ഭാര്യയും അവരുടെ പിതാവും ചേർന്ന് മരുമകനെയും അയാളുടെ മാതാവിനെയും ക്രൂരമായി തല്ലിചതച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശാല്‍ ബാത്രയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
യുവാവിന്റെ പരാതി പ്രകാരം ഭാര്യ നീലിക തന്റെ വൃദ്ധമാതാവിനെ വൃദ്ധസദനത്തില്‍ കൊണ്ടു തള്ളണമെന്ന് പറഞ്ഞ് നിരന്തരമായി തന്നെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വഴങ്ങാതിരുന്നതോടെയാണ് വിശാലിനെയും അമ്മ സരളയെയും ഇവർ സംഘം ചേർന്ന് മർദിച്ചത്.
നീലിക പിതാവിനെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സംസാരിക്കുന്നതിനിടെ വിശാലിനെ ഭാര്യാ പിതാവ് കൈയേറ്റം ചെയ്തു. ഇയാള്‍ പ്രതിരോധിച്ചതോടെ സഹോദരനും ഗുണ്ടകളും ചേർന്ന് വിശാലിനെ ക്രൂരമായി മർദിച്ചു. മകനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ സരളയെ മരുമകള്‍ മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തിട്ട് മർദ്ദിച്ചു.
എഴുന്നേല്‍ക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി മുഖത്തടിച്ച് വീഴ്‌ത്തുകയായിരുന്നു. ഏറെ നാളായി തന്നെ അസഭ്യം പറയുകയായിരുന്നെങ്കിലും മകനെ കരുതി മിണ്ടാതിരിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വച്ചും തങ്ങളെ കാെലപ്പെടുത്തുമെന്ന് യുവതിയും കുടുംബവും ഭീഷണിപ്പെടുത്തിയെന്നും വിശാല്‍ പറഞ്ഞു. ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കി കോടികള്‍ വിലയുള്ള വീട് സ്വന്തമാക്കാനാണ് യുവതിയുടെ കുടുംബത്തിന്റെയും നീക്കം.