരവധി പേർ വീഡിയോയില്‍ രസകരമായ കമന്റുകളും പങ്കുവച്ചിട്ടുണ്ട്. "അടുപ്പു കത്തിക്കാൻ ഇനി തീപ്പെട്ടി വേണ്ട", "പാലക്കാട് ദിനോസർമുക്കിലെ ഒരു ശരാശരി വീട്ടമ്മ","ഉയർന്നു വാ എന്നു പറഞ്ഞപ്പോള്‍ ഇത്രേം ഉയരുമെന്ന് പ്രതീക്ഷിച്ചില്ല", "ചന്തയില്‍ പോകാൻ ഇനി നടക്കണ്ട", ഇങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍.