'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന പരാമർശത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയില്‍ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തില്‍ 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന് പരാമർശിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഒന്നിലേറെ തവണ 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന് രമേശ് ചെന്നിത്തല പറഞ്ഞതോടെ ഇത് ശരിയായ രീതിയാണോ എന്ന ചോദ്യവുമായി മുഖ്യമന്ത്രി എഴുന്നേറ്റു.
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിക്കുന്നത് അണ്‍പാർലമെന്ററി അല്ലെന്ന് ചെന്നിത്തല മറുപടിയും നല്‍കി. ചെന്നിത്തലയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.
സംസ്ഥാനത്ത് അതിക്രമങ്ങള്‍ വർധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റ് നടപടികള്‍ നിർത്തിവച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രസംഗം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ചർച്ചയ്ക്കിടെ പലവട്ടം മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ചെന്നിത്തല ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതോടെ മുഖ്യമന്ത്രി എഴുന്നേറ്റു. ഓരോ തവണയും മിസ്റ്റർ ചീഫ് മിനിസ്റ്റർ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. ഇതിലൂടെ എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. എന്നാല്‍, കുറിക്കു കൊള്ളുന്ന മറുപടിയുമായി ചെന്നിത്തലയും പിന്തുണച്ച് സതീശനും വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒൻപതു വർഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സർക്കാരാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ ലഹരിക്ക് അടിമകളാകുകയാണ്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലയും കോഴിക്കോട്ടെ ഷഹബാസിന്റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ. പണ്ട് പഞ്ചാബിനെക്കുറിച്ചാണ് ലഹരിയുടെ കേന്ദ്രമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ യുവാക്കളുടെ ജീവിതത്തെ രാസലഹരി നശിപ്പിക്കുകയാണ്. യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണ്.
സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന പുതിയ എക്‌സൈസ് നയം പുതുതലമുറയോടുള്ള ചതിയാണ്. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാനാണ് പുതിയ ബ്രൂവറി അനുവദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കലാലയങ്ങളില്‍ എസ്‌എഫ്‌ഐയാണ് റാഗിങ്ങിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ അവരെ തിരുത്താൻ മുഖ്യമന്ത്രി തയാറാകുന്നില്ല. ഇതുപോലെ തന്നെ തുടർന്നാല്‍ മതിയെന്നാണ് അവരുടെ യോഗത്തില്‍ പോയി മുഖ്യമന്ത്രി പറഞ്ഞത്. അതു ശരിയായ നിലപാട് അല്ലെന്നും ചെന്നിത്തല പറഞ്ഞു. ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മൂന്നു വർഷത്തോളം പരോള്‍ നല്‍കിയ സർക്കാർ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
തുടർന്ന് മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി. താൻ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അതിനുള്ള അവകാശമുണ്ട്. നാട്ടില്‍ വർധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. അതു പറയും. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിക്കുന്നത് അണ്‍പാർലമെന്ററി അല്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങള്‍ അല്ല പറയേണ്ടതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതോടെ ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. ''നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തരമന്ത്രി. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് അങ്ങിത്ര അസഹിഷ്ണുത കാണിക്കുന്നത്. സർക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു പോലെ പ്രസംഗിക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണു വിളിച്ചത്. അല്ലാതെ മോശം പേരൊന്നും അല്ല വിളിച്ചത്.'' - സതീശൻ പറഞ്ഞു.