പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്സൈസിന്റെ പിടിയിലായി.
ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്.
പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളില്‍ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി. എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ട്യൂബുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് പറഞ്ഞു.
വീട്ടില്‍ നിന്ന് വിളിക്കുമ്ബോള്‍ യുവതികള്‍ പരസ്പരം സംസാരിച്ച് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരായിരുന്നു ഇവരെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.
മറ്റൊരു സംഭവത്തില്‍ കാസർകോട് മായിപ്പാടിയില്‍ കാറില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൈക്ക ബാലടുക്ക സ്വദേശി പിഎം അഷ്റിൻ അൻവാസ് (32), കന്യാപ്പാടി സ്വദേശി എൻ ഹമീർ (29) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.