കിടപ്പുമുറിയിലെ കട്ടിലിന് റോഡിലൂടെ ചീറിപ്പായാൻ കഴിഞ്ഞാലോ? അതും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി.
കഴിഞ്ഞ പെരുന്നാള്‍ ദിവസം നവാബ് ഷൈഖ് തന്റെ ഏറെ നാളത്തെ സ്വപ്നവുമായി നിരത്തിലിറങ്ങിയ വീഡിയോ നിമിഷ നേരംകൊണ്ട് വൈറലായി.
രണ്ടു ലക്ഷം രൂപ മുടക്കി ഒന്നരവർഷംകൊണ്ടാണ് ചക്രങ്ങളും സ്റ്റിയറിങ്ങും ബ്രേക്കുമുള്ള നാലുചക്ര വാഹനം നവാബ് നിർമിച്ചത്. ബെഡ് കാറില്‍ ഇരുന്നും നിന്നും കിടന്നും യുവാവ് സഞ്ചരിക്കുന്ന വീഡിയോ രണ്ടര കോടി കാഴ്ചക്കാരെ നേടിയിരുന്നതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ സന്തോഷത്തിനു പിന്നാലെ അപ്രതീക്ഷിത ട്വിസ്റ്റും ഉണ്ടായി. വൈറലാകണം എന്നത് നവാബിന്റെ സ്വപ്നമായിരുന്നു. പ്രതിമാസം 9000 രൂപ മാത്രം ശമ്ബളം നേടുന്ന സ്കൂള്‍ വാൻ ഡ്രൈവറായ നാവാബ് അടുത്തിടെയാണ് സാമൂഹിക മാധ്യമങ്ങളുടെ സാധ്യതയിലേക്കെത്തുന്നത്.
ഭാര്യയുടെ സ്വർണ്ണം വിറ്റാണ് ഈ 27-കാരൻ സ്വപ്നം സാക്ഷാത്കരിച്ചത്. സ്റ്റിയറിങ്, ബ്രേക്ക്, ചക്രങ്ങള്‍, വണ്ടിയുടെ ഇന്ധന ടാങ്ക്, എഞ്ചിൻ, റിയർവ്യൂ മിറർ, വാഹനത്തിന് അനിയോജ്യമായ ബെഡ് അങ്ങനെ എല്ലാത്തിനുമായി രണ്ടു ലക്ഷം രൂപ ഇയാള്‍ ചിലവഴിച്ചു.
'അത്ഭുത വാഹനം' കാണാൻ റോഡില്‍ ജനങ്ങള്‍ തടിച്ചുകൂടിയതോടെ പ്രധാന റോഡുകളില്‍ വാഹനം ഇറക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി പോലീസെത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നവാബ് നേരിടുന്ന പ്രശ്നം ഇതൊന്നുമല്ല.
വൈറല്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്ത മറ്റൊരു ബംഗളാദേശി ചാനല്‍ ഇയാളുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അക്കൗണ്ട് ഫെയിസ്ബുക്ക് ബ്ലോക്ക് ചെയ്തു. വീഡിയോ പങ്കുവെച്ച് എട്ടു മണിക്കൂറിനുള്ളിലാണ് സംഭവം. വീഡിയോ ഇപ്പോള്‍ ബംഗളാദേശി യുവാവിന്റേതെന്ന പേരിലാണ് പ്രചരിക്കുന്നത്. തന്റെ ഏറെ നാളത്തെ സ്വപ്നത്തിന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയില്‍നിന്ന് കരകയറാൻ സർക്കാർ സേഹായം തേടുകയാണ് നവാബ്.
India Is Not For Beginners 😂😂 pic.twitter.com/ixgH9Pjvnl