2025 | ഏപ്രിൽ 5 | ശനി | മീനം 22 |
◾ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ കോടമ്പാക്കത്തെ ഓഫിസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് എത്രയും വേഗം ഗോകുലം ഗോപാലനോട് ചെന്നൈയിലെത്താന്‍ ഇ.ഡി. ആവശ്യപ്പെട്ടത്. പരിശോധനയുടെ ഭാഗമായി ഗോകുലം ഗോപാലനെ കോഴിക്കോട് കോര്‍പറേറ്റ് ഓഫിസില്‍ വെച്ച് ഇന്നലെ രാവിലെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട്ടുനിന്ന് ഇ.ഡി. ഉദ്യോഗസ്ഥനൊപ്പമാണ് ഗോകുലം ഗോപാലന്‍ ചെന്നൈയിലെത്തിയത്. കോഴിക്കോട്ട് രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന മൂന്നു മണിയോടെയാണ് അവസാനിച്ചത് അതേസമയം, ചെന്നൈയിലെ ഗോകുലത്തിന്റെ ഓഫിസുകളില്‍ നടത്തുന്ന പരിശോധന പത്തുമണിക്കൂര്‍ പിന്നിട്ടിരുന്നു.
◾ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ ബന്ധമില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍. രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ല ഗോകുലം ചിട്ടിക്കമ്പനി ഓഫിസില്‍ ഇ.ഡി റെയ്ഡ് നടത്തുന്നതെന്നും എമ്പുരാന്‍ സിനിമാ വിവാദവുമായി റെയ്ഡിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരന്‍ പറഞ്ഞു.
◾ തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.
◾ മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയല്‍ കൈമാറിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്തുകൊണ്ടാണ് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
◾ മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ അടക്കമുളളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയ്ക്ക് കൈമാറി. കുറ്റപത്രത്തിനൊപ്പം കരിമണല്‍ കമ്പനിയായ ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ രണ്ടാമതൊരു കുറ്റപത്രം കൂടി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കല്‍ നിന്നു പണം വായ്പയായി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ എക്സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചെന്നതാണ് ഈ കുറ്റപത്രത്തിലെ കേസെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ്എഫ്ഐഒ കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരുവിലെ കോടതിയിലാകും കുറ്റപത്രം നല്‍കുക.
◾ കേരള സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കണമെന്ന പ്രമേയം മധുരയില്‍ നടക്കുന്ന സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി. പിബി അംഗം മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. വീണ വിജയനെതിരായ കേസ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രമേയത്തില്‍ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
◾ അഴിമതി വീരന്‍ പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടികോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തി നില്‍ക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പാര്‍ട്ടികോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍ നട്ടെല്ലുള്ള ഒരു നേതാവുപോലും ആ പാര്‍ട്ടിയില്‍ ഇല്ലാതായിയെന്നും അഴിമതിയില്‍ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയന്‍ മാറിയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
◾ വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾ മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണമെന്നും രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ലെന്നും മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ് എന്‍ ഡി പി സമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. മുനമ്പം പോലുള്ള പ്രശ്നം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ആവര്‍ത്തിക്കപ്പെടാമെന്നും ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്ത് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണെന്നും സമ്മേളനത്തില്‍ പങ്കെടുത്ത തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
◾ കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസ് പുറംകരാറിലേക്ക് എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ പി.എസ് പ്രമോജ് ശങ്കര്‍ ഐ ഒ എഫ് എസ് അറിയിച്ചു. വിജയകരമായി ലോജിസ്റ്റിക്സ് സര്‍വീസുകള്‍ നടത്തിവരുന്ന അന്യസംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ മാതൃക പിന്തുടര്‍ന്നാണ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കായി നിയമപരമായി ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
◾ സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വര്‍ഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ഊര്‍ജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്. വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്.
◾ ജബല്‍പൂരില്‍ മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ നാല് ദിവസത്തിന് ശേഷം മധ്യപ്രദേശ് പൊലീസ് കേസെടുത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും, കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജബല്‍പൂര്‍ എസ്പി അറിയിച്ചു. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൈദികര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
◾ വഖഫ് ബില്ലില്‍ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്. 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കാനാണ് തീരുമാനം. പാണക്കാട് ചേര്‍ന്ന അടിയന്തിര ഓണ്‍ലൈന്‍ നേതൃയോഗത്തിലാണ് തീരുമാനം. ബില്ലിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.
◾ വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്തത്. വഖഫ് തര്‍ക്കങ്ങളില്‍ ട്രൈബ്യൂണല്‍ തീര്‍പ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്.
◾ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹൈക്കോടതിയില്‍ പ്രാഥമിക വാദം കേട്ടത്. ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് തുടരാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
◾ അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. ബെവ്കോ റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്. വിജിലന്‍സ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണാണ് ബെവ്കോ റീജിയണല്‍ മാനേജര്‍ കെ റാഷയെ കഴിഞ്ഞ വര്‍ഷം സസ്പെന്‍ഡ് ചെയ്തത്
◾ തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്.
◾ ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തില്‍ ആദിവാസി സംഘടനകള്‍ സമര രംഗത്തേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ മരണത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും തീരുമാനിച്ചു.
◾ ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
◾ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍. നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. അതേസമയം വീട് നിര്‍മ്മാണത്തിനായി 13 ലക്ഷം റെയില്‍വേയും 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഭൂമി ലഭിച്ചാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ സൗദിയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം. ഈദ് അവധി കഴിഞ്ഞ് ഓഫീസുകള്‍ തുറന്നാലുടന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അമ്പലവയല്‍ സ്വദേശി അഖില്‍ അലക്സ്, നടവയല്‍ സ്വദേശി ടീന ബൈജു എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങള്‍ കത്തിയതിനാല്‍ തിരിച്ചറിയലിന് വിശദമായ പരിശോധനകള്‍ വേണ്ടി വരും.
◾ താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസില്‍ 11 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട് മക്കള്‍, മകന്റെ സുഹൃത്ത് എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത വിധം തെളിവ് നശിപ്പിച്ച കേസില്‍ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
◾ ആലപ്പുഴയില്‍ കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകും. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. അതേസമയം പ്രതികള്‍ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തുന്നത് വൈകും.
◾ കക്കാടംപൊയിലിലെ ഒരു റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു.
◾ എ ഐ സി സി സമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ ഗുജറാത്തില്‍ വെച്ച്. ന്യായപഥ്, സങ്കല്‍പ്പ്, സമര്‍പ്പണ്‍, സംഘര്‍ഷ് എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും സമ്മേളനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 169 പേര്‍ വിശാല പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കുമെന്ന് രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ 1700ലധികം പേര്‍ പങ്കെടുക്കുമെന്നും കെസി വേണുഗോപാല്‍ അറിയിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കന്‍ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം.
◾ കര്‍ണാടകയിലെ ദാവണഗരെയില്‍ സ്വകാര്യ ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയുടെ മക്കള്‍ നോക്കി നില്‍ക്കെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാരപ്പനഹള്ളിയിലുള്ള ഉച്ചാങ്കിദുര്‍ഗ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കുട്ടികളുമായി ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.
◾ വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. സുഭാഷിണി അലി ഉയര്‍ത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലി. എം എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പിബി അംഗം ബൃന്ദ കാരാട്ടും അടക്കമുള്ളയാളുകള്‍ കഫിയ ധരിച്ചാണ് പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യമറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
◾ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എംപിയും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26, 29, 300എ എന്നിവ ബില്‍ ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
◾ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം കെ അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്റ് ആകാന്‍ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും പ്രസിഡന്റാകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധരാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ ധനികരുടെ സമ്പത്തിലുണ്ടായത് വന്‍ ഇടിവ്. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണികള്‍ കൂപ്പുകുത്തിയതോടെയാണ് ലോകത്തെ അഞ്ഞൂറോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. 20,800 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ടുണ്ട്. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 1790 കോടി ഡോളറും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് 1590 കോടി ഡോളറും ട്രംപിന്റെ ഉറ്റ സുഹൃത്തായ ഇലോണ്‍ മസ്‌കിന് 1100 കോടി ഡോളറും നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾ മധ്യപ്രദേശിലെ ജബല്‍പുരില്‍ രണ്ട് കത്തോലിക്കാ പുരോഹിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. സംഭവം നടന്ന നാലുദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
◾ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 34 ശതമാനം തീരുവ ചുമത്തിയ ചൈനീസ് നിലപാടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന സ്വീകരിച്ചത് ശരിയായ സമീപനമല്ലെന്നും അവര്‍ ഭയന്നെന്നും ഒരിക്കലും അത് അവര്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
◾ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 12 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവ് 31 പന്തില്‍ 60 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 38 പന്തില്‍ 53 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രത്തിന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ മൊത്ത വായ്പകളില്‍ 9.97 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയില്‍ നിന്ന് 88,447 കോടി രൂപയായി. മൊത്തം നിക്ഷേപം 5.50 ശതമാനം വര്‍ധനയോടെ 1.01 ലക്ഷം കോടി രൂപയില്‍ നിന്ന് 1.07 ലക്ഷം കോടി രൂപയായി. റീറ്റെയില്‍ നിക്ഷേപങ്ങളില്‍ 7.44 ശതമാനം വര്‍ധനയുണ്ട്. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 97,743 കോടി രൂപയില്‍ നിന്ന് 1.05 ലക്ഷം കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 32,693 കോടി രൂപയില്‍ നിന്ന് 3.17 ശതമാനം ഉയര്‍ന്ന് 33,730 കോടി രൂപയായി. കാസ അനുപാതം 32.08 ശതമാനത്തില്‍ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. ഡിസംബര്‍ പാദത്തിലെ 31.15 ശതമാനത്തില്‍ നിന്ന് ഇത് മെച്ചപ്പെട്ടുവെന്നത് ബാങ്കിന് ആശ്വാസമാണ്.
◾ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബസൂക്ക'യിലെ ആദ്യഗാനം റിലീസ് ചെയ്തു. ബസൂക്ക ലോഡിംഗ് എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ബിന്‍സ് രചന നിര്‍വഹിച്ച ഗാനത്തിന് സംഗീതം നല്‍കിയത് സയീദ് അബ്ബാസ് ആണ്. ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. ബസൂക്കയിലെ 'ലോഡിംഗ് ബസൂക്ക' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് സയീദ് അബ്ബാസ് ആണ്. ബിന്‍സ് ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. നാസര്‍ അഹമ്മദ് ആണ് ഗാനത്തിന്റെ ബാക്കിങ് വോക്കല്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണ്ണായകമായ ഒരു വേഷം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
◾ സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' ഓടിടിയില്‍ റിലീസ് ആയി. ആമസോണ്‍ പ്രൈം, മനോരമ മാക്സ് സിംപ്ലി സൗത്ത് എന്നീ ഓടിടികളില്‍ ആണ് റിലീസ് ആയത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയ്നര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. അബാം മൂവീസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍, ബേബി ആവണി, ബേബി ശ്രേയ ഷൈന്‍, അഞ്ജന അപ്പുകുട്ടന്‍, നിത പ്രോമി, സിനി വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
◾ ഇന്ത്യന്‍ സൈന്യവുമായി 2700 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഈ കരാര്‍ പ്രകാരം 1,986 മഹീന്ദ്ര സ്‌കോര്‍പിയോ പിക്കപ്പ് ട്രക്കുകള്‍ സൈന്യത്തിന് നല്‍കും. മഹീന്ദ്ര ഇതുവരെ 4,000-ത്തിലധികം സ്‌കോര്‍പിയോകള്‍, സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ-എന്‍, ബൊലേറോ 4ഡബ്ളിയുഡി എന്നിവ ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിട്ടുണ്ട്. ഈ പുതിയ കരാറിനുശേഷം, 7,000-ത്തിലധികം മഹീന്ദ്ര സ്‌കോര്‍പിയോ എസ്യുവികള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകും. മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ പിക്ക്-അപ്പ് ശക്തമായ എഞ്ചിനും ശക്തമായ പ്രകടനത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇതിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു - 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍. ട്രാന്‍സ്മിഷനായി, 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും, അതേസമയം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷണലായി ലഭ്യമാകും. എല്ലാത്തരം റോഡുകളിലും മികച്ച ബാലന്‍സും പ്രകടനവും ഉറപ്പാക്കുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടെറൈന്‍ മോഡുകള്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ ഇതിലുണ്ട്.
◾ ജോര്‍ജ് പുല്ലാട്ടിന്റെ 29 ഓര്‍മ്മക്കുറിപ്പുകളുടെ ഈ സമാഹാരം നമ്മെ പിടിച്ചിരുത്തി താളുകള്‍ മറിപ്പിക്കുന്ന വായനാനുഭവമാണ് ഒഴുക്കും ഒതുക്കവുമുള്ള ഭാഷയില്‍ അദ്ദേഹം അവതരി വിക്കുന്ന ഈ ജീവിതസ്മരണകള്‍ ഫലത്തില്‍ ഒന്നാംതരം ചെറുകഥകളാണ്. കഥാകഥനത്തിന്റെ ആഖ്യാനചാതുര്യവും ശില്പഭംഗിയും ഓരോ കുറിപ്പിലും നിറഞ്ഞുനില്‍ക്കുന്നു. നിരീക്ഷണ പാടവത്തോടെയും നര്‍മ്മബോധത്തോടെയും സഹാനുഭൂതിയോടെയും ജോര്‍ജ് അണിനിരത്തുന്ന വ്യക്തികളും അനുഭവങ്ങളും ഓര്‍മ്മ യില്‍നിന്ന് എളുപ്പത്തില്‍ മാഞ്ഞുപോകുന്ന യല്ല. അവ ഒന്നുചേര്‍ന്നു മലയാളത്തിന് സമ്മാനിക്കുന്നത് ആത്മകഥാരചനയ്ക്ക് അതീവ ആസ്വാദ്യമായ മറ്റൊരു മുഖച്ഛായയാണ്. 'കത്തിയുമായി ഒരു റഷ്യന്‍ സുന്ദരി'. ഡിസി ബുക്സ്. വില 247 രൂപ.
◾ വിറ്റാമിന്‍ ഡി ശരീരത്തില്‍ അമിതമാകുന്നതിനെ തുടര്‍ന്ന് കാത്സ്യം അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍കാല്‍സെമിയ. വിറ്റാമിന്‍ ഡി ടോക്സിസിറ്റി എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിന്‍-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്റുകളുടെ അമിത ഉപഭോ?ഗമാണ് പലപ്പോഴും വിറ്റാമിന്‍ ഡി ടോക്സിസിറ്റിക്ക് കാരണമാകുന്നത്. അതിനാല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദേശം നിര്‍ബന്ധമായും തേടണം. ശരീരത്തില്‍ കാത്സ്യം ആഗിരണം ചെയ്യുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കൂടുന്നതോടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം അടിഞ്ഞുകൂടുന്നു. ഇത് ഓക്കാനം, ഛര്‍ദ്ദി, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. തുടര്‍ന്ന് ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍, വൃക്കകള്‍ തുടങ്ങിയ മൃദുവായ ടിഷ്യൂകളില്‍ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും. ഇത് അവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പള്‍മണറി ഫൈബ്രോസിസ്, വൃക്കകളും തകരാറ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു. വിറ്റാമിന്‍ ഡി കൂടിയാല്‍ അത് ദഹന വ്യവസ്ഥയെയും സാരമായി ബാധിക്കും. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. പേശി വീക്കവും വേദനയും വിറ്റാമിന്‍ ഡി കൂടുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഉയര്‍ന്ന വൈറ്റമിന്‍ ഡി അളവ് ഫോസ്ഫറസിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നതിനും കാരണമാകും. ഇത് ശരീരത്തിലെ കാത്സ്യം ഫോസ്ഫറസും തമ്മിലുള്ള സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും എല്ലുകളെ ദുര്‍ബലപ്പെടുത്തുന്ന ഹൈപ്പര്‍ഫോസ്ഫേറ്റീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.