2025 | മാർച്ച് 14 | വെള്ളി | കുംഭം 30 |
◾ ലോകത്തുടനീളമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ആര്‍.എസ്.എസ്. ബെംഗളൂരിവിലെ ഛന്നഹള്ളിയില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ ചേരുന്ന ആര്‍.എസ്.എസ്. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിലയിരുത്തലുകള്‍. ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കേണ്ട പരിപാടികളായിരിക്കും യോഗത്തിന്റെ പ്രധാന പ്രമേയം. അടുത്ത 100 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നും, എന്തൊക്കെയാണ് സംഘടന ലക്ഷ്യമിടേണ്ടതെന്നും ഈ യോഗം വിശദമായി പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെതെന്നും ഇത് അപലപനീയമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ലെന്നും കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നെയ്യാറ്റിന്‍കര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
◾ നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മഹേഷ് അടക്കമാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
◾ നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധിക്കെതിരെ കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പരാതി. തുഷാര്‍ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പേരാണ് പരാതിക്കാര്‍. നെയ്യാറ്റിന്‍കര പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘാടകര്‍ക്ക് ഒപ്പം ചേര്‍ന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് പരാതി.
◾ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഇഡി സമന്‍സ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്ന വേളയില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണന്‍.
◾ വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനോടനുബന്ധിച്ചുള്ള 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 87 പേര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തിമ പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം.
◾ വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിലൂടെ ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കും. ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 1000 രൂപ കൂപ്പണ്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
◾ സംസ്ഥാനത്ത് തൊഴില്‍, വിസ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാന്‍ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പുലര്‍ത്തണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ യുവജന കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായാണ് ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് വിമര്‍ശനം.
◾ സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സംബന്ധിച്ച കേസില്‍ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
◾ യാക്കോബായ സഭയുടെ അധ്യക്ഷന്റെ വാഴിക്കല്‍ ചടങ്ങ് സഭാ തര്‍ക്കത്തിലെ സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപൊലീത്ത. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വിമര്‍ശിച്ച അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി പി രാജീവ് വിദേശത്ത് പോകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി.
◾ ബെംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ തലയിലേറ്റ മുറിവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുളിമുറിയില്‍ വീണ് പരുക്കേറ്റു എന്നായിരുന്നു കൂടെയുണ്ടായിരുന്നവര്‍ വീട്ടുകാരെ വിളിച്ചുപറഞ്ഞത്. എന്നാല്‍ മുറിവില്‍ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ലിബിന്റെ സഹോദരി പറഞ്ഞു.
◾ മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
◾ രക്താര്‍ബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തില്‍, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
◾ തലശേരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി.പി.എം ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്നും ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സി.പി.എം നേതാക്കള്‍ ബലമായി മോചിപ്പിച്ചുവെന്നും ഇത് എന്ത് പൊലീസാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായതെന്നും പൊലീസിനെക്കാള്‍ വലുതാണ് സി.പി.എം എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ കേരളത്തില്‍ സി.പിഎം ക്രിമനലുകള്‍ക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സകല ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും കൊടുക്കുന്ന ഈ രാഷ്ട്രീയ സംരക്ഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും സംസ്ഥാന ഭരണം തന്നെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് സിപിഎം ക്രിമിനലുകളും സംഘപരിവാര്‍ ശക്തികളുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾ കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയില്‍ വീട്ടില്‍ ഫാത്തിമയെന്ന് പേരായ പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം.
◾ ഏപ്രില്‍ മാസം മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര എയര്‍കണ്ടീഷന്‍, സ്ലീപ്പര്‍ വിഭാഗത്തിലുള്ള ഹൈടെക് ബസുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന പാതകളില്‍ ഹൈടെക് ബസുകളും ചെറിയ റൂട്ടുകളില്‍ ചെറിയ ബസുകളുമായിരിക്കും നല്‍കുക.
◾ വര്‍ക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്ത് വെട്ടേറ്റ് മരിച്ചു. സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭര്‍ത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേര്‍ന്നാണ് ആക്രമിച്ചത്. സുനില്‍ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.
◾ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം.
◾ കോന്നിയില്‍ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്‌സ്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ കുത്തിവെപ്പെടുത്തത്. കുത്തിവെപ്പെടുത്തതിനെ തുടര്‍ന്ന് തളര്‍ച്ച അനുഭവപ്പെട്ട കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
◾ തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ആത്മഹത്യയാണെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചിരുന്നു.
◾ ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സര്‍ക്കാരുമായി പോര് തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സര്‍ക്കാര്‍. പകരം തമിഴ് അക്ഷരം ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം രൂപ ചിഹ്നം ഒഴിവാക്കിയത് വിഘടനവാദത്തിനുള്ള പ്രോത്സാഹനമാണെന്ന് വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് വന്നു. പ്രാദേശികവാദത്തിന്റെ മറവില്‍ വിഘടനവാദ വികാരം പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി.
◾ ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 പുരുഷന്‍മാരെ വരെ വിവാഹം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി ഒരു പൊതുചടങ്ങില്‍ പറഞ്ഞു.
◾ തമിഴ്നാട് കരൂരിലെ ക്ഷേത്രത്തില്‍ എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം ചെയ്യുന്ന ആചാരം വിലക്കി മദ്രാസ് ഹൈക്കോടതി. ശയനപ്രദക്ഷിണം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ആരോഗ്യത്തിനും മനുഷ്യന്റെ അന്തസ്സിനും ഹാനികരമാണ് ആചാരമെന്ന് കോടതി നിരീക്ഷിച്ചു. ദളിത് പാണ്ഡ്യന്‍ എന്ന കരൂര്‍ സ്വദേശിയുടെ ഹര്‍ജിയില്‍ 2015ല്‍ ഹൈക്കോടതി ശയനപ്രദക്ഷിണം വിലക്കിയിരുന്നു.
◾ ഉത്തര്‍പ്രദേശിലെ ബോര്‍ഡ് പരീക്ഷകള്‍ തീര്‍ത്തും സുതാര്യമായി നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍. ബുധനാഴ്ച പൂര്‍ത്തിയാക്കിയ ബോര്‍ഡ് പരീക്ഷകള്‍ കോപ്പിയടി രഹിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പരീക്ഷാ രീതി പരിഷ്‌കരിക്കാനും ദുരുപയോഗങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ദൃഢനിശ്ചയ ശ്രമങ്ങള്‍ ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കിയെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു.
◾ ഹോളിയ്ക്ക് ദേഹത്ത് വര്‍ണപ്പൊടികള്‍ എറിയുന്നത് തടഞ്ഞ 25കാരനെ അതിക്രൂരമായി കൊലപ്പെടുത്തി മൂവര്‍ സംഘം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തവേ ലൈബ്രറിയില്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി എത്തിയതായിരുന്നു 3 പ്രതികള്‍. വര്‍ണപ്പൊടികള്‍ ദേഹത്ത് പൂശുന്നത് തടയാന്‍ ശ്രമിച്ച ഹന്‍സ് രാജിനെ മൂവരും ചേര്‍ന്ന് ആദ്യം ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു.
◾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. യു.എസ്. വിസ്‌കികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ഈടാക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയാണ് ട്രംപ് ഈ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
◾ യുക്രെയ്നില്‍ 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഉപാധികളോടെ തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു .വെടി നിര്‍ത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും വെടി നിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിന്‍ നിലപാടെടുത്തു. നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിര്‍ത്തല്‍ റഷ്യ തള്ളിയിരുന്നു. അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് റഷ്യ പ്രതികരിച്ചത്.
◾ വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും.
◾ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചുവടുവയ്പ്. ആയുര്‍വേദ ഉത്പന്നങ്ങളിലൂടെയും വെല്‍നെസ് ഉത്പന്നങ്ങളിലൂടെയും വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള പതഞ്ജലിയുടെ തന്ത്രപ്രധാനമായ നീക്കമായിരിക്കും വളരെ മത്സരാത്മകമായ ഇന്‍ഷുറന്‍സ് വിപണിയിലേക്കുള്ള കടന്നു വരവെന്നാണ് വിലയിരുത്തലുകള്‍. വിവിധ ബിസിനസ് ഗ്രൂപ്പുകളാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരി വില്‍പ്പനയുടെ ഭാഗമാകുക. ഇതില്‍ പ്രധാനം സെനോട്ടി പ്രോപ്പര്‍ട്ടീസാണ്. പ്രമുഖ ബിസിനസുകാരന്‍ അദാര്‍ പൂനാവാലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗിസിന്റെയും സംയുക്തസംരംഭമാണിത്. ഏറ്റെടുക്കല്‍ കരാറിന് മുന്‍പ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സില്‍ 74.5 ശതമാനം ഓഹരി പങ്കാളിത്തം സെനോട്ടി പ്രോപ്പര്‍ട്ടീസിനാണ്. ഇതുകൂടാതെ സെലീഷ്യ ഡെവലപ്പേഴ്‌സ്, ജാഗ്വൂര്‍ അഡൈ്വസറി സര്‍വീസസ്, കെകി മിസ്ത്രി, അതുല്‍ ഡി.പി ഫാമിലി ട്രസ്റ്റ്, ഷാഹി സ്റ്റെര്‍ലിംഗ് എക്‌സ്‌പോര്‍ട്‌സ്, ക്യു.ആര്‍.സി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് എന്നിവയും ഓഹരികള്‍ വില്‍ക്കും. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ സംബന്ധിച്ച് പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും ഇടപാടെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ വിപണി സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
◾ മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യന്‍.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റര്‍' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി. മാര്‍ച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം യുക്ത പെര്‍വിയാണ് നായികയാവുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ട് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കര്‍ണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷന്‍സ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോര്‍ജ്, അഷറഫ് ഗുരുക്കള്‍, സിതാര വിജയന്‍ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ജോ പോള്‍, മോഹന്‍ രാജന്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ശ്വേത മോഹന്‍, സത്യപ്രകാശ് എന്നിവരാണ് ഗായകര്‍.
◾ അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന 'ഈ തനിനിറം' എന്ന സിനിമയുടെ ചിത്രീകരണം പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടില്‍ ആരംഭിച്ചു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുതിര്‍ന്ന സംവിധായകരായ കെ മധു, ഭദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്. അനൂപ് മേനോന്‍ ആദ്യ ഷോട്ടില്‍ അഭിനയിച്ചു. ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്‍വെസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്റെ പിന്നിട്ടുള്ള കഥാ പുരോഗതി. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിന്റെ അന്വേഷണം. എസ് ഐ ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അനൂപ് മേനോനാണ് ഈ കഥാപാത്രമായി എത്തുന്നത്. രമേശ് പിഷാരടി, ഇന്ദ്രന്‍സ്, നോബി പ്രസാദ് കണ്ണന്‍, ജി സുരേഷ് കുമാര്‍, ദീപക് ശിവരാജന്‍ (അറബിക്കഥ ഫെയിം), അജിത്, രമ്യ മനോജ്, അനഘ രോഹന്‍, ആദര്‍ശ് ഷേണായ്, ബാലു ശ്രീധര്‍, ആദര്‍ശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപന്‍, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ എംജി കമ്പനിയുടെ ഏറ്റവും വിലയേറിയതും ആഡംബരപൂര്‍ണ്ണവുമായ കാറാണ് ഗ്ലോസ്റ്റര്‍. ഈ എസ്യുവിയുടെ വില്‍പ്പന കഴിഞ്ഞ മൂന്നു മാസമായി സ്ഥിരമായി നിലനിര്‍ത്തുന്നു. എങ്കിലും, ഈ കാറിന്റെ 100 യൂണിറ്റുകള്‍ മാത്രമേ എല്ലാ മാസവും വില്‍ക്കുന്നുള്ളൂ. കഴിഞ്ഞ മാസം 102 വാങ്ങുന്നവരെ ലഭിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി ഈ മാസം ഗ്ലോസ്റ്റര്‍ എസ്യുവിക്ക് 5.50 ലക്ഷം രൂപയുടെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ എക്സ്-ഷോറൂം വില 38.80 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും. ഈ പ്രീമിയം എസ്യുവിയില്‍ ഡ്യുവല്‍ പനോരമിക് ഇലക്ട്രിക് സണ്‍റൂഫ്, 12-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഡ്രൈവര്‍ സീറ്റ് മസാജ്, വെന്റിലേഷന്‍ സവിശേഷതകള്‍ കൂടാതെ സാന്‍ഡ്, ഇക്കോ, സ്‌പോര്‍ട്, നോര്‍മല്‍, റോക്ക്, സ്നോ, മഡ് തുടങ്ങിയ ഓള്‍-ടെറൈന്‍ റൈഡിംഗ് മോഡുകളും ഉണ്ട്. ബ്ലാക്ക്‌സ്റ്റോം വേരിയന്റിലും ഗ്ലോസ്റ്റര്‍ വാങ്ങാം.
◾ ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ. സാഹിത്യത്തെ നിര്‍വചിക്കാറുണ്ടല്ലോ ആ നിലയ്ക്ക് കാസറഗോഡന്‍ ദേശത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം.എ. റഹ്‌മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം മുഖ്യധാര യുള്‍പ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിര്‍ത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ ആവിഷ്‌കരിക്കുന്നത്. ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നില്‍ക്കുന്ന തീര്‍ത്തും പ്രസക്തമായ മറ്റുചില സൂക്ഷമതലങ്ങള്‍ കുടി ഈ നോവലിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. 'പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട്'. എം എ റഹ്‌മാന്‍. ഡിസി ബുക്സ്. വില 142 രൂപ.
◾ രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങാ വെള്ളം വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായയും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നതും വൃക്കയെ ഡീറ്റോക്സ് ചെയ്യാന്‍ സഹായിക്കും. ഇളനീര്‍ കുടിക്കുന്നതും വൃക്കയെ ശുദ്ധീകരിക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. ബാര്‍ലി വെള്ളം കുടിക്കുന്നതും വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ തുളസി ചായ കുടിക്കുന്നത് വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.